Sub Lead

ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യക്കെതിരായ ആര്‍എസ്എസ് ബലാല്‍സംഗ ഭീഷണി: നടപടിയെടുക്കാതെ പോലിസ്; മൗനം പാലിച്ച് ജില്ലാ നേതൃത്വം

ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യക്കെതിരായ ആര്‍എസ്എസ് ബലാല്‍സംഗ ഭീഷണി: നടപടിയെടുക്കാതെ പോലിസ്; മൗനം പാലിച്ച്  ജില്ലാ നേതൃത്വം
X

കൊല്ലം: ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബലാല്‍സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ നടപടിയെടുക്കാതെ പോലിസ്. ജനുവരി 30 ന് നടന്ന സംഭവത്തില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ചവറ തെക്കുംഭാഗം പോലിസ് തയ്യാറായിട്ടില്ല. പോലിസ് നിഷ്‌ക്രിയത്വം പാലിച്ചിട്ടും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രസ്താവന ഇറക്കാന്‍ പോലും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയോ ബ്ലോക്ക് കമ്മിറ്റിയോ തയ്യാറായിട്ടില്ല.

ഗാന്ധി ഘാതകന്‍ ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കിലേറ്റിയതിന് പ്രതികാരമായാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യക്കെതിരേ ബലാല്‍സംഗ ഭീഷണി മുഴക്കിയത്. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ശ്രീഹരിയുടെ ഭാര്യയും വിദ്യാര്‍ഥിനിയുമായ സാന്ദ്രയെയാണ് എട്ടോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്യുകയും തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും കേസില്ലാതെ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ പോലിസ് ശ്രമം നടത്തിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 30 ന് ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഡിവൈഎഫ്‌ഐ ചവറ തെക്കുംഭാഗം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചവറയിലെ നടക്കാവില്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ജനുവരി 31 ന് രാവിലെയാണ് ശ്രീഹരിയുടെ ഭാര്യക്ക് നേരെ എട്ടോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കയ്യേറ്റം നടന്നത്.

'എന്റെ സഹോദരിയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാനായി പോയതായിരുന്നു സാന്ദ്ര. തിരിച്ചുവരുമ്പോള്‍ നാലോളം ബൈക്കുകളിലായി സേവാഭാരതി ആംബുലന്‍സ് ഡ്രൈവറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ കണ്ണന്റെ നേതൃത്വത്തില്‍ സാന്ദ്രയെ പിന്തുടരുകയായിരുന്നു. തെക്കുംഭാഗം കാവടിമുക്കില്‍ എത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി ആര്‍എസ്എസുകാരന്റെ കുഞ്ഞിനെ പ്രസവിക്കണോ എന്ന് ആക്രോശിച്ചു കൊണ്ട് കൈയ്യില്‍ കടന്നു പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു'. ശ്രീഹരി തേജസ് ന്യൂസിനോട് പറഞ്ഞു.

ഗോഡ്‌സയെ കെട്ടി തൂക്കിയത് പോലെ നിന്റെ ഭര്‍ത്താവിനെയും തൂക്കി കൊല്ലുമെന്നും വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു. ഒരു സ്ത്രീക്ക് എതിരേയാണ് ആക്രമണം നടന്നത്, അതിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പോലിസില്‍ പരാതി നല്‍കിയെങ്കിലും ഒരു ദിവസം കഴിഞ്ഞാണ് മൊഴി രേഖപ്പെടുത്താന്‍ പോലും പോലിസ് തയ്യാറായത്. ഫെബ്രുവരി ഒന്നിന് പോലിസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും, പ്രതിഭാഗത്തെ വിളിച്ചുവരുത്തുന്നുണ്ടെന്നും പ്രശ്‌നം സംസാരിച്ച് പരിഹരിക്കണമെന്നുമായിരുന്നു ചവറ തെക്കുംഭാഗം എസ്‌ഐ സുജാതന്‍ പിള്ള ആവശ്യപ്പെട്ടത്. ആര്‍എസ്എസിന് അനുകൂലമായാണ് പോലിസ് പ്രവര്‍ത്തിച്ചത്, ശ്രീഹരി തേജസ് ന്യൂസിനോട് വെളിപ്പെടുത്തി.

പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ പരാതിയിലും മൊഴിയിലും ആക്രമണം നടത്തിയ പ്രതികളില്‍ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ സാധിക്കില്ല. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം, എന്നിട്ട് അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയൂവെന്ന് എസ്‌ഐ സുജാതന്‍ പിള്ള തേജസ് ന്യൂസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസങ്ങളായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലിസ് പറഞ്ഞു.

ഉത്തരേന്ത്യന്‍ മോഡല്‍ സംഘപരിവാര്‍ ആക്രമണം നടന്നിട്ടും സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച പോലിസ് നടപടിക്കെതിരേ മൗനം പാലിക്കുകയാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം. സംഭവത്തില്‍ പ്രതികരിക്കാന്‍ പോലും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, ബ്ലോക്ക് സെക്രട്ടറി രതീഷ് എന്നിവര്‍ തയ്യാറായില്ല.

അതേസമയം, തെക്കുംഭാഗം പോലിസ് ആര്‍എസ്എസ് അനുകൂല സമീപനമാണ് കാലങ്ങളായി സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖല സെക്രട്ടറി അമല്‍ തേജസിനോട് പറഞ്ഞു. ആര്‍എസ്എസ് പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെല്ലാം ആര്‍എസ്എസ്സിന് അനുകൂലമായ നിലപാടാണ് ചവറ തെക്കുംഭാഗം പോലിസ് കൈക്കൊള്ളുന്നത്. നിയമപരമായ നടപടി ശക്തമാക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും പോലിസ് നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും അമല്‍ പറഞ്ഞു.

സാന്ദ്രയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 341, 506(1), 509, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എങ്കിലും ആരോപണ വിധേയരെ ചോദ്യം ചെയ്യാനോ സംഭവത്തെ ഗൗരവതരമായി സമീപിക്കാനോ പോലിസ് തയ്യാറായിട്ടില്ലെന്നത് വസ്തുതയാണ്. പോലിസിലെ ആര്‍എസ്എസ് ഇടപെടലുകള്‍ക്കെതിരായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഈ ആരോപണം കേരള പോലിസിലെ ആര്‍എസ്എസ് സ്വാധീനത്തെ തുറന്നുകാട്ടുന്നതാണ്.

Next Story

RELATED STORIES

Share it