Sub Lead

ദീപം തെളിയിക്കാന്‍ മോദിയുടെ ആഹ്വാനം; പരസ്യമായി വെടിയുതിര്‍ത്ത് ബിജെപി വനിതാ നേതാവ്(വീഡിയോ)

സംഭവം വ്യാപക വിമര്‍ശനത്തിനു കാരണമായതോടടെ ഇവര്‍ പിന്നീട് ക്ഷമാപണവുമായി രംഗത്തെത്തി

ദീപം തെളിയിക്കാന്‍ മോദിയുടെ ആഹ്വാനം; പരസ്യമായി  വെടിയുതിര്‍ത്ത് ബിജെപി വനിതാ നേതാവ്(വീഡിയോ)
X

ലഖ്‌നോ: കൊറോണ വ്യാപനത്തിനെതിരേ രാജ്യത്ത് നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ബിജെപി വനിതാ നേതാവ് ഐക്യദാര്‍ഢ്യമര്‍പ്പിച്ചത് പരസ്യമായി വെടിയുതിര്‍ത്ത്. ഞായറാഴ്ച രാത്രി 9 മണി കഴിഞ്ഞ് 9 മിനുട്ട് എല്ലാവരും ലൈറ്റുകളണച്ച് ചെറുദീപങ്ങള്‍ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇതനുസരിച്ച് പലയിടങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി

ജനം തെരുവിലിറങ്ങുകയും പടക്കം പൊട്ടിക്കുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തത് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി വനിതാ നേതാവ് പ്രധാനമന്ത്രിയുടെ വിളക്ക് കത്തിക്കല്‍ ആഹ്വാനം സ്വീകരിച്ചത് റോഡിലിറങ്ങി തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്താണ്. ബിജെപി മഹിളാ മോര്‍ച്ച ബാല്‍റാംപൂര്‍ ജില്ലാ അധ്യക്ഷ മഞ്ജു തിവാരിയാണ് റോഡിലിറങ്ങി വെടിയുതിര്‍ത്തത്. വീട്ടില്‍ വിളക്ക് കത്തിച്ച ഇവര്‍ പിന്നീട് റിവോള്‍വറെടുത്ത് പുറത്തിറങ്ങിയാണ് വെടിയുതിര്‍ത്തതെന്ന് പൂനെ മിറര്‍ റിപോര്‍ട്ട് ചെയ്തു.


തന്റെ ഭര്‍ത്താവ് ചിത്രീകരിച്ചതെന്ന് പറഞ്ഞ് വീഡിയോദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു തിവാരി സാമൂഹികമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തത്. വിളക്കുകള്‍ കത്തിച്ച ശേഷം കൊറോണ വൈറസിനെ ഓടിക്കുന്നു എന്ന എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. സംഭവം വ്യാപക വിമര്‍ശനത്തിനു കാരണമായതോടടെ ഇവര്‍ പിന്നീട് ക്ഷമാപണവുമായി രംഗത്തെത്തി. 'നഗരം മുഴുവന്‍ മെഴുകുതിരികളും മണ്‍പാത്രങ്ങളും കൊണ്ട് പ്രകാശിക്കുന്നത് ഞാന്‍ കണ്ടു. ദീപാവലിയാണെന്ന് എനിക്ക് തോന്നിപ്പോയി. അതിന്റെ സന്തോഷത്തിലാണ് വായുവിലേക്ക് നിറയൊഴിച്ചത്. തെറ്റ് ഞാന്‍ അംഗീകരിച്ച് ക്ഷമ ചോദിക്കുന്നു,' എന്നായിരുന്നു മഞ്ജു തിവാരിയുടെ ഖേദപ്രകടനം. അതേസമയം, നിയമം ലംഘിക്കുന്നതില്‍ ബിജെപി നേതാക്കള്‍ എപ്പോഴും മുന്നിലാണെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനനുസരിച്ച് ബിജെപി നേതാവും പരസ്യമായി വെടിവച്ച് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരേ യോഗി ആദിത്യനാഥ് നടപടിയെടുക്കുമോ? എന്നായിരുന്നു യുപി കോണ്‍ഗ്രസ് വീഡിയോ ട്വീറ്റ് ചെയ്ത് അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലിസ് മഞ്ജു തിവാരിക്കെതിരേ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it