Sub Lead

വിഎച്ച്പി പ്രതിഷേധം: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി

കുനാല്‍ കമ്ര മതവികാരം വ്രണപ്പെടുത്തുംവിധം പരിപാടി അവതരിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു വിഎച്ച്പി പ്രതിഷേധം.

വിഎച്ച്പി പ്രതിഷേധം: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി
X

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ ഈ മാസം 17, 18 തിയ്യതികളില്‍ നടത്താനിരുന്ന പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി. കുനാല്‍ കമ്ര മതവികാരം വ്രണപ്പെടുത്തുംവിധം പരിപാടി അവതരിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു വിഎച്ച്പി പ്രതിഷേധം.


ഹിന്ദു ദൈവങ്ങളേയും ദേവതകളേയും കുനാല്‍ തന്റെ പരിപാടിയിലൂടെ പരിഹസിക്കുന്നതായും അതുകൊണ്ട് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നുമാണ് സംഘാടകര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. ഇതേ തുടര്‍ന്നാണ് കുനാല്‍ കമ്ര ലൈവ് എന്ന് പേരിട്ട പരിപാടി സംഘാടകരായ സ്റ്റുഡിയോ സോ ബാര്‍ റദ്ദാക്കിയത്. കുനാല്‍ കമ്രയുടെ പരിപാടിക്ക് എതിരെ ബജ്രംഗ് ദളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു മാത്രമല്ല ഗുരുഗ്രാം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് പരിപാടി നടത്തുന്നതിന് എതിരേ വിഎച്ച്പി പരാതിയും നല്‍കുകയുണ്ടായി. കുനാല്‍ കമ്രയുടെ പരിപാടിക്ക് അനുവാദം നല്‍കിയാല്‍ ജില്ലയില്‍ പ്രശ്‌നങ്ങളുണ്ടാകാനുളള സാധ്യത ഉണ്ടെന്നാണ് പരാതി.

പരിപാടി റദ്ദാക്കിയതിന് പിന്നാലെ അധികാരികളെ പരിഹസിച്ച് കുനാല്‍ കമ്ര രംഗത്ത് വന്നു. 'അയാള്‍ നമ്മുടെ സംസ്‌ക്കാരത്തെ പരിഹസിക്കുന്നുവെന്ന് ഞങ്ങള്‍ പറയുന്നു, അയാള്‍ നമ്മുടെ ദൈവങ്ങളെ പരിഹസിക്കുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു, ഞങ്ങളുടെ കയ്യില്‍ തെളിവുകളൊന്നും ഇല്ല, എന്നാല്‍ ഈ പരിപാടി ഞങ്ങളുടെ സമാധാനം ഇല്ലാതാക്കുന്നതാണ്. ഞങ്ങള്‍ 12 പേര്‍ക്ക് ഈ ഷോ നടക്കുന്നതിനോട് താല്‍പര്യമില്ല, 500 പേര്‍ പരിപാടി കാണാനായി ടിക്കറ്റ് എടുത്തിട്ടുണ്ട്. അപ്പോള്‍ അധികാരികള്‍ എന്ത് ചെയ്യണം (10 മാര്‍ക്കിനുളള യുപിഎസ്‌സി ചോദ്യം)' എന്നാണ് കുനാല്‍ കമ്രയുടെ ട്വീറ്റ്.ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രൂക്ഷ വിമര്‍ശകനാണ് കുനാല്‍ കമ്ര.

Next Story

RELATED STORIES

Share it