Sub Lead

ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നു; പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (വീഡിയോ)

ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നു; പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (വീഡിയോ)
X

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരേ വെടിയുതിര്‍ത്ത അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നതിന്റെ പേരില്‍ പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെയും (എസ്എച്ച്ഒ) മറ്റ് ഉദ്യോഗസ്ഥരെയുമാണ് സസ്‌പെന്റ് ചെയ്തത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ചൗധരി പെര്‍വൈസ് ഇലാഹി ആവശ്യപ്പെട്ടിരുന്നു.

പോലിസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. അക്രമിയുടെ വീഡിയോ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇലാഹി നിര്‍ദേശം നല്‍കി. സംഭവത്തിന്റെ വസ്തുത പുറത്തുവരാന്‍ ഉന്നതതല സംയുക്ത അന്വേഷണസംഘം രൂപീകരിക്കണമെന്ന് പാകിസ്താന്‍ ആഭ്യന്തരമന്ത്രാലം പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധമാര്‍ച്ചിനിടെ കണ്ടെയ്‌നറില്‍ നിന്ന് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്നലെയാണ് 70കാരനായ ഇമ്രാന് വെടിയേറ്റത്. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നും ഇമ്രാന്‍ അപകടനില തരണം ചെയ്തതായും അദ്ദേഹത്തിന്റെ പാര്‍ട്ടി വ്യക്തമാക്കി. ഇമ്രാന് നേരെയുണ്ടായ അക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെയാണ് ഇമ്രാനെ വെടിയുതിര്‍ത്ത അക്രമിയുടെ കുറ്റസമ്മത വീഡിയോ പുറത്തായത്. 'ഇംറാന്‍ ഖാനെ കൊല്ലുകയായിരുന്നു എന്റെ ഉദ്ദേശം.

കാരണം, ഇംറാന്‍ ഖാന്‍ ജനങ്ങളെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നത്. ഇംറാന്‍ ഖാനെ മാത്രമാണ് ഞാന്‍ ലക്ഷ്യംവച്ചത്. മറ്റാരെയെങ്കിലും ഉപദ്രവിക്കണമെന്നുണ്ടായിരുന്നില്ല. ലഹോറില്‍ റാലി തുടങ്ങിയത് മുതല്‍ ഇംറാന്‍ ഖാനെ കൊല്ലാന്‍ ഞാന്‍ പദ്ധതിയിട്ടിരുന്നു. എന്റെ പിന്നില്‍ മറ്റാരുമില്ല. റാലി നടക്കുന്ന സ്ഥലത്തേക്ക് ബൈക്കിലാണ് വന്നത്'- കുറ്റസമ്മത വിഡിയോയില്‍ അക്രമി പറയുന്നു. വീഡിയോ പുറത്തായതോടെ പാക്- പഞ്ചാബ് പ്രവിശ്യയിലെ പോലിസ് ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്.

പഞ്ചാബിലെ വസീറാബാദ് പട്ടണത്തിലെ അല്ലാവാല ചൗക്കിന് സമീപം, തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് ഖാന്‍ ഇസ്‌ലാമാബാദിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഭവം. കാലിനു പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലാണ്. എഴുപതുകാരനായ ഇമ്രാന്‍ അപകടനില തരണം ചെയ്തു. ഇമ്രാന്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നര്‍ ട്രക്കിനു നേര്‍ക്കായിരുന്നു അക്രമി വെടിവച്ചത്. ആക്രമണത്തില്‍ ഒരു പാകിസ്താന്‍ തെഹ്‌രീക്ഇഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഫൈസല്‍ ജാവേദ് അടക്കം ഏഴുപേര്‍ക്കു പരിക്കേറ്റു. ആക്രമണമുണ്ടായ ഉടന്‍ ഇമ്രാനെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പിടിഐ നേതാക്കളെയും പ്രവര്‍ത്തകരെയും വസീറാബാദിലെ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. നവേദ് എന്നയാളാണ് ഇമ്രാനെ വെടിവച്ചതെന്ന് ജിയോ ടിവി റിപോര്‍ട്ട് ചെയ്തു. ഇരുപതിനു മുകളില്‍ പ്രായമുള്ള അക്രമി സല്‍വാര്‍ കമ്മീസ് ധരിച്ചിരുന്നു. കണ്ടെയ്‌നറിനു സമീപം നടന്ന ഇയാള്‍ ഇടതുവശത്തുനിന്നു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജിയോ ടിവി റിപോര്‍ട്ട് ചെയ്തു.

വന്‍ ജനാവലിക്കൊപ്പമായിരുന്നു ഇമ്രാന്‍ സഞ്ചരിച്ചിരുന്നത്. അക്രമിയെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരികയാണ്. പൊതുതിരഞ്ഞെടുപ്പിന് എത്രയും വേഗം തിയ്യതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധ ലോങ് മാര്‍ച്ച് നടത്തുന്നത്. 'ഹഖീഖി ആസാദി മാര്‍ച്ച്' എന്ന പേരില്‍ ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍നിന്ന് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്കാണ് മാര്‍ച്ച്.

Next Story

RELATED STORIES

Share it