Sub Lead

ഡല്‍ഹി കലാപം: ഇരട്ടക്കൊലയുടെ തലേന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി

ഈ ഗ്രൂപ്പിലുള്ളവരില്‍ ചിലരാണ് അമീര്‍ അലി(31), ഹാഷിം(19) എന്നീ സഹോദരന്മാരുടെ കൊലപാതകത്തില്‍ പങ്കെടുത്തതെന്നുമാണ് കണ്ടെത്തല്‍

ഡല്‍ഹി കലാപം: ഇരട്ടക്കൊലയുടെ തലേന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ രണ്ട് മുസ് ലിം സഹോദരങ്ങളെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നും 125 അംഗങ്ങളുള്ള ഗ്രൂപ്പിലെ അംഗങ്ങള്‍ കലാപത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയതായും പോലിസ്. കലാപത്തിനിടെ ഫെബ്രുവരി 25, 26 തിയ്യതികളില്‍ ഭഗീരതി വിഹാര്‍, ജോഹിരിപൂര്‍ അഴുക്കുചാലുകളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതിന്റെ ഒരു ദിവസം മുമ്പ് വാട്‌സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഈ ഗ്രൂപ്പിലുള്ളവരില്‍ ചിലരാണ് അമീര്‍ അലി(31), ഹാഷിം(19) എന്നീ സഹോദരന്മാരുടെ കൊലപാതകത്തില്‍ പങ്കെടുത്തതെന്നുമാണ് കണ്ടെത്തല്‍. കേസില്‍ പോലിസ് വ്യാഴാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങളുള്ളതെന്ന് ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. ഡല്‍ഹി കലാപ ക്കേസുമായി ബന്ധപ്പെട്ട ആറാമത്തെ കുറ്റപത്രമാണിത്. 'അന്വേഷണത്തില്‍ കലാപം നടക്കുന്നതിനിടെ ഫെബ്രുവരി 25, 26 തിയ്യതികളില്‍ രാത്രി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതായി കണ്ടെത്തി. ഈ ഗ്രൂപ്പില്‍ 125 അംഗങ്ങളുണ്ടായിരുന്നു. ഈ ഗ്രൂപ്പിലെ ചില അംഗങ്ങള്‍ ചാറ്റുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കെ, മറ്റു ചിലര്‍ കലാപത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നതായും' പോലിസ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചു.

സിഎഎയ്‌ക്കെതിരേ ഫെബ്രുവരി 23ന് സമാധാനപരമായി നടന്ന പ്രതിഷേധത്തെ ഹിന്ദുത്വര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സ്ഥിതിഗതികള്‍ രൂക്ഷമായതിനാല്‍ അമീര്‍ അലി(31)യും ഹാഷി(19)മും മാതാവിന്റെ വീട്ടിലേക്ക് പോയി. രണ്ട് ദിവസത്തിനു ശേഷം, തയ്യല്‍ക്കാരനായ പിതാവ് ബാബു ഖാന്‍ സാഹചര്യം സാധാരണ നിലയിലായെന്ന് അറിയിക്കുകയും മടങ്ങിവരാന്‍ പറയുകയും ചെയ്തു. ഇതനുസരിച്ച് അമീറും ഹാഷിമും രാത്രി 9.30ഓടെ മോട്ടോര്‍ സൈക്കിളില്‍ ഗോകല്‍പുരിയിലെത്തി. മറ്റൊരു സഹോദരന്‍ ഷെറുദ്ദീനോട് പുറത്തേക്ക് വരാന്‍ പറഞ്ഞു. പക്ഷേ, ഇരുവരും വീട്ടിലെത്തിയില്ല. ഫെബ്രുവരി 28ന് കുടുംബം ഗോകുല്‍പുരി പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് അമീറും ഹാഷിമും കൊല്ലപ്പെട്ടതായും ഇരുവരുടെയും മൃതദേഹങ്ങളും മോട്ടോര്‍ സൈക്കിളും ഭഗീരതി വിഹാര്‍ ഓവുചാലില്‍ കലാപകാരികള്‍ വലിച്ചെറിഞ്ഞതായും കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് അവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫെബ്രുവരി 25 ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതായി കണ്ടെത്തിയെന്നും പോലിസ് പറഞ്ഞു. തുടരന്വേഷണത്തില്‍ ദൃക്‌സാക്ഷി വിവരങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഹാഷിമിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പതുപേരെയും അമീറിനെ കൊലപ്പെടുത്തിയതിനു 11 പേരെയും അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.


Next Story

RELATED STORIES

Share it