Big stories

ബിജെപിയില്‍ ചേര്‍ന്നാല്‍ കേസ് ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു: സിസോദിയ

ബിജെപിയില്‍ ചേര്‍ന്നാല്‍ കേസ് ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു: സിസോദിയ
X

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. മദ്യനയത്തില്‍ അഴിമതിയാരോപിച്ച് തനിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളും ഇഡി ഇടപെടലും ബിജെപിയില്‍ ചേര്‍ന്നാല്‍ ഒഴിവാക്കി തരാമെന്ന് വ്യക്തമാക്കി സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ വെളിപ്പെടുത്തി. എന്നാല്‍ തന്നെ പാട്ടിലാക്കാന്‍ നോക്കുന്ന ബിജെപിയിലേക്ക് തല പോയാലും താന്‍ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ കേസുകള്‍ വ്യാജമാണ്. കഴിയുന്നതെല്ലാം ചെയ്‌തോളൂ. പക്ഷേ കേസുകളെടുത്ത് വിരട്ടാന്‍ നോക്കരുത്. അത് പ്രായോഗികമല്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകുമെന്നും ഡല്‍ഹി മോഡല്‍ ഗുജറാത്തിലും നടപ്പാക്കുമെന്നും സിസോദിയ അറിയിച്ചു. ആംആദ്മിപാര്‍ട്ടി ഗുജറാത്തിന്റെ മുഖം മാറ്റുമെന്നും സിസോദിയ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

സിസോദിയക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. വിലക്കയറ്റത്തിലും, തൊഴിലില്ലായ്മയിലും രാജ്യം വലയുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം വൃത്തികെട്ട രാഷ്ടീയം കളിക്കുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഭാവി രാഷ്ട്രീയ നീക്കം വ്യക്തമാക്കി കെജ്രിവാളും സിസോദിയയും 2 ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലേക്ക് പുറപ്പെട്ടു.

അതേ സമയം, മദ്യനയത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണവും സിബിഐ പരിശോധിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാര്‍ച്ചില്‍ 1000 ലോഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതിലാണ് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടില്‍ അഴിമതി ഉണ്ടെന്നാരോപിച്ച് മുന്‍ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയതിന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ സിബിഐ നടപടി.

Next Story

RELATED STORIES

Share it