Sub Lead

പൗരത്വ പ്രക്ഷോഭം: യുപിയില്‍ സ്ത്രീകളെ പോലിസ് പിന്തുടര്‍ന്ന് തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

പോലിസുകാര്‍ റോഡരികിലെ ഭക്ഷണശാലയില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ചെയ്യുന്നുണ്ട്

പൗരത്വ പ്രക്ഷോഭം: യുപിയില്‍ സ്ത്രീകളെ പോലിസ് പിന്തുടര്‍ന്ന് തല്ലിച്ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്
X

ഇറ്റാവ: പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ച സ്ത്രീകളെ യുപി പോലിസ് പിന്തുടര്‍ന്ന് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ചയാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള പോലിസുകാര്‍ പ്രക്ഷോഭസ്ഥലത്തു നിന്ന് ഓടിക്കുകയും ഇടവഴിയിലും മറ്റും വച്ച് ലാത്തി കൊണ്ട് തല്ലിച്ചതക്കുകയും ചെയ്തത്. സംഭവത്തിന്റെ മൊബൈല്‍ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധം ഇല്ലാക്കാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് സ്ത്രീകളെ പച്ച്രാഹ ഏരിയയിലെ ഇടുങ്ങിയ പാതയോരങ്ങളിലൂടെ പിന്തുടര്‍ന്ന് വടി കൊണ്ട് അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യത്തില്‍, തങ്ങളെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പോലിസുകാരോട് സ്ത്രീകള്‍ ചോദിക്കുന്നതും കേള്‍ക്കുന്നുണ്ട്. ഏതസമയം, വനിതാ പ്രക്ഷോഭകരെ മര്‍ദ്ദിച്ചത് പുരുഷ പോലിസുകാരാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് വനിതാ പ്രതിഷേധക്കാരെ നേരിടുന്നതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ചില മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പ്രദേശത്ത് തടിച്ചുകൂടിയ പോലിസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നുണ്ട്. മറ്റൊരു വീഡിയോയില്‍, പോലിസുകാര്‍ റോഡരികിലെ ഭക്ഷണശാലയില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു പോലിസുകാരന്‍ റോഡരികിലെ കച്ചവടക്കാരനോട് കടയടയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ ഒരു മുതിര്‍ന്ന പോലിസുകാരന്‍ പ്രതിഷേധക്കാരെ അധിക്ഷേപിക്കുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രതിഷേധക്കാര്‍ തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതിനാലാണ് നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് പോലിസ് ഭാഷ്യം.

ചൊവ്വാഴ്ച ഉച്ചയോടെ പച്രാഹയിലാണ് പ്രതിഷേധം അരങ്ങേറിയത്. തുടക്കത്തില്‍ 150 ഓളം സ്ത്രീകള്‍ പങ്കുചേര്‍ന്നെങ്കിലും രാത്രിയോടെ ഇത് 500 ആയി ഉയര്‍ന്നതായി പ്രാദേശികവൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധ സ്ഥലത്ത് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാരെ നിരീക്ഷിക്കുകയാണെന്നും ഇറ്റാവ പോലിസ് ട്വിറ്ററില്‍ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെ(സിഎഎ)തിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാണ്.







Next Story

RELATED STORIES

Share it