Apps & Gadgets

പബ്ജിക്ക് പിന്നാലെ 'ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയ്ക്കും' നിരോധന ഭീഷണി

ഇന്ത്യ പബ്ജി നിരോധിച്ചെങ്കിലും അന്ന് തന്നെ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഗെയിമിനെ രൂപകല്‍പന ചെയ്ത് മടങ്ങിവരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഗെയിം നിര്‍മാതാക്കളായ ക്രാഫ്‌റ്റോണ്‍ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിം അനൗണ്‍ണ്‍സ് ചെയ്തു.

പബ്ജിക്ക് പിന്നാലെ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയ്ക്കും നിരോധന ഭീഷണി
X

ന്യൂഡല്‍ഹി: വിവരസുരക്ഷയെ സംബന്ധിച്ച് ആശങ്കകളുയര്‍ന്ന സാഹചര്യത്തില്‍ പബ്ജി ഗെയിമിങ് ആപ്പിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ പ്രധാനിയായിരുന്നു പ്രശസ്ത ഗെയിമായ പബ്ജി മൊബൈല്‍. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന് ഗെയിമില്‍ വലിയ നിക്ഷേപമുളളതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, ഇന്ത്യയില്‍ വലിയ ജനപ്രീതിയുളള ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയതില്‍ അന്ന് ഗെയിം നിര്‍മാതാക്കള്‍ക്ക് വലിയ ആശങ്കയുണ്ടായി.

ഇന്ത്യ പബ്ജി നിരോധിച്ചെങ്കിലും അന്ന് തന്നെ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഗെയിമിനെ രൂപകല്‍പന ചെയ്ത് മടങ്ങിവരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഗെയിം നിര്‍മാതാക്കളായ ക്രാഫ്‌റ്റോണ്‍ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിം അനൗണ്‍ണ്‍സ് ചെയ്തു. പ്രീ ബുക്കിങ് അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ വമ്പന്‍ സ്വീകരണമാണ് ഇന്ത്യയില്‍ ഈ പുതിയ ഗെയിമിന് ലഭിച്ചത്. നിര്‍മാതാക്കളുടെ കണക്കുകള്‍ പ്രകാരം ഗെയിം അനൗണ്‍സ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ഏകദേശം അഞ്ച് മില്യണ്‍ പ്രീബുക്കിങ് അപേക്ഷകള്‍ അവര്‍ക്ക് ലഭിച്ചിരുന്നു.

നിലവില്‍ ബീറ്റ വേര്‍ഷനില്‍ കുറച്ചുപേര്‍ക്കായി മാത്രം അവതരിപ്പിച്ച ഗെയിം വൈകാതെ പ്ലേ സ്റ്റോറിലൂടെ എല്ലാവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. പേര് മാറ്റിയെങ്കിലും സവിശേഷതകള്‍ പരിശോധിച്ചാല്‍ പഴയ പബ്ജി മൊബൈല്‍ തന്നെയാണ് ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്ന ഗെയിം. എന്നാല്‍, ഇന്ത്യയിലുള്ളവര്‍ക്ക് മാത്രം കളിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രാഫ്റ്റണ്‍ 'ബിജിഎംഐയെ' ഒരുക്കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ സുരക്ഷാ മാനദണ്ഡം പാലിച്ച് അവര്‍ പുറത്തിറക്കിയ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പിലും വിവരങ്ങള്‍ സുരക്ഷിതമല്ലെന്നാണ് റിപോര്‍ട്ട്.

എന്നാല്‍, ഈ ഗെയിമും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമോ എന്ന പേടിയിലാണ് ഇന്ത്യയിലെ ഗെയിമിങ് സമൂഹം. പേരില്‍ മാത്രമേ ഗെയിം മാറിയിട്ടുള്ളൂ എന്നതുതന്നെ കാരണം. ഈ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദിന് കത്തെഴുതിയിരിക്കുകയാണ്. ഈ ഗെയിം ഇന്ത്യയുടെ ദേശീയ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് തെളിയിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത് യുവതലമുറയ്ക്ക് ദോഷകരമാണ്. 'ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഇന്ത്യയില്‍ റീലോഞ്ച് ചെയ്യുന്ന പബ്ജി മൊബൈല്‍ നിരോധിക്കണം' എന്നാണ് അവര്‍ കത്തില്‍ പറയുന്നത്.

നിരോധനം ആവശ്യപ്പെടുന്നതിനൊപ്പം ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഡെവലപ്പര്‍ കമ്പനിയായ ക്രാഫ്റ്റണിനെ ഗെയിമിനായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് വിലക്കണമെന്നും സിഐഐടി ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാറ്റില്‍ഗ്രൗ ണ്ട് മൊബൈല്‍ ഇന്ത്യയ്ക്ക് പബ്ജി പോലുള്ള സവിശേഷതകളുണ്ടെന്നും ഇത് ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നുമാണ് വാദം. ഗെയിമിന് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്താനാവും. ആഴ്ചകള്‍ക്ക് മുമ്പേ അരുണാചല്‍ പ്രദേശ് എംഎല്‍എ നിനോങ് എറിങ് ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യയും രാജ്യത്ത് നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഗെയിം ലോഞ്ച് ചെയ്ത് കുറച്ചുമണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ബാറ്റില്‍ഗ്രൗണ്ട് ഇന്ത്യ ഗെയിം കളിക്കുന്നവരുടെ വിവരങ്ങള്‍ ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നം നിര്‍മാതാക്കള്‍ വളരെ പെട്ടെന്ന് പരിഹരിച്ചെങ്കിലും തുടക്കത്തില്‍ തന്നെ ഗെയിമിനു മുകളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴാന്‍ ഇത് കാരണമായി. പബ്ജി ഗെയിമിന് ചൈനയുമായുണ്ടായിരുന്ന ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ ഗെയിം നിരോധിച്ചതെങ്കില്‍ അക്കാരണങ്ങള്‍ പുതിയ ഗെയിമിലും നിലനില്‍ക്കുന്നുണ്ട് എന്നത് ഈ സംഭവത്തിലൂടെ വ്യക്തമാവുന്നു.

Next Story

RELATED STORIES

Share it