Sub Lead

സിപിഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി

പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പീഡനത്തിനിരയായതായാണ് യുവതി പൊലിസിന് പരാതി നല്‍കിയത്.

സിപിഎം ഓഫിസില്‍ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി
X

ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിലെ സിപിഎം പാര്‍ട്ടി ഓഫിസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി. പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പീഡനത്തിനിരയായതായാണ് യുവതി പൊലിസിന് പരാതി നല്‍കിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിന്‍മേല്‍ മങ്കര പൊലിസ് അന്വേഷണം തുടങ്ങി.

മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പൊലിസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇരുവരും സ്വകാര്യ കോളജില്‍ പഠിക്കുമ്പോള്‍ കോളജ് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫിസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.

അന്ന് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതിയും കുടുംബവും. എന്നാല്‍, യുവതിയുടെ വീട്ടില്‍ പോയിരുന്നുവെന്നാണ് യുവാവിന്റെ മൊഴിയെന്നാണ് അറിയുന്നത്.

അതേ സമയം, ആരോപണം സിപിഎം നിഷേധിച്ചു. ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിരിക്കേ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

Next Story

RELATED STORIES

Share it