Apps & Gadgets

പോസ്റ്റുകള്‍ ഇനി സമയക്രമത്തില്‍; പരിഷ്‌കാരവുമായി ഇന്‍സ്റ്റഗ്രാം

പോസ്റ്റുകള്‍ ഇനി സമയക്രമത്തില്‍; പരിഷ്‌കാരവുമായി ഇന്‍സ്റ്റഗ്രാം
X

സാന്‍ഫ്രാന്‍സിസ്‌കോ: മെറ്റയുടെ ഉടമസ്ഥതയിലുളള ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇനി സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണാം. ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ അവര്‍ പങ്കുവയ്ക്കുന്ന സമയത്തിനനുസരിച്ച് ക്രമീകരിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. അതായത്, പുതിയ പോസ്റ്റുകള്‍ ആദ്യം കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഫീഡില്‍ ഹോം, ഫേവറൈറ്റ്‌സ്, ഫോളോയിങ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുണ്ടാവും.

നിലവിലുള്ള ഫീഡിനെ പോലെ തന്നെയാണ് ഹോം ഫീഡ്. ഇതില്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തുള്ള പോസ്റ്റുകളാണ് കാണിക്കുക. ഏറ്റവും ഇഷ്ടപ്പെടുകയും പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുമായ സുഹൃത്തുക്കളുടെ പോസ്റ്റുകളാണ് ഫേവറൈറ്റ്‌സില്‍ കാണിക്കുക. ഫോളോയിങ് ഫീഡില്‍ നിങ്ങള്‍ ഫോളോ ചെയ്തിട്ടുള്ള അക്കൗണ്ടുകളില്‍നിന്നുള്ള പോസ്റ്റുകളെല്ലാം സമയക്രമത്തില്‍ കാണിക്കും. പരീക്ഷണാടിസ്ഥാനങ്ങളില്‍ ചില അക്കൗണ്ടുകളില്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ ഫീച്ചര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍. ഫോട്ടോ ഷെയറിങ്ങില്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ വീഡിയോ ഉള്ളടക്കങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെയും മറ്റും ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്ന മോണട്ടൈസേഷന്‍ ടൂളുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇന്‍സ്റ്റാഗ്രാം അടുത്ത മാസങ്ങളിലാണ് വീഡിയോകള്‍ കൈകാര്യം ചെയ്യുന്ന വിധത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. 2022ല്‍ സന്ദേശമയയ്ക്കലിലും സുതാര്യതയിലുമായിരിക്കും ഇന്‍സ്റ്റാഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മൊസേരി പറഞ്ഞു.

Next Story

RELATED STORIES

Share it