Apps & Gadgets

വീട്ടുജോലികളില്‍ സഹായിക്കാന്‍ 'ആസ്‌ട്രോ' റോബോട്ടുമായി ആമസോണ്‍

ഒരു ഡിജിറ്റല്‍ സ്‌ക്രീനാണ് ആസ്‌ട്രോയുടെ മുഖം. ഇതില്‍ രണ്ട് കണ്ണുകള്‍ കാണാം. നിര്‍ദേശങ്ങള്‍ നല്‍കാനും ജോലികള്‍ ഏല്‍പിക്കാനുമെല്ലാം ഈ സ്‌ക്രീന്‍ ഉപയോഗിക്കാം. റോബോട്ടിന്റെ വലിപ്പം കുറവാണെങ്കിലും അതിനേക്കാള്‍ ഉയരമുള്ള വസ്തുക്കളെ നിരീക്ഷിക്കാനായി ഒരു പെരിസ്‌കോപ്പ് കാമറയും ഇതിനുണ്ട്.

വീട്ടുജോലികളില്‍ സഹായിക്കാന്‍ ആസ്‌ട്രോ റോബോട്ടുമായി ആമസോണ്‍
X

ന്യൂയോര്‍ക്ക്: ഉപയോക്താക്കളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കാന്‍ ഒരു കാവല്‍ക്കാരന്റെ റോള്‍ വഹിക്കാന്‍ കഴിയുന്ന റോബോട്ടുമായി ആമസോണ്‍ രംഗത്ത്. ഒരു ചെറിയ വളര്‍ത്തുനായയെ ഓര്‍മിപ്പിക്കുന്ന രൂപമുള്ള റോബോട്ടിന്റെ പേര് 'ആസ്‌ട്രോ' എന്നാണ്. ആമസോണ്‍ സര്‍വീസസ് ആന്റ് ഡിവൈസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവിഡ് ലിംപ് ആണ് പുതിയ റോബോട്ടിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയത്. 'ആസ്‌ട്രോ ജോയിന്‍ മീ ഓണ്‍ സ്‌റ്റേജ്' എന്ന് നിര്‍ദേശം നല്‍കിയതോടെ ആസ്‌ട്രോം ലിംപിനരികിലേക്ക് അനുസരണയോടെ നീങ്ങിവന്നു. അലെക്‌സയുടെ പിന്തുണയില്‍ സ്മാര്‍ട്ടായ വീടാണെങ്കിലും ഇപ്പോഴും തന്റെ വീട്ടിലെ ഉപകരണങ്ങള്‍ക്ക് ചെയ്യാനാവാത്ത പല കാര്യങ്ങളുണ്ടെന്നും അതിന് കാരണം അവയ്ക്ക് ചലിക്കാന്‍ കഴിയാത്തതാണെന്നും ലിംപ് പറഞ്ഞു.

അതിനൊരു മാറ്റമാണ് ഈ റോബോട്ട്. ദൂരെ നിന്ന് വീട്ടിലെ ഓരോ കാര്യങ്ങളും പരിശോധിക്കാന്‍ ഈ റോബോട്ട് നിങ്ങളെ സഹായിക്കും. ഒരു ഡിജിറ്റല്‍ സ്‌ക്രീനാണ് ആസ്‌ട്രോയുടെ മുഖം. ഇതില്‍ രണ്ട് കണ്ണുകള്‍ കാണാം. നിര്‍ദേശങ്ങള്‍ നല്‍കാനും ജോലികള്‍ ഏല്‍പിക്കാനുമെല്ലാം ഈ സ്‌ക്രീന്‍ ഉപയോഗിക്കാം. റോബോട്ടിന്റെ വലിപ്പം കുറവാണെങ്കിലും അതിനേക്കാള്‍ ഉയരമുള്ള വസ്തുക്കളെ നിരീക്ഷിക്കാനായി ഒരു പെരിസ്‌കോപ്പ് കാമറയും ഇതിനുണ്ട്. 17 ഇഞ്ച് നീളമുള്ള നീളമുള്ള റോബോട്ടിനെ ആമസോണ്‍ വെര്‍ച്വല്‍ ലോഞ്ചിനിടെ സേജില്‍ വിളിച്ച് പരിചയപ്പെടുത്തി. ആസ്‌ട്രോയുടെ ഡിജിറ്റല്‍ വട്ടക്കണ്ണുകള്‍ ജോലിചെയ്യുന്ന സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് മനുഷ്യനോട് കൂടുതല്‍ രൂപസാദൃശ്യം തോന്നിപ്പിക്കുന്നു.

നിങ്ങളെ കേള്‍ക്കാനും അനുസരിക്കാനും കഴിയുന്ന റോബോട്ടിന് പക്ഷേ ഭക്ഷണം പാകം ചെയ്യാനോ വൃത്തിയാക്കാനോ കഴിയില്ല. എങ്കിലും നിങ്ങള്‍ സ്റ്റൗ ഓണാക്കി പുറത്തുപോയാല്‍ മുന്നറിയിപ്പ് നല്‍കാന്‍ കഴിയും. അപരിചിതര്‍ വീട്ടിലെത്തിയാല്‍ തിരിച്ചറിയാനുമാവും. ഡിജിറ്റല്‍ കണ്ണുകളുള്ള ആസ്‌ട്രോ ചെറുചക്രങ്ങളില്‍ ഓടിനടന്നാണ് ജോലികളെല്ലാം ചെയ്യുക. കാമറകളും സെന്‍സറുകളും ആര്‍ട്ടിഫിഷ്യല്‍ ടെക്‌നോളജിയും ഉപയോഗിച്ചാണ് ഈ റോബോട്ട് മുന്നിലുള്ള പ്രതിബന്ധങ്ങളെ തിരിച്ചറിയുക. അടുക്കളയിലെ ഗ്യാസ് സ്റ്റൗവ് ഓഫ് ചെയ്തിട്ടുണ്ടോ, ടിവി ഓണ്‍ ആണോ, സ്വിച്ച് ഓഫ് ആണോ തുടങ്ങി വീട്ടിലെ ഉയരത്തിലുള്ള വസ്തുക്കള്‍ കാണാനും വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ നിരീക്ഷിക്കാനും മറ്റും പെരിസ്‌കോപ് കാമറ പ്രയോജനപ്പെടുത്താം.

താക്കോലോ, പഴ്‌സോ മറന്നുപോയാല്‍ അത് വീട്ടില്‍തന്നെ ഉണ്ടോ എന്ന് പരിശോധിക്കാനും റോബോട്ട് സഹായിക്കും. ഒരു സ്മാര്‍ട്ട് ഡിസ്‌പ്ലേയുടെ പ്രയോജനങ്ങളെല്ലാം ഈ റോബോട്ടില്‍ ലഭിക്കും. ഉദാഹരണത്തിന് ഒരു ടിവി സീരിയല്‍ കാണുകയാണെന്നിരിക്കട്ടെ. വീടിനുള്ളില്‍ നമ്മള്‍ നടക്കുന്നയിടത്തേക്കെല്ലാം ഇത് നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. അതായത് നടന്നുകൊണ്ട് സീരിയല്‍ ആസ്വദിക്കാനാവും. 999.99 ഡോളറാണ് ഇതിന്റെ വില. ഇത് ഏകദേശം 74,127 രൂപയോളം വരും. കൂടാതെ, വീട്ടിലെ വായുസഞ്ചാരം, എസി, ചൂട് എന്നിവ ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഉപയോഗിക്കുന്ന ഒരു സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റ്, എക്കോ ഷോ 15 സ്മാര്‍ട്ട് ഡിസ്‌പ്ലേ, ഹാലോ വ്യൂ എന്ന ഹെല്‍ത്ത് ട്രാക്കിങ് ബാന്‍ഡ് എന്നിവയും ആമസോണ്‍ പുറത്തിറക്കിയിട്ടുണ്ട്. എക്കോ ഷോ 15 ഒരു ചുമരില്‍ ഘടിപ്പിക്കാനാവും.

ആമസോണ്‍ എല്ലാ വര്‍ഷവും വോയ്‌സ് നിയന്ത്രണമുള്ള സണ്‍ഗ്ലാസുകളും ഇന്‍ഹോം ഡ്രോണും ഉള്‍പ്പെടെ നിരവധി പുതിയ ഗാഡ്‌ജെറ്റുകള്‍ പുറത്തിറക്കാറുണ്ട്. അവ വലിയ വില്‍പ്പനയാക്കി മാറ്റിയിട്ടില്ല. ആമസോണിന്റെ മൊത്തത്തിലുള്ള വില്‍പ്പനയുടെ ഒരുഭാഗമാണ് ഈ ഉപകരണങ്ങളും.

Next Story

RELATED STORIES

Share it