Sub Lead

പാക് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഷഹബാസ് ശരീഫ് ആരാണ്?

പ്രതിപക്ഷ സഖ്യത്തിന്റെ പൊതു നേതാവെന്ന നിലയില്‍ പാകിസ്താന്‍ മുസ്‌ലിലീഗ്- നവാസ് നേതാവ് മിയാ മുഹമ്മദ് ഷഹബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയാകാനാണ് സാധ്യത. നിലവില്‍ പാക് നാഷണല്‍ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം.

പാക് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഷഹബാസ് ശരീഫ് ആരാണ്?
X

ഇസ്‌ലാമാബാദ്: അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന പ്രഥമ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറിയതോടെ ചെറിയ ഒരിടവേളക്ക് ശേഷം പാക് രാഷ്ട്രീയം വീണ്ടും അനിശ്ചതത്വത്തിലാണ്. പ്രതിപക്ഷ സഖ്യത്തിന്റെ പൊതു നേതാവെന്ന നിലയില്‍ പാകിസ്താന്‍ മുസ്‌ലിലീഗ്- നവാസ് നേതാവ് മിയാ മുഹമ്മദ് ഷഹബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയാകാനാണ് സാധ്യത. നിലവില്‍ പാക് നാഷണല്‍ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം.

ഇംറാന്റെ മുന്‍ഗാമിയായ നവാസ് ഷെരീഫിന്റെ ഇളയ സഹോദരനായ ഷെഹ്ബാസ് ഷെരീഫാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് പാര്‍ട്ടിയെ നയിക്കുന്നത്. മറ്റൊരു മുന്‍ പ്രധാനമന്ത്രിയുടെ മകനും രണ്ടാമത്തെ വലിയ പ്രതിപക്ഷ ഗ്രൂപ്പായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) തലവനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ഷെഹ്ബാസിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ആരാണ് ഷഹബാസ് ശരീഫ്

തന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന്റെ കരിഷ്മ ഷെഹബാസ് ശരീഫിന് അവകാശപ്പെടാനില്ലെങ്കിലും കഴിവുള്ള ഒരു ഭരണാധികാരിയെന്ന നിലയിലുള്ള പ്രശസ്തിയിലാണ്

ഷെഹബാസിന്റെ ശക്തി. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഷഹബാസ് രാഷ്ട്രീയത്തേക്കാളുപരി കുടുംബ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

1951 ല്‍ ലാഹോറില്‍ ജനിച്ച ശഹബാസ് മൂന്ന് തവണ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു.

കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാക്ക് ഗ്രൂപ്പ് എന്ന സ്റ്റീല്‍ ഫാക്ടറിയുടെ നടത്തിപ്പില്‍ മാത്രമായിരുന്നു യുവത്വത്തില്‍ ശഹബാസിന്റെ ശ്രദ്ധ.

നവാസ് ശരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം ഒളിപ്പിച്ചിരുന്നത് ഈ സ്ഥാപനത്തിലാണ് എന്നൊരു ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു.1988ലാണ് ബിസിനസ് ഉപേക്ഷിച്ച് ഷെഹ്ബാസ് രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങിയത്. അക്കൊല്ലം തന്നെ പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്കെത്തി.1990ല്‍ ആദ്യമായി നാഷണല്‍ അസംബ്ലിയിലും തന്റെ സാന്നിധ്യമുറപ്പിച്ചു.1993ല്‍ അസംബ്ലിയില്‍ പ്രതിപക്ഷ നേതാവായി മാറുകയും ചെയ്തു. 1997 ല്‍ അദ്ദേഹം ആദ്യമായി പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി.1999ല്‍ രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായപ്പോള്‍ ഷെഹ്ബാസ് കുടുംബ സമേതം സൗദിയിലേക്ക് ചേക്കേറി.

എട്ടുകൊല്ലത്തെ പ്രവാസ ജീവിതത്തിനു ശേഷം 2007 ല്‍ പാകിസ്താനിലേക്ക് മടങ്ങിയെത്തിയ ശഹബാസ് 2008 ലും പിന്നീട് 2013ലും പഞ്ചാബ് മുഖ്യമന്ത്രിയായി മാറി. പഞ്ചാബ് പ്രവിശ്യയുടെ ഭരണചുക്കാന്‍ ഏറ്റവും അധികംകാലം പിടിച്ച മുഖ്യമന്ത്രി ഷെഹ്ബാസ് ശരീഫ് ആണ്. എന്നാല്‍, പഞ്ചാബ് ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയും ഷെഹ്ബാസ് തന്നെയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

മുഖ്യമന്ത്രി ആയ അന്നുതൊട്ടേ ആരോപണങ്ങളുടെ നിഴലിലായിരുന്നു ഷഹബാസ്. 1998 ല്‍ ഭരണത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, അഞ്ചു മദ്രസ്സ വിദ്യാര്‍ത്ഥികളെ എന്‍കൗണ്ടറിലൂടെ വധിക്കാന്‍ പോലീസിനോട് ഉത്തരവിട്ടു എന്ന ആക്ഷേപം അദ്ദേഹത്തിന് നേരെ ഉയര്‍ന്നു വന്നു. ഈ ആരോപണം ശരീഫ് അന്നും ഇന്നും നിഷേധിക്കുന്നുണ്ട്. പനാമ പേപ്പേഴ്‌സ് ചോര്‍ന്ന സമയത്ത് അതിലും ഷഹബാസ് ഷെരീഫിന്റെ പേരുണ്ടായിരുന്നു. എട്ട് ഓഫ്‌ഷോര്‍ കമ്പനികള്‍ ഷെഹ്ബാസ് ശരീഫുമായി ബന്ധമുള്ളവയാണ് എന്നായിരുന്നു പനാമ പേപ്പേഴ്‌സ് സൂചിപ്പിച്ചത്.

2019ല്‍ പാകിസ്താനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ വെളിപ്പെടുത്തിയത് കോടികള്‍ വിലമതിക്കുന്ന 23 അനധികൃത സ്വത്തുക്കള്‍ ആണ് ഷഹ്ബാസ് ശരീഫിന്റെയും മകന്റെയും പേരില്‍ ഉള്ളത് എന്നാണ്. അന്ന് കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് എന്‍എബി ഷെഹബാസിനെ അറസ്റ്റു ചെയ്ത് ആറുമാസത്തോളം ലാഹോര്‍ ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടാണ് ഷെരീഫ് കുടുംബം കൈക്കൊണ്ടത്.

അങ്ങനെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഷഹബാസ് ശരീഫ് എന്നത് ഇന്ന് പാക് പ്രതിപക്ഷത്തിന്റെ പ്രധാന സ്വരങ്ങളില്‍ ഒന്നാണ്.

അതേസമയം, പാക് രാഷ്ട്രീയത്തില്‍ ഭിന്ന ധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന ബദ്ധവൈരികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാകിസ്താന്‍ മുസ്ലിം ലീഗും തമ്മിലുള്ള സഖ്യത്തിന് എത്ര നാള്‍ ആയുസ് ഉണ്ടാകുമെന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്. ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പോലും ഈ സഭയുടെ കാലാവധി കഴിയും വരെ അതിന് ആയുസുണ്ടാകുമെന്ന് അധിക പേരും കരുതുന്നില്ല.

Next Story

RELATED STORIES

Share it