Sub Lead

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ നീക്കം

മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയര്‍ന്നത്.

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ നീക്കം
X

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385.18 അടിയായി ഉയര്‍ന്നു. കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് ഉയരുകയാണ്.ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടാനാണ് തീരുമാനം. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയര്‍ന്നത്.

കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സെക്കന്റില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. നിലവില്‍ മൂന്നു ഷട്ടറുകളിലൂടെ സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

ഈ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയായിരിക്കും അധിക ജലം തുറന്നു വിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്റെയും വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക.

തുറന്നു വിടേണ്ടി വന്നാല്‍ അദ്യ ഘട്ടത്തില്‍ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും പരിധി ഉയര്‍ത്തുക. മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും ഇന്നലെ 3230 ഘനയടിയായി വര്‍ധിപ്പിച്ചിരുന്നു.

മുമ്പ് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുണ്ടായിരുന്നത്. ഇപ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡാം ചെറിയ കാലയളവില്‍ തുറക്കുന്ന സാഹചര്യമാണ്. 1981 ല്‍ രണ്ട് വട്ടം ഡാം തുറന്നിരുന്നു. 32.88 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് ഒഴുക്കി വിട്ടത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5 വരെ 23.42 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, നവംബര്‍ 10 മുതല്‍ 14 വരെ 9.46 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നു വിട്ടത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം 1992 ലാണ് പിന്നെ ഡാം തുറന്നത്.

അന്ന് 78.57 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് തുറന്നു വിട്ടത്. ഒക്ടോബര്‍ 12 മുതല്‍ 16 വരെ 26.16 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 16 മുതല്‍ 23 വരെ 52.41 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നു വിട്ടത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം 2018ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്. അതൊരു ചരിത്രമായിരുന്നു. റെക്കോര്‍ഡ് വെള്ളമാണ് അന്ന് ഡാമില്‍ നിന്ന് തുറന്നു വിട്ടത്. 1068.32 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് തുറന്നത്. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 8 വരെ 1063.23 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും ഒക്ടോബര്‍ 7 മുതല്‍ 9 വരെ 5.09 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നത്.

2021ല്‍ ഡാം തുറന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു മൂന്ന് മാസത്തിനുള്ളില്‍ നാല് തവണയാണ് അന്ന് ഡാം തുറന്നത്. ഒക്ടോബര്‍ 19 മുതല്‍ ഒക്ടോബര്‍ 27 വരെ 46.29 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, നവംബര്‍ 14 മുതല്‍ 16 വരെ 8.62 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 18 മുതല്‍ 20 വരെ 11.19 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, ഡിസംബര്‍ 7 മുതല്‍ 9 വരെ 8.98 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് അന്ന് തുറന്നു വിട്ടത്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നും മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായുമാണ് ഇന്നലെ ഡാം തുറന്നത്.

ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ഇടുക്കി ആര്‍ച്ചു ഡാം എന്നിവ ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകള്‍, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it