Sub Lead

നെഗെവ് മുതല്‍ ഹൈഫ വരെ ചീറിപ്പാഞ്ഞ് യെമനി മിസൈലുകള്‍

നെഗെവ് മുതല്‍ ഹൈഫ വരെ ചീറിപ്പാഞ്ഞ് യെമനി മിസൈലുകള്‍
X

തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലികളുടെ തലയ്ക്ക് മുകളിലൂടെ ചീറിപ്പാഞ്ഞ് യെമനി മിസൈലുകള്‍. സെപ്റ്റംബറില്‍ മാത്രം 22 ഡ്രോണുകളും ഏഴു മിസൈലുകളും ഉപയോഗിച്ചാണ് യെമനിലെ അന്‍സാറുല്ല ഇസ്രായേലിന് നേരെ ആക്രമണം നടത്തിയത്. അവയെല്ലാം കൃത്യതയോടെ ഇസ്രായേലിന്റെ ഉള്‍പ്രദേശങ്ങളിലെ വിവിധ ലക്ഷ്യങ്ങളില്‍ പതിക്കുകയും ചെയ്തു. യുഎസ്-ഇസ്രായേലി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച പലതരം വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് അവ ഭയവും നാശവും വിതച്ചത്.

ക്ലസ്റ്റര്‍ ബോംബുകള്‍ അടങ്ങിയ രണ്ടു മിസൈലുകള്‍ യഫയിലും ജെറുസലേമിലും സ്‌ഫോടനമുണ്ടാക്കിയെന്ന് അന്‍സാറുല്ലയുടെ കണക്കുകള്‍ പറയുന്നു. ഫലസ്തീന്‍-2 എന്ന പേരിലുള്ള ഹൈപ്പര്‍സോണിക് മിസൈലുകളില്‍ ഒന്ന് നെഗേവിലെ സൈനിക കേന്ദ്രത്തിലും മറ്റൊന്ന് പടിഞ്ഞാറന്‍ ജെറുസലേമിലും പതിച്ചു. അതേസമയം, രണ്ട് ദുള്‍ഫിക്കര്‍ മിസൈലുകള്‍ യഫയില്‍ എത്തി. ഉം റ്ഷറാഷ്, റാമണ്‍ വിമാനത്താവളം, നെഗെവിലെ സൈനികതാവളം, തെല്‍അവീവിലെ ജനറല്‍ സ്റ്റാഫ് ബില്‍ഡിങ്, ബെന്‍ഗുരിയോണ്‍ വിമാനത്താവളം, ഹദേര വൈദ്യുത നിലയം, അസ്‌കലാന്‍, അസ്‌ദോദ്, ദിമോന, ഹൈഫ എന്നീ പ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. സമദ്-4 ഡ്രോണ്‍ ഉപയോഗിച്ചാണ് യഫയെ ആക്രമിച്ചത്.

ഓരോ ആക്രമണവും, വിദേശത്തു നിന്നും എത്തി ഫലസ്തീനില്‍ കുടിയേറി ഇസ്രായേല്‍ രാജ്യമുണ്ടാക്കിയ ജൂതന്‍മാരെ ബങ്കറുകളിലാക്കി. അവരുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും പൂട്ടിച്ചു. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ കൃത്യത, ആക്രമിക്കുന്ന സമയം, വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കല്‍ എന്നിവയാണ് യെമനി ആക്രമണങ്ങളുടെ പ്രത്യേകതയെന്ന് സയണിസ്റ്റ് ബിസിനസ് മാധ്യമമായ ഗ്ലോബ്‌സ് സമ്മതിച്ചു. യെമന്റെ സൈനികനടപടി അടവുപരമായ ശല്യമല്ല, മറിച്ച് തന്ത്രപരമായ ആക്രമണമാണെന്ന് ഹീബ്രു മാധ്യമമായ മാരീവും സമ്മതിച്ചു.

യെമന്‍ അകലെയാണ് എന്നതല്ല, അവരുടെ ആക്രമണത്തിന്റെ ഫലമാണ് നോക്കേണ്ടതെന്ന് സയണിസ്റ്റുകളുടെ ജനറല്‍മാരും സാമ്പത്തിക വിശകലന വിദഗ്ദരും അഭിപ്രായപ്പെട്ടു. ഇസ്രായേലിന്റെ എല്ലാ വശത്തുനിന്നും യെമന്റെ ഡ്രോണുകളും മിസൈലുകളും എത്തുന്നതായി ഒരു ഇസ്രായേലി സൈനിക ബ്രിഗേഡിയര്‍ പറഞ്ഞു. അതായത്, 360 ഡിഗ്രി ആക്രമണമാണ് യെമനില്‍ നിന്നുണ്ടാവുന്നത്. യെമന്റെ വളര്‍ന്നുവരുന്ന സൈനിക കഴിവുകള്‍ തന്ത്രപരമായ ഭീഷണിയാണെന്ന് ഇസ്രായേലി വ്യോമ പ്രതിരോധ ഡയറക്ടറേറ്റിന്റെ തലവനായ ബ്രിഗേഡിയര്‍ ജനറല്‍ സ്വിക ഹൈമോവിച്ച് ഇസ്രായേലി ഹായോം പത്രത്തോട് പറഞ്ഞു. അന്‍സാറുല്ല ഡ്രോണുകളും മിസൈലുകളും സ്വന്തമായി നിര്‍മിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

ഇസ്രായേല്‍ ഇപ്പോള്‍ ഒരു 360-ഡിഗ്രി ഭീഷണി നേരിടുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തെക്ക് നിന്ന് മാത്രമല്ല, കിഴക്ക്, പടിഞ്ഞാറ് ഭാഗത്തുനിന്നും ആക്രമണ സാധ്യതയുണ്ട്. വിമാനത്താവളത്തിലോ തന്ത്രപ്രധാന കേന്ദ്രങ്ങളിലോ അവര്‍ ആക്രമണം നടത്തിയാല്‍ അത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാവും. യെമനില്‍ നിന്നുള്ള ഭീഷണിയെ ഇല്ലാതാക്കാനോ അതിന് കീഴില്‍ ജീവിക്കാനോ ഇസ്രായേലിന് കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

സൈനിക, നാവിക ആക്രമണങ്ങള്‍ക്ക് സമാന്തരമായി, ഇസ്രായേലില്‍ സാമ്പത്തിക പ്രതിസന്ധിയും രൂപപ്പെട്ടു. തെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടിഞ്ഞു, നിക്ഷേപകര്‍ പലായനം ചെയ്തു. ഒരുകാലത്ത് സുരക്ഷിത താവളമായി കണക്കാക്കപ്പെട്ടിരുന്ന റാമണ്‍ വിമാനത്താവളം ഡ്രോണുകളുടെ ആരവത്താല്‍ അടച്ചുപൂട്ടി.

യെമന്റെ ആക്രമണം ക്ഷണികമായ ഒന്നല്ല, മറിച്ച് സംഘര്‍ഷത്തിലെ തന്ത്രപരമായ വികാസമാണ്. ക്ഷമയില്‍ ഊന്നിയ പ്രവര്‍ത്തന പദ്ധതി, തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങള്‍, ഗസയ്ക്കുള്ള പിന്തുണ എന്നവയാണ് അതിന്റെ അടിത്തറ. ശത്രുവിനെ ആക്രമിക്കാന്‍ ഭൂമിശാസ്ത്രപരമായ അകലം തടസമല്ലെന്ന് അവര്‍ തെളിയിച്ചു. വിശ്വാസവും ഇഛാശക്തിയുമുണ്ടെങ്കില്‍ ഉപഗ്രഹ സംവിധാനങ്ങളും ആണവായുധങ്ങളുമുള്ള ശത്രുവിനെ പോലും ഉപരോധിക്കാന്‍ സാധിക്കുമെന്ന് ഈ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി സൈനികവിദഗ്ദര്‍ പറയുന്നു.

Next Story

RELATED STORIES

Share it