Sub Lead

താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍

താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍
X

കോട്ടയം: കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തിയായതിനെത്തുടര്‍ന്ന് കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടാവുന്ന വെള്ളം വരവാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. ആയിരത്തോളം വീടുകള്‍ വെള്ളത്തിലായി. മനയ്ക്കച്ചിറ, എസി കോളനി എന്നിവിടങ്ങളില്‍നിന്നും ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കും ക്യാംപുകളിലേക്കും മാറ്റിത്തുടങ്ങി. ജില്ലയുടെ കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലുമുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.

മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം കയറിയത്. മുന്‍കാലങ്ങളില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് പടിഞ്ഞാറന്‍ പ്രദേശങ്ങളെ വെള്ളപ്പൊക്ക കെടുതി ബാധിക്കുന്നത്. എന്നാല്‍, ഇന്നലെ രാത്രി തന്നെ പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങി. കിഴക്കന്‍ മേഖലയില്‍നിന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

അയര്‍ക്കുന്നത്ത് സെന്റ് ജോസഫ് എല്‍പിഎസ് പുന്നത്തുറ, അയന്നൂര്‍ എച്ച്എസ്, അയ്മനത്ത് സിഎംഎസ് എല്‍പിഎസ് ഒളശ, പിജെഎം യുപിഎസ് കല്ലുമട, ഏറ്റുമാനൂരില്‍ സെന്റ് ആന്റണീസ് എല്‍പിഎസ് കട്ടച്ചിറ, വിജയപുരത്ത് ജിയുപിഎസ് വടവാതൂര്‍, പെരുമ്പായിക്കാട് എസ്.എച്ച്. മൗണ്ട് എച്ച്.എസ്.എസ്., എസ്എന്‍ എല്‍പിഎസ് സംക്രാന്തി, പള്ളിപ്പുറം പള്ളി പാരിഷ് ഹാള്‍, മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബിസിഎച്ച്എസ്, കോട്ടയത്ത് ചാലുകുന്ന് സിഎന്‍ഐ എല്‍പിഎസ് എന്നിവിടങ്ങളില്‍ ക്യാംപുകള്‍ ആരംഭിച്ചു. ജില്ലയില്‍ ആകെ 37 ക്യാംപുകളാണുള്ളത്. 587 കുടുംബങ്ങളിലായി 2,225 പേരാണ് ക്യാംപിലുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ 20 ഉം കോട്ടയത്ത് 12 ഉം മീനച്ചിലില്‍ അഞ്ചും ക്യാംപുകളാണുള്ളത്.

ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയില്‍നിന്നും കെസി പാലം വരെയും അവിടെ നിന്നും കണക്ഷന്‍ ബോട്ടും സര്‍വീസ് നടത്തുന്നുണ്ട്. ചങ്ങനാശ്ശേരി താലൂക് ഓഫിസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ 0481-2420037. മഴക്കെടുതിയില്‍ കോട്ടയം ജില്ലയില്‍ 62 വീടുകള്‍ പൂര്‍ണമായും 161 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി പ്രാഥമിക വിലയിരുത്തല്‍. നാശനഷ്ടം തിട്ടപ്പെടുത്തല്‍ തുടരുകയാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറെ നാശനഷ്ടം. 62 വീടുകള്‍ പൂര്‍ണമായും 143 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

മീനച്ചില്‍ താലൂക്കില്‍ 16 വീടും ചങ്ങനാശേരി താലൂക്കില്‍ 2 വീടും ഭാഗികമായി തകര്‍ന്നു. കുറിച്ചി പഞ്ചായത്തില്‍ 4 വീടുകള്‍ മഴയില്‍ തകര്‍ന്നിട്ടുണ്ട്. കാര്‍ഷികമേഖലയിലും വലിയ നഷ്ടമാണുണ്ടായത്. ജില്ലയില്‍ ആദ്യം വിളവെടുപ്പ് ആരംഭിക്കേണ്ട പാടശേഖരങ്ങളായ വട്ടക്കായല്‍ കേളക്കരി, വട്ടക്കായല്‍ എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ കൊയ്ത്ത് ആരംഭിക്കേണ്ടതായിരുന്നു. കൊയ്ത്തുയന്ത്രമെത്തിച്ചെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കൊയ്ത്ത് ആരംഭിക്കാനായില്ല. തിരുവാര്‍പ്പ് പഞ്ചായത്തിലെ പുതുക്കാട്ട് അമ്പത് മാടപ്പള്ളിക്കാട് എന്നിവിടങ്ങളിലെ 100 ദിവസമായ നെല്ല് ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ വീണടിഞ്ഞു. കര്‍ഷര്‍ വീണ്ടും ബണ്ട് സംരക്ഷണത്തിനുള്ള നെട്ടോട്ടത്തിലാണ്.

Next Story

RELATED STORIES

Share it