Sub Lead

വടകര കസ്റ്റഡി മരണം;രണ്ട് പോലിസുകാര്‍ അറസ്റ്റില്‍

എസ്‌ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്

വടകര കസ്റ്റഡി മരണം;രണ്ട് പോലിസുകാര്‍ അറസ്റ്റില്‍
X

കോഴിക്കോട്:വടകര പോലിസ് കസ്റ്റഡിയിലെടുത്ത സജീവന്‍ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്‌ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്.രണ്ട് പേര്‍ക്കും കോഴിക്കോട് സെഷന്‍സ് കോടതി നേരത്തേ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.മുന്‍കൂര്‍ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഇവര്‍ക്കെതിരേ നരഹത്യക്ക് നേരത്തെ കേസെടുത്തിരുന്നു.ഹൃദയാഘാതം മൂലമാണ് സജീവന്‍ മരിച്ചതെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നുമാണ് പോലിസുകാരുടെ വാദം. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ലഭിക്കണമെങ്കില്‍ സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ നിര്‍ണായകമായ, പരിശോധനക്ക് അയച്ച ഡിജിറ്റല്‍ തെളിവുകളുടെ ഫലം വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറിക്ക് കത്തയച്ചു.

ജൂലൈ 21ന് രാത്രി വാഹനാപകട തര്‍ക്കവുമായി ബന്ധപ്പെട്ട് വടകര കല്ലേരി സ്വദേശി സജീവനെ വടകര പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. ഒടുവില്‍ പോലിസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. കസ്റ്റഡിയില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട സജീവനെ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

പിന്നീട് സ്‌റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയാക്കി പോലിസ് വിട്ടയച്ചെങ്കിലും സജീവന്‍ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.പോലിസുകാര്‍ തിരിഞ്ഞു നോക്കാന്‍ തയ്യാറായില്ലെന്നും, ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചതെന്നും സജീവനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.കൊല്ലപ്പെട്ട സജീവന്റെ ശരീരത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് 24 മണിക്കൂര്‍ മുന്‍പ് 11 പരുക്കുകള്‍ ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു.മാനസികവും ശാരീരികവുമായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മരണമെന്നും റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Next Story

RELATED STORIES

Share it