Sub Lead

തിരഞ്ഞെടുപ്പിന് പിന്നാലെ രഹസ്യമാക്കിവച്ച വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍

തിരഞ്ഞെടുപ്പിന് പിന്നാലെ രഹസ്യമാക്കിവച്ച വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച വെള്ളക്കര വര്‍ധനവ് തിരഞ്ഞെടുപ്പിന് ശേഷം പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ ഒന്ന് മുതലുള്ള കുടിവെള്ള നിരക്കില്‍ അഞ്ചു ശതമാനം വര്‍ദ്ധനവ് ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് നാലു രൂപ എന്നത് നാലു രൂപ 20 പൈസയാകും. പ്രതിമാസം 10000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് എട്ട് സ്ലാബുകള്‍ അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ചു ശതമാനം ഉയരും. ഇങ്ങനെ 1000 ലിറ്ററിന് അഞ്ചു രൂപ മുതല്‍ 14 രൂപ വരെ എന്ന നിലയിൽ താരിഫില്‍ പ്രതിഫലിക്കും.

ഏപ്രില്‍ ഒന്നുമുതല്‍ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉത്തരവ് രഹസ്യമാക്കിവച്ചെങ്കിലും പുറത്തുവന്നതോടെ നിരക്കുവര്‍ദ്ധന തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പിന്റെ വിശദീകരണം.

എന്നാല്‍ വെള്ളക്കരം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജല അതോറിറ്റി ഈ മാസം മുതല്‍ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യാവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനായി ഇടതുസര്‍ക്കാര്‍ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ദ്ധന. ജലവിഭവ വകുപ്പ് നേരത്തെ ഉത്തരവിറക്കിയതിനാല്‍ വര്‍ധന നടപ്പിലാക്കാന്‍ ഇനി ജല അതോറിറ്റി പുതിയ ഉത്തരവ് ഇറക്കേണ്ടതില്ല.

Next Story

RELATED STORIES

Share it