Sub Lead

നവംബര്‍ 20 മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം; 3600 രൂപ കൈകളിലെത്തും

നവംബര്‍ 20 മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം; 3600 രൂപ കൈകളിലെത്തും
X

തിരുവനന്തപുരം: ഈ മാസം ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ ഓരോരുത്തര്‍ക്കും 3600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ആരംഭിക്കും. നവംബര്‍ മാസത്തെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുകയായ 2000 രൂപയോടൊപ്പം നിലവില്‍ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേര്‍ത്താണ് 3600 രൂപ നല്‍കുന്നത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായി കൊടുത്തു തീര്‍ക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെന്‍ഷന്‍ തുകയെത്തുക. 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വസ്തുതകള്‍ കണ്ട് മനസ്സിലാക്കി വേണം സമരം ചെയ്യാന്‍. സമരം കാരണമല്ല ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത്. സമരം കണ്ടിട്ടാണ് ഓണറേറിയം വര്‍ധിപ്പിച്ചതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അവര്‍ അങ്ങനെ തന്നെ വിചിരിച്ചോട്ടെയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ധനമന്ത്രി പ്രതികരിച്ചു.

ലോട്ടറി അടിച്ചിട്ടല്ല സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ആന്റണി സര്‍ക്കാരിന്റെ പദ്ധതിയെന്ന പ്രതിപക്ഷവാദം തെറ്റാണ്. ഇങ്ങനെയൊരു പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത്. എല്ലാ പദ്ധതികളും പോലെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും സുതാര്യമാണ്. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിച്ച് 2000 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന അശരണരും നിരാലംബരുമായവര്‍ക്ക് കൈത്താങ്ങ് എന്ന നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പ്രതിമാസം 2,000 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ പ്രതിമാസം 1,600 രൂപയാണ് ക്ഷേമ പെന്‍ഷനായി നല്‍കുന്നത്. പ്രതിവര്‍ഷം ഏകദേശം 13,000 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കുന്നത്.




Next Story

RELATED STORIES

Share it