Sub Lead

''നിങ്ങള്‍ അവിഹിത ബന്ധത്തിലായിരുന്നില്ലേ?''സുഹൃത്തിനെതിരേ പീഡനക്കേസ് നല്‍കിയ യുവതിയോട് സുപ്രിംകോടതി

നിങ്ങള്‍ അവിഹിത ബന്ധത്തിലായിരുന്നില്ലേ?സുഹൃത്തിനെതിരേ പീഡനക്കേസ് നല്‍കിയ യുവതിയോട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ ആരോപണവിധേയന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന 'അതിജീവിതയുടെ' ഹരജി സുപ്രിംകോടതി തള്ളി. ഭര്‍ത്താവുള്ള സമയത്ത് മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിക്കെതിരേ നിയമനടപടി സ്വീകരിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

തനിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും അതിനാല്‍ ആരോപണവിധേയന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി വിവാഹേതര ബന്ധമാണ് കൊണ്ടുനടന്നിരുന്നതെന്ന് കോടതി ഇതിന് മറുപടി നല്‍കി. പ്രതി യുവതിയെ നിരവധി തവണ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും അഭിഭാഷകന്‍ വാദിച്ചു. ഇതിനും കോടതി മറുപടി നല്‍കി. '' എന്തുകൊണ്ടാണ് അയാളുടെ അഭ്യര്‍ത്ഥന പ്രകാരം നിങ്ങള്‍ നിരവധി തവണ ഹോട്ടലുകളില്‍ പോയത്. വിവാഹ ബന്ധത്തിലിരിക്കെ ഭര്‍ത്താവല്ലാത്ത ആളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.''-സുപ്രിംകോടതി ചോദിച്ചു.

2016ലാണ് യുവതിയും യുവാവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്. അന്നു മുതല്‍ അവര്‍ ബന്ധത്തിലായിരുന്നു. പിന്നീട് യുവതി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി. കുടുംബത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. അതാണ് വിവാഹമോചനത്തിന് കാരണമായത്. അതിന് ശേഷം തന്നെ വിവാഹം ചെയ്യാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. പക്ഷേ, യുവാവ് നിരസിച്ചു. അതിന് പിന്നാലെയാണ് പരാതിയുമായി പോലിസിനെ സമീപിച്ചത്. പക്ഷേ, പറ്റ്‌ന ഹൈക്കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം നല്‍കി. അതിനെയാണ് യുവതി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്.

Next Story

RELATED STORIES

Share it