Sub Lead

അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയുടെ ഇഞ്ചികൃഷി പരിശോധിക്കാന്‍ വിജിലന്‍സ് കര്‍ണാടകയിലേക്ക്

അനധികൃത സ്വത്ത് സമ്പാദനം:   കെ എം ഷാജിയുടെ ഇഞ്ചികൃഷി പരിശോധിക്കാന്‍ വിജിലന്‍സ് കര്‍ണാടകയിലേക്ക്
X

കണ്ണൂര്‍: മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാന്‍ വിജിലന്‍സ്. ഇഞ്ചികൃഷിയുണ്ടെന്നും കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഷാജി മാധ്യമങ്ങളിലൂടെയടക്കം പ്രതികരിച്ചിരുന്നു.

ഇതോടെയാണ് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടി സംഘം കര്‍ണാടകയിലേക്ക് പോകാനൊരുങ്ങുന്നത്. ഇതിനോടകം പലതവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു.

ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൃഷിയില്‍ നിന്ന് സ്ഥിരവരുമാനമല്ലാത്തതിനാലാണ് സ്വത്തുവിവരത്തില്‍ ഇത് ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് ഷാജിയുടെ വാദം.

നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.

മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ.എം.ഷാജി മൊഴി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത 47 ലക്ഷം രൂപയാണ് വിജിലന്‍സ് തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും കെ.എം.ഷാജി പറഞ്ഞിരുന്നു.

ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.

Next Story

RELATED STORIES

Share it