Sub Lead

കേന്ദ്രത്തിനെതിരായ 20000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡഫോണിന് ജയം

നിയമപരമായ ചെലവുകളുടെ ഭാഗിക നഷ്ടപരിഹാരമായി 40 കോടി നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി.

കേന്ദ്രത്തിനെതിരായ 20000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡഫോണിന് ജയം
X
നെതര്‍ലന്റ്: കേന്ദ്ര സര്‍ക്കാരിനെതിരായ 20000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡഫോണിന് ജയം. വോഡഫോണിനു മേല്‍ നികുതി ബാധ്യതയും പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതര്‍ലന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാര്‍ ലംഘിക്കുന്നതാണെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കോടതി വിധിച്ചു.

വോഡഫോണില്‍ നിന്നും കുടിശ്ശിക ഈടാക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നിയമപരമായ ചെലവുകളുടെ ഭാഗിക നഷ്ടപരിഹാരമായി 40 കോടി നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി.

ട്രൈബ്യൂണലിന്റെ വിധി സര്‍ക്കാറിന് യാതൊരു നാശനഷ്ടവും വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിയമപരമായ ചിലവുകള്‍ക്കായി 40 കോടി നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മതിച്ചു. കോടതി ചിലവുകളുടെ 60 ശതമാനമാണ് സര്‍ക്കാര്‍ വഹിക്കേണ്ടി വരിക. ബാക്കി 40 ശതമാനം വോഡഫോണും നല്‍കണം.

2007 ല്‍ ഹച്ചിസണ്‍ വാംപോവയുടെ ഇന്ത്യന്‍ മൊബൈല്‍ ഓഹരി വോഡഫോണ്‍ ഏറ്റെടുത്തതാണ് സര്‍ക്കാരുമായി നികുതി തര്‍ക്കമുണ്ടാവാന്‍ കാരണം. ഏറ്റെടുക്കലിനെ തുടര്‍ന്ന് കമ്പനി നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

രണ്ടാം യുപിഎ സര്‍ക്കാരാണ് 11,000 കോടി രൂപയുടെ നികുതി അടയ്ക്കണമെന്ന് വോഡഫോണിനോട് ആവശ്യപ്പെട്ടത്. പിഴയും പലിശയുമുള്‍പ്പെടെയാണ് ഈ തുക 20000 കോടി രൂപയായത്.

Next Story

RELATED STORIES

Share it