Sub Lead

പട്ടയം തരാമെന്നു പറഞ്ഞ് വഞ്ചിച്ചു, ബിജെപി അംഗത്വമെടുത്തിട്ടില്ല; കുപ്രചാരണം പൊളിച്ച് മണ്ണാര്‍ക്കാട്ടെ മുസ് ലിം കുടുംബങ്ങള്‍(വീഡിയോ)

പട്ടയം നല്‍കാന്‍ സഹായിക്കാമെന്നു പറഞ്ഞ് വക്കീലിന്റെ ഓഫിസിലേക്കു വിളിച്ചുവരുത്തുകയും അവിടെ സ്ഥലമില്ലെന്നു പറഞ്ഞ് വ്യാപാര ഭവനിലെ യോഗത്തില്‍ ഇരുത്തിയ ശേഷം കബളിപ്പിക്കുകയും ചെയ്‌തെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്. കബളിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ട കുടുംബാഗങ്ങളാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സത്യം വെളിപ്പെടുത്തിയത്.

പട്ടയം തരാമെന്നു പറഞ്ഞ് വഞ്ചിച്ചു, ബിജെപി അംഗത്വമെടുത്തിട്ടില്ല; കുപ്രചാരണം പൊളിച്ച് മണ്ണാര്‍ക്കാട്ടെ മുസ് ലിം കുടുംബങ്ങള്‍(വീഡിയോ)
X


പാലക്കാട്:
മണ്ണാര്‍ക്കാട് മുസ് ലിം കുടുംബങ്ങള്‍ കൂട്ടത്തോടെ ബിജെപി അംഗത്വം സ്വീകരിച്ചെന്ന ബിജെപി വാദം പൊളിച്ച് കുടുംബങ്ങള്‍ രംഗത്ത്. മണ്ണാര്‍ക്കാട് കോട്ടോപാടം പഞ്ചായത്തിലെ വേങ്ങ രാജീവ് ഗാന്ധി കോളനിയിലെ 50 മുസ്‌ലിം കുടുംബങ്ങള്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്നായിരുന്നു ബിജെപി പ്രചാരണം. എന്നാല്‍, പട്ടയം നല്‍കാന്‍ സഹായിക്കാമെന്നു പറഞ്ഞ് വക്കീലിന്റെ ഓഫിസിലേക്കു വിളിച്ചുവരുത്തുകയും അവിടെ സ്ഥലമില്ലെന്നു പറഞ്ഞ് വ്യാപാര ഭവനിലെ യോഗത്തില്‍ ഇരുത്തിയ ശേഷം കബളിപ്പിക്കുകയും ചെയ്‌തെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്. കുടുംബങ്ങള്‍ക്കു പട്ടയം നല്‍കാമെന്നു പറഞ്ഞ് ബിജെപി നേതാവും അഭിഭാഷകനുമായ ജയകുമാറാണ് സ്ത്രീകളെ വിളിച്ചുവരുത്തിയത്. അവിടെയെത്തിയപ്പോള്‍ ഓഫിസില്‍ സ്ഥലമില്ലെന്നു പറഞ്ഞ് ബിജെപി പരിപാടി നടക്കുന്ന വ്യാപാര ഭവനിലെത്തിച്ചു. എന്നാല്‍ തങ്ങളാരും ബിജെപി മെംബര്‍ഷിപ്പ് എടുത്തിട്ടില്ലെന്നു ചടങ്ങില്‍ പങ്കെടുത്ത പ്രദേശവാസിയായ ഹസീന പറഞ്ഞു. പ്രദേശവാസിയായ ഹംസയുടെ നിര്‍ദേശപ്രകാരമാണ് അഡ്വ. അജയകുമാറിനെ ബന്ധപ്പെട്ടത്. അവിടെയെത്തിയപ്പോള്‍ നേതാക്കള്‍ വന്ന് യോഗം നടത്തുകയായിരുന്നു. അതുവരെ ബിജെപി മെംബര്‍ഷിപ്പ് കാംപയിനാണെന്നു ആരും പറഞ്ഞിരുന്നില്ല. ഒരു കണക്കിനു പറഞ്ഞാല്‍ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ഹസീന പറഞ്ഞു.


പട്ടയപ്രശ്‌നത്തില്‍ സഹായിക്കാമെന്നു പറഞ്ഞ് പ്രദേശവാസിയായ ഹംസ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജയകുമാര്‍ വക്കീലിനെ ബന്ധപ്പെട്ടത്. ഞങ്ങള്‍ ഞങ്ങളുടെ കാര്യം പറഞ്ഞു. ആകെയുള്ള സ്വത്താണിത്. അതിനു രേഖ വേണമെന്നും പറഞ്ഞു. എന്നാല്‍ ബിജെപിയുടെ മെംബര്‍ഷിപ്പ് ആരുംതന്നെ എടുത്തിട്ടില്ല. അത്തരം കാര്യങ്ങളോട് യോജിക്കാനാവില്ല. അവിടെ പോയ ശേഷമാണ് അംഗത്വവിതരണമെന്നു പോലും പറഞ്ഞത്. ഞങ്ങളുടെ മുമ്പത്തെ രാഷ്ട്രീയ നിലപാടുമായി തന്നെ മുന്നോട്ടുപോവുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്തെന്ന് അവകാശപ്പെട്ട് ബിജെപി പ്രചരിപ്പിച്ച കുടുംബത്തിലെ നിരവധി സ്ത്രീകളും പുരുഷന്‍മാരും ഹസീനയോടൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ബിജെപി വാദം തെറ്റാണെന്ന് പറഞ്ഞു. മധ്യവയസ്‌കരും വയോധികരുമായ സ്ത്രീകള്‍ ഒന്നടങ്കം ബിജെപി വാദം കള്ളമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.സ്ത്രീകള്‍ അവിടെയെത്തിയപ്പോള്‍ ബാനറൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് ബിജെപി അംഗത്വം വിതരണ കാംപയിന്‍ എന്ന ബാനര്‍ കൊണ്ടുവന്നതെന്നും പ്രദേശവാസി പറഞ്ഞു.


ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആഗസ്ത് 19നു സംഘടിപ്പിച്ച അംഗത്വവിതരണ കാംപയിനിലാണ് 50ഓളം മുസ് ലിം കുടുംബങ്ങള്‍ കൂട്ടത്തോടെ ബിജെപി അംഗത്വം സ്വീകരിച്ചതെന്നായിരുന്നു പ്രചാരണം. സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുത്തവരെന്ന് അവകാശപ്പെട്ട് പ്രാദേശിക വാര്‍ത്താചാനലുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട്ട് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ചില ചിത്രങ്ങള്‍ പ്രപരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ, കബളിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ട കുടുംബാഗങ്ങളാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സത്യം വെളിപ്പെടുത്തിയത്.



Next Story

RELATED STORIES

Share it