Sub Lead

ഗസയില്‍ യുഎസ് സൈനികരെ വിന്യസിക്കില്ലെന്ന് വൈറ്റ്ഹൗസ്; കുടിയൊഴിപ്പിക്കല്‍ താല്‍ക്കാലികമെന്നും വാദം

ഗസയില്‍ യുഎസ് സൈനികരെ വിന്യസിക്കില്ലെന്ന് വൈറ്റ്ഹൗസ്; കുടിയൊഴിപ്പിക്കല്‍ താല്‍ക്കാലികമെന്നും വാദം
X

വാഷിങ്ടണ്‍: ഗസയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെ പിന്താങ്ങി യുഎസിലെ ഉന്നത ഉദ്യോഗസ്ഥര്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന ആശയം നല്ലതാണെന്നും എന്നാല്‍ സൈന്യത്തെ അയക്കില്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലൈന്‍ ലീവിറ്റ് പറഞ്ഞു. ഗസയിലെ ഫലസ്തീനികളെ സ്ഥിരമായി കുടിയൊഴിപ്പിക്കണമെന്നല്ല ട്രംപ് പറഞ്ഞത്. പുനര്‍നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ അവരെ മാറ്റിപാര്‍പ്പിക്കണമെന്നാണ് പ്രസിഡന്റ് ഉദ്ദേശിച്ചതെന്നും കരോലൈന്‍ വിശദീകരിച്ചു. ഇസ്രായേല്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മാറ്റി ഗസയെ പുനര്‍നിര്‍മിക്കുന്നതു വരെ ഫലസ്തീനികളെ താല്‍ക്കാലികമായി കുടിയൊഴിപ്പിക്കാനാണ് ഉദ്ദേശമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്ക് റൂബിയോയും പറഞ്ഞു.

ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന നിലപാടിന് എതിരെ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതേസമയം, ട്രംപിന്റെ നിലപാടിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാരും രംഗത്തെത്തി. 'അമേരിക്ക ആദ്യം' എന്നു പറഞ്ഞ് വോട്ടുപിടിച്ച ശേഷം ഇപ്പോള്‍ പണവും രക്തവും ചെലവാക്കി മറ്റൊരു അധിനിവേശത്തിന് പദ്ധതിയിടുകയാണോ എന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാണ്ട് പോള്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ ചോദിച്ചു.

ഗസ നിവാസികളെ ഒഴിപ്പിച്ച് അവിടെ റിസോര്‍ട്ട് തുടങ്ങണമെന്ന ആഗ്രഹം ട്രംപിന്റെ മരുമകന്‍ ജാരേദ് കുഷ്‌നര്‍ ഒരു വര്‍ഷം മുമ്പ് പ്രകടിപ്പിച്ചിരുന്നു. ഗസയെ പിടിച്ചെടുത്ത് യൂറോപ്പിലെ മൊണാക്കോ പോലെയാക്കണമെന്ന് ട്രംപും മുമ്പ് പറഞ്ഞിരുന്നു. ലോകത്തെ അതിസമ്പന്നരായ ആളുകള്‍ വിനോദസഞ്ചാരത്തിന് എത്തുന്ന യൂറോപ്പിലെ ഒരു പരമാധികാര പ്രദേശമാണ് മൊണാക്കോ. പ്രത്യേക നിയമങ്ങളൊന്നുമില്ലാത്ത, അതിസമ്പന്നര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്ന പ്രദേശമാണ് ഇത്.

Next Story

RELATED STORIES

Share it