Sub Lead

ജാമ്യം നിഷേധിക്കപ്പെട്ട് 115 ദിവസം; സഞ്ജീവ് ഭട്ടിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഭാര്യയുടെ അപേക്ഷ

ജാമ്യം നിഷേധിക്കപ്പെട്ട് 115 ദിവസം; സഞ്ജീവ് ഭട്ടിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഭാര്യയുടെ അപേക്ഷ
X

ന്യൂഡല്‍ഹി: 'കോടതി വ്യവഹാരങ്ങളുടെ അപമാനകരമായ കാലവിളംബം കാരണം സെപ്റ്റംബര്‍ മാസം മുതല്‍ സഞ്ജീവ് ഭട്ട് അനാവശ്യമായ ശിക്ഷ അനുഭവിക്കുകയാണ്. ജാമ്യാപേക്ഷ കേള്‍ക്കുക എന്ന് വളരെ ലളിതമായ പ്രക്രിയ പോലും കഴിഞ്ഞ മൂന്നര മാസമായി ചില രാഷ്ട്രീയ വ്യക്തിത്വങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി അനിശ്ചിതമായി നീട്ടിവെക്കപ്പെടുകയാണ്'. ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ ശ്വേത ഭട്ടിന്റെ വാക്കുകളാണിത്. മോദി ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ 22 വര്‍ഷം പഴക്കമുള്ള കേസില്‍ ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫിസറായ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിട്ട് 115 ദിവസം പിന്നിട്ടിരിക്കുന്നു.

സഞ്ജീവ് ഭട്ടിനെ ജാമ്യത്തിലിറക്കാനുള്ള ഭാര്യ ശ്വേത സഞ്ജിവ് ഭട്ടിന്റെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും ഫലപ്രാപ്തിയിലെത്തുന്നില്ല. 'കൊലപാതകികള്‍ പോലും കുറ്റവിമുക്തരാക്കപ്പെട്ടുമ്പോള്‍ നിരപരാധിയായ ഒരു മനുഷ്യന് ജാമ്യം നിഷേധിക്കപ്പെടുന്നത് ന്യായം ആണോ'? ശ്വേത ഭട്ട് ചോദിക്കുന്നു. ജനുവരി ആദ്യവാരം കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ സഞ്ജീവ് ഭട്ടിന് വേണ്ടി പ്രാര്‍ത്ഥിക്കാനും സത്യവും നീതിയും ജയിക്കാന്‍ പ്രത്യാശിക്കാനും ഭാര്യ ശ്വേതാ ഭട്ട് അഭ്യര്‍ത്ഥിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്വേത ലോകത്തോട് അഭ്യര്‍ത്ഥന നടത്തിയത്.


ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ മോദിയുടെ ജനവിരുദ്ധ നയങ്ങളുടെ കടുത്ത വിമര്‍ശനകനായിരുന്നു സഞ്ജീവ് ഭട്ട് എന്ന ഐപിഎസുകാരന്‍. മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് നയങ്ങളെ തുറന്നു കാട്ടി. ഭരണകൂടത്തെ യന്ത്രമാക്കിയുള്ള ഹിന്ദുത്വ വല്‍കരണ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വിമര്‍ശനങ്ങളില്‍ മാത്രം ഒതുങ്ങാതെ ഹിന്ദുത്വ ഭീകരതക്കെതിരേ ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടങ്ങള്‍ക്കും സജ്ജീവ് ഭട്ട നേതൃത്വം നല്‍കി. ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരേ സുപ്രിംകോടതിയില്‍ അദ്ദേഹം സത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്ന് അകാരണമായി ജോലിക്ക് ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2015 ആഗസ്തില്‍ സഞ്ജീവ് ഭട്ടിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയും നഖശിഖാന്തം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ടിരുന്ന അദ്ദേഹം കേന്ദ്രത്തിന്റെ കണ്ണില്‍ ഒരു കരടായി വളര്‍ന്നു.

ഇതിന്റെ ഫലമായാണ് സഞ്ജീവ് ഭട്ട് അഴിക്കുള്ളിലാവുന്നത്. സെപ്തംബര്‍ 5നാണ് മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത്. 1998ല്‍ ബനസ്‌കാന്ത ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട് കൈകാര്യം ചെയ്ത ഒരു കേസില്‍ ഒരു വക്കീലിനെ കുടുക്കി എന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. 1.5 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ചതിന് രാജ്പുരോഹിത് എന്ന ഈ വക്കീല്‍ അറസ്റ്റിലായിരുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (NDPS) നിയമപ്രകാരമായിരുന്നു അറസ്റ്റ്. വക്കീലിനെ കുടുക്കാന്‍ വേണ്ടി വ്യാജമായി നിര്‍മിച്ചെടുത്തതാണ് ഈ കേസെന്ന പരാതിയില്‍ ചോദ്യം ചെയ്യലിനു വേണ്ടിയാണ് ഗുജറാത്ത് സിഐഡി സഞ്ജീവ് ഭട്ടിനെ സെപ്തംബര്‍ 5ന് കസ്റ്റഡിയിലെടുത്തത്. ഇന്നും നീതി തേടി സജ്ജീവ് ഭട്ട് അഴിക്കുള്ളില്‍ കഴിയുന്നു.

'കൊലപാതകികള്‍ പോലും കുറ്റവിമുക്തരാക്കപ്പെട്ടുമ്പോള്‍ നിരപരാധിയായ ഒരു മനുഷ്യന് രാഷ്ട്രീയ പകപോക്കലുകളുടെ പേരില്‍ നിഷേധിക്കപ്പെടുന്നത് ജാമ്യം എന്ന ന്യായമായ ആവശ്യമാണ്. ഇത്തരമൊരു കാലതാമസം നീതീകരിക്കാവുന്നതാണോ ?. ന്യായമാണോ? ശ്വേതാ ഭട്ട് ചോദിച്ചു.

'പുതുവര്‍ഷത്തില്‍ നീതിക്കായി പ്രതീക്ഷിക്കുകയും തിന്മയ്ക്കുമേല്‍ നന്മ നേടുന്ന വിജയത്തിന് കാത്തിരിക്കുകയും ചെയ്യാം. ജാമ്യാപേക്ഷ കേള്‍ക്കാനായി കോടതി നിശ്ചയിച്ചുറപ്പിച്ച ദിവസം 2019 ജനുവരി 8 ആണ്. സഞ്ജീവിന് വേണ്ടി എന്നോടൊപ്പം പ്രാര്‍ത്ഥിക്കാനും സത്യവും നീതിയും ജയിക്കാന്‍ പ്രത്യാശിക്കാനും നിങ്ങളോട് എല്ലാം അപേക്ഷിക്കുന്നു'. ശ്വേതാഭട്ട പറഞ്ഞു.




Next Story

RELATED STORIES

Share it