Sub Lead

അറബികള്‍ക്കെതിരേ വംശീയാധിക്ഷേപവുമായി കാര്‍ട്ടൂണ്‍; വിവാദമായപ്പോള്‍ പിന്‍വലിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

അറബികള്‍ക്കെതിരേ വംശീയാധിക്ഷേപവുമായി കാര്‍ട്ടൂണ്‍; വിവാദമായപ്പോള്‍ പിന്‍വലിച്ച് വാഷിങ്ടണ്‍ പോസ്റ്റ്
X

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരേ ലോകമനസ്സാക്ഷി ശക്തമായ പ്രതിഷേധത്തിലായിരിക്കെ, അറബികള്‍ക്കെതിരേ വംശീയാധിക്ഷേപവുമായി വാഷിങ്ടണ്‍ പോസ്റ്റിന്റെ കാര്‍ട്ടൂണ്‍. എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണാണ് വിവാദത്തിനും പ്രതിഷേധത്തിനും കാരണായത്. ഫ്രഞ്ച് ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി ഹെബ്‌ദോയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ വന്ന കാര്‍ട്ടൂണിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ അധിക്ഷേപം. മുന്‍ വര്‍ഷങ്ങളില്‍ അറബ്, മുസ് ലിം ലോകത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയ വിധത്തിലുള്ള പുതിയ കാര്‍ട്ടൂണ്‍ വിവാദമായതോടെ പിന്‍വലിച്ചിട്ടുണ്ട്.


ഹ്യൂമന്‍ ഷീല്‍ഡ്‌സ് അഥവാ മനുഷ്യകവചം എന്ന തലക്കെട്ടില്‍ നവംബര്‍ ആറിനാണ് അറബികളെയും ഫലസ്തീനികളെയും വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍.വാഷിങ്ടണ്‍ പോസ്റ്റ് കാര്‍ട്ടൂണ്‍ നല്‍കിയത്. 'ഹമാസ്' എന്ന് ആലേഖനം ചെയ്ത കറുത്ത സ്യൂട്ട് ധരിച്ച, വലിയതും വളഞ്ഞതുമായ മൂക്കും കമാനം പോലെയുള്ള പുരികങ്ങളുമുള്ള വൃത്തികെട്ട രീതിയിലാണ് ഒരു മനുഷ്യനെ ചിത്രീകരിച്ചിട്ടുള്ളത്. ഇയാളുടെ തലയില്‍ ഉള്‍പ്പെടെ നാല് കുട്ടികളെയും ചിത്രത്തില്‍ കൊടുത്തിട്ടുണ്ട്. കൂടെ ഫലസ്തീന്‍ സ്ത്രീകളെ പ്രതിനിധീകരിച്ച് പര്‍ദ്ദയിട്ട ഒരു സ്ത്രീയെയും കൊടുത്തിരുന്നു. സിവിലിയന്മാരെ ആക്രമിക്കാന്‍ ഇസ്രായേലിന് എത്ര ധൈര്യമുണ്ട് എന്നാണ് ഒരു വിരല്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഇയാള്‍ ചിന്തിക്കുന്നതായി കാര്‍ട്ടൂണില്‍ പറയുന്നത്. ഹമാസ് പോരാളികള്‍ കുട്ടികളെയും സ്ത്രീകളെയും മനുഷ്യകവചം ആയി ഉപയോഗിക്കുന്നുവെന്ന ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെയും ചില പാശ്ചാത്യ നേതാക്കളുടെയും ആരോപണം അതേപടി ആവര്‍ത്തിക്കുകയാണ് കാര്‍ട്ടൂണിലൂടെ. വലിയൊരു ഫലസ്തീന്‍ പതാക അടുത്തുതന്നെ നാട്ടിയിട്ടുണ്ട്. മാത്രമല്ല, സ്ത്രീയെയും കുട്ടികളെയും കയറുകൊണ്ട് കെട്ടിയിട്ട പുരുഷന് പിന്നിലായി ചുവരില്‍ തൂക്കിയിട്ട ചിത്രത്തിലും കടുത്ത മുസ് ലിം വിരോധം തന്നെയാണുള്ളത്. ഒരു അറബ് വേഷധാരിയുടെ പിന്നിലായി അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ മസ്ജിദുല്‍ അഖ്‌സയ്ക്കു സമീപത്തെ ഡോം ഓഫ് ദി റോക്കിന്റെ ഭാഗിക ഛായാചിത്രമാണ് കൊടുത്തത്. ഇതിനു താഴെയായി എരിയുന്ന എണ്ണവിളക്കും നല്‍കിയിട്ടുണ്ട്. കറുത്ത് തടിച്ച പുരികങ്ങളും വെളുത്ത വസ്ത്രവും താടിയുമാണ് വേഷം.

കാര്‍ട്ടൂണ്‍ പുറത്തുവന്നതിനു പിന്നാലെ അറബികളെയും ഫലസ്തീനികളെയും വംശീയവും പൗരസ്ത്യപരവുമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. അതിശയോക്തി കലര്‍ന്നതും കുട്ടികളെ ബന്ദികളാക്കി മനുഷ്യനെ ഭയപ്പെടുത്തുന്ന വ്യക്തിയായി ചിത്രീകരിക്കുകയും വഴി അറബികളെയും ചെറുത്തുനില്‍ക്കുന്ന ഫലസ്തീനികളെയും ഭീകരരാക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. രണ്ട് തവണ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിസ്റ്റ് മൈക്കല്‍ റാമിറസ് ആണ് കാര്‍ട്ടൂണ്‍ വരച്ചത്. എന്നാല്‍, തന്റെ സൃഷ്ടിയില്‍ വംശീയമോ കുറ്റകരമോ ആയ ഒന്നുമില്ലെന്നാണ് കാര്‍ട്ടൂണിസ്റ്റിന്റെ ന്യായീകരണം. ഇസ്രായേല്‍-ഫപലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചും ഹമാസ് മനുഷ്യകവചങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളെക്കുറിച്ചുമുള്ള ന്യായമായ വ്യാഖ്യാനമാണിതെന്നാണ് കാര്‍ട്ടൂണിസ്റ്റ് ആവര്‍ത്തിച്ചത്.

1930കളില്‍ യൂറോപ്യന്‍ പത്രങ്ങളില്‍ ജൂതന്മാരെ ചിത്രീകരിച്ചിരുന്നത് ഇങ്ങനെയാണെന്നായിരുന്നു ഒരു വായനക്കാരന്റെ പ്രതികരണം. കുട്ടികളെ ഉള്‍പ്പെടെ വംശഹത്യ ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന വംശീയാധിക്ഷേപം തന്നെ ഉപയോഗിച്ചതിന് വാഷിങ്ടണ്‍ പോസ്റ്റിനെ ഓര്‍ത്ത് ലജ്ജിക്കുന്നതായി ചിലര്‍ കുറിച്ചു. വംശീയ വിദ്വേഷത്തിന് ഇന്ധനം നല്‍കുന്നത് കാണുന്നത് നിര്‍ഭാഗ്യകരമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. രണ്ട് തവണ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിസ്റ്റായ മൈക്കല്‍ റാമിറസ് ഇതിനു മുമ്പും ഫലസ്തീനികളെ ആക്രമിച്ചിട്ടുണ്ട്. ഇയാളുടെ മറ്റൊരു കാര്‍ട്ടൂണില്‍ 'ബ്ലാക്ക് ലൈവ്‌സ് മെറ്റര്‍' എന്ന മുദ്രാവാക്യം വിളിക്കുന്നവരെയും അധിക്ഷേപിച്ചിരുന്നു. ഫലസ്തീനികളെ പിന്തുണയ്ക്കുന്ന അമേരിക്കയിലെ കറുത്തവര്‍ഗക്കാരെ ഹമാസ് അനുകൂലികളാക്കിയായിരുന്നു ചിത്രീകരണം. 'ടെററിസ്റ്റ് ലൈവ്‌സ് മെറ്റര്‍' എന്നും 'ഇസ്രായേലിനെ കുറ്റപ്പെടുത്തൂ' എന്നും എഴുതിയ ഒരു ബോര്‍ഡാണ് ഉയര്‍ത്തിയിരുന്നത്.




കാര്‍ട്ടൂണിസ്റ്റിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും വിദ്വേഷം വളര്‍ത്തുന്നതാണ് കാര്‍ട്ടൂണെന്നും പലരും ചൂണ്ടിക്കാട്ടി. വിമര്‍ശനം ശക്തമായതോടെ വാഷിങ്ടണ്‍ പോസ്റ്റ് അംഗീകരിക്കുകയും വിഷയം അവലോകനം ചെയ്യുകയാണെന്ന് പ്രസ്താവിക്കുകയും ചെയ്‌തെങ്കിലും ആദ്യഘട്ടത്തില്‍ വെബ്‌സൈറ്റില്‍ നിന്നോ പ്രിന്റ് എഡിഷനില്‍ നിന്നോ കാര്‍ട്ടൂണ്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് വ്യക്തത വരുത്തിയിരുന്നില്ല. വംശീയാധിക്ഷേപത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ വാഷിങ്ടണ്‍ പോസ്റ്റ് കാര്‍ട്ടൂണ്‍ പിന്‍വലിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it