Big stories

യാക്കൂബ് വധം: അഞ്ചു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ആര്‍എസ്എസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമായ കീഴൂര്‍ മീത്തലെപുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍(48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ്(42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ്(38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍(48), കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി കാവ്യേഷ്(40) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

യാക്കൂബ് വധം: അഞ്ചു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
X

കണ്ണൂര്‍: ഇരിട്ടി കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബി(24)നെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. തലശ്ശേരി രണ്ടാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആര്‍എസ്എസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമായ കീഴൂര്‍ മീത്തലെപുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍(48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ്(42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ്(38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍(48), കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി കാവ്യേഷ്(40) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. രാവിലെ അഞ്ചുപേരെ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി പ്രതിപ്പട്ടികയിലുണ്ടായിരുന്ന, ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള 11 പേരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വെറുതെവിട്ടിരുന്നു. പന്നിയോടന്‍ ജയകൃഷ്ണന്‍, കുറ്റിയാടന്‍ ദിവാകരന്‍, എസ് ഡി സുരേഷ്, പി കെ പവിത്രന്‍ എന്ന ആശാരി പവിത്രന്‍, പുത്തന്‍വീട്ടില്‍ മാവില ഹരീന്ദ്രന്‍, കെ കെ പപ്പന്‍ എന്ന പത്മനാഭന്‍, എസ് ടി സജീഷ്, കൊഴുക്കുന്നേല്‍ സജീഷ്, വള്ളി കുഞ്ഞിരാമന്‍, കിഴക്കെ വീട്ടില്‍ ബാബു എന്ന തൂഫാന്‍ ബാബു എന്നിവരെയാണ് തെളിവില്ലാത്തതിനാല്‍ വിട്ടയച്ചത്.

2006 ജൂണ്‍ 13ന് രാത്രി 9.15നാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയത്. കേസില്‍ വല്‍സന്‍ തില്ലങ്കേരിക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയപുരയില്‍ ജമീലയുടെ വീട്ടുവരാന്തയില്‍ ഇരിക്കുന്ന സമയത്താണ് പ്രതികള്‍ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത്. ബോംബേറില്‍ തലയ്ക്ക് പരിക്കേറ്റ യാക്കൂബ് തലശ്ശേരി ജനറല്‍ ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. ഇരിട്ടി സിഐയായിരുന്ന പ്രിന്‍സ് അബ്രഹാമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു വേണ്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഹാജരായി.

Next Story

RELATED STORIES

Share it