Sub Lead

തക്കാളി വില 120 രൂപ; മുരിങ്ങക്ക വില 200 രൂപയിലേക്ക്; പച്ചക്കറികൾക്ക് പൊള്ളുംവില

ബീൻസിനും പയറിനും ഒക്കെ കൊച്ചിയിൽ 80 രൂപ വരെ റീട്ടെയ്ൽ വില ഈടാക്കുമ്പോൾ വെണ്ടയ്ക്ക വില കിലോഗ്രാമിന് 90 രൂപ വരെയാണ് ഈടാക്കുന്നത്.

തക്കാളി വില 120 രൂപ; മുരിങ്ങക്ക വില 200 രൂപയിലേക്ക്; പച്ചക്കറികൾക്ക് പൊള്ളുംവില
X

കോഴിക്കോട്: സാധാരണക്കാരെ വെള്ളം കുടിപ്പിച്ച് പച്ചക്കറി വില ഉയര്‍ന്ന് തന്നെ. തമിഴ്നാട്ടിലെ ചില്ലറ വിൽപ്പനക്കാര്‍ കിലോഗ്രാമിന് 140 രൂപ വരെ വിലയിലാണ് ഇപ്പോൾ തക്കാളി വിൽക്കുന്നത്. കേരളത്തിലും ചില്ലറ വിൽപ്പനക്കാര്‍ 100 രൂപ മുതൽ 120 രൂപ വരെ വിലയിലാണ് തക്കാളി വിൽക്കുന്നത്.

മൊത്ത വ്യാപാര കേന്ദ്രങ്ങളിലും കിലോഗ്രാമിന് 80 രൂപ മുതലാണ് വ്യാപാരം. കിലോഗ്രാമിന് 30 രൂപ മുതൽ 40 രൂപ വരെ വിലയുണ്ടായിരുന്ന പച്ചക്കറികൾക്കെല്ലാം ഇപ്പോൾ ഇരട്ടിയാണ് വില. കിലോഗ്രാമിന് 70 രൂപ മുതൽ 80 രൂപ വരെ നിരക്കിലാണ് ബീൻസും, കാരറ്റും ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വ്യാപാരം.

ബീൻസിനും പയറിനും ഒക്കെ കൊച്ചിയിൽ 80 രൂപ വരെ റീട്ടെയ്ൽ വില ഈടാക്കുമ്പോൾ വെണ്ടയ്ക്ക വില കിലോഗ്രാമിന് 90 രൂപ വരെയാണ് ഈടാക്കുന്നത്. കുതിച്ചുയര്‍ന്ന തക്കാളി വില നിയന്ത്രിക്കാൻ തമിഴ്നാട് അടിയന്തര നടപടികൾ സ്വീകരിച്ചു. പച്ചക്കറിക്കുണ്ടായ വില വര്‍ധന കുടുംബ ബജറ്റുകളെ ബാധിക്കുന്നതിനാൽ ആണ് വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെെടൽ. സര്‍ക്കാര്‍ ശേഖരിച്ച തക്കാളികൾ 85 രൂപയ്ക്ക് വിപണിയിൽ എത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം കേരളത്തിലെ ഉയരുന്ന പച്ചക്കറി വിലയ്ക്ക് തടയിടാൻ ഇതുവരെ നടപടികൾ ഒന്നുമില്ല.

അപ്രതീക്ഷിതമായി എത്തിയ മഴക്കെടുതികൾ മൂലം വിളവെടുക്കാൻ ആയതും കൃഷി നശിച്ചതും ഒക്കെയാണ് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വില വര്‍ധനക്ക് കാരണമായത്. തമിഴ്നാട്ടിൽ പച്ചക്കറി വില ഉയര്‍ന്നത് കേരളത്തിൽ എത്തുന്ന പച്ചക്കറികളുടെയും വില വര്‍ധനക്ക് കാരണമായി.

ആന്ധ്രയിലും വ്യാപകമായ കൃഷി നഷ്ടം ഉണ്ടായി. കര്‍ണാടകയിലും തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില ഉയരാൻ വ്യാപകമായ മഴ കാരണമായി. വളരെ കുറച്ച് തക്കാളികൾ മാത്രമാണ് ഇപ്പോൾ തമിഴ്നാട്ടിൽ എത്തുന്നത്. കോയമ്പേട്ടുൾപ്പെടെയുള്ള പ്രധാന മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പോലും വില 90 രൂപയിൽ എത്തിയിരിക്കുകയാണ്. ഇതാണ് കേരളത്തിലും വില വര്‍ധിക്കാൻ കാരണം.

Next Story

RELATED STORIES

Share it