Sub Lead

മാട്ടൂലില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കുപ്രചാരണവുമായി എം വി ജയരാജന്‍; പ്രതിഷേധവുമായി നാട്ടുകാര്‍

മാട്ടൂലില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കുപ്രചാരണവുമായി എം വി ജയരാജന്‍; പ്രതിഷേധവുമായി നാട്ടുകാര്‍
X

കണ്ണൂര്‍: പഴയങ്ങാടി മാട്ടൂലില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കുപ്രചാരണം അഴിച്ചുവിട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മാട്ടൂല്‍ സൗത്തിലെ കടപ്പുറത്ത് കഴിഞ്ഞ ദിവസമാണ് വാക്കുതര്‍ക്കത്തിനിടെ മാട്ടൂല്‍ സൗത്ത് ബദര്‍ പള്ളിക്ക് സമീപം താമസിക്കുന്ന കെ ഹിഷാം അഹമ്മദ് (31) കുത്തേറ്റ് മരിക്കുന്നത്. ഇതിലാണ് രാഷ്ട്രീയം കുത്തിത്തിരുകി നേട്ടമുണ്ടാക്കാന്‍ എം വി ജയരാജന്‍ ശ്രമിക്കുന്നത്. ഹിഷാമിനെ കൊലപ്പെടുത്തിയത് എസ് ഡിപിഐ ആണെന്നാണ് ജയരാജന്റെ നുണപ്രചാരണം. പോലിസോ മാധ്യമങ്ങളോ നാട്ടുകാരോ കുടുംബക്കാരോ പോലും ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല.

കൊല നടത്തിയത് പ്രണയത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം കാരണമെന്നാണ് പോലിസ് വിശദീകരിക്കുന്നത്. എന്നാല്‍, ഹിഷാമിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് കൊലയ്ക്ക് പിന്നില്‍ എസ് ഡിപിഐ ആണെന്ന് ജയരാജന്‍ പറയുന്നത്. 'മാട്ടൂലില്‍ എസ് ഡിപിഐ കൊലപ്പെടുത്തിയ ഷിഹാമിന്റെ വീടും അക്രമത്തില്‍ പരിക്ക് പറ്റിയ ഷക്കീബിന്റെ വീടും സന്ദര്‍ശിച്ചു' എന്നാണ് ഫേസ്ബുക്കിലെ കുറിപ്പ്.

കൊല്ലപ്പെട്ട ഹിഷാമിന്റെ പേര് പോലും തെറ്റായി ഷിഹാം എന്നാണ് നല്‍കിയിരിക്കുന്നത്. ജയരാജന്റെ കുപ്രചാരണത്തിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് എസ് ഡിപിഐ നേതൃത്വം. രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമിട്ടുള്ള ജയരാജന്റെയും സിപിഎമ്മിന്റെയും കുപ്രചാരണത്തിനെതിരേ നാട്ടുകാരില്‍ ശക്തമായ പ്രതിഷേധമുയരുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ ജയരാജനെതിരേ നാട്ടുകാരുരുടേതടക്കം പൊങ്കാലയാണ്. 'വര്‍ഗീയത തലയ്ക്കുപിടിച്ച കമ്മ്യൂണിസ്റ്റ് അല്ലേ താനൊക്കെ ?, കൊല്ലപ്പെട്ടവന്റെ വീട്ടില്‍ ഒരു നേതാവ് വന്നപ്പോള്‍ കുടുംബവും, നാട്ടുകാരും കരുതി അനുശോചനം അറിയിക്കാനാണെന്ന്. എന്നാല്‍, കണ്ണൂരില്‍ ചോരകുടിച്ച് മതിവരാത്ത കഴുകനായ ഇവന്റെയൊക്കെ ഉള്ളിലുള്ളത്.

കൃത്യമായ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച് മാട്ടൂലില്‍, ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള വര്‍ഗീയത മാത്രം' എന്നാണ് ഒരാളുടെ കമന്റ്. നാട്ടുകാരായ സിപിഎം പ്രവര്‍ത്തകരും ജയരാജന്റെ ആരോപണം തള്ളി സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുണ്ട്. സിപിഎമ്മിലെ സുരേന്ദ്രനാവാനാണോ ജയരാജന്‍ ശ്രമിക്കുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. നുണകള്‍ പ്രചരിപ്പിക്കാന്‍ സംഘികളും സഖാക്കന്‍മാരും പണ്ടേ മിടുക്കന്‍മാരാണെന്നും കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് മാട്ടൂല്‍ സൗത്ത് കടപ്പുറത്ത് വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് ഹിഷാം കൊല്ലപ്പെടുന്നത്. ഹിഷാമിന്റെ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ വാക്കേറ്റത്തെത്തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഹിഷാമിനെ ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി ഫിഷര്‍മെന്‍ കോളനിയിലെ സാജിദ് (29) ചികില്‍സയിലാണ്. സാജിദിന്റെ അടുത്ത ബന്ധുവായ പെണ്‍കുട്ടിയുമായി ഹിഷാമിന്റെ സഹോദരന്‍ ഇര്‍ഫാന്‍ പ്രണയത്തിലാണ്. ഇവര്‍ തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റിങ് വീട്ടുകാര്‍ കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് സാജിദിന്റെ നേതൃത്വത്തില്‍ ഇര്‍ഫാനെ മര്‍ദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ഹിഷാം കുത്തേറ്റ് മരിക്കുന്നത്. രണ്ടാം പ്രതി റംഷീദി (28)നെയും പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it