Sub Lead

കോവിഡ്-19: അമേരിക്കയില്‍ ഒരുമാസത്തെ യാത്രാവിലക്ക്

കോവിഡ്-19: അമേരിക്കയില്‍ ഒരുമാസത്തെ യാത്രാവിലക്ക്
X

വാഷിങ്ടണ്‍: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം, യാത്രാവിലക്കില്‍ നിന്ന് ബ്രിട്ടനെ ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 460 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് 19 പകര്‍ച്ചവ്യാധി തുടങ്ങിയ ചൈനയില്‍ നിന്നുള്ള യാത്ര തടയുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനാലാണ് യൂറോപ്പില്‍ കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച കൊറോണ വൈറസിനെ മഹാമാരിയെന്ന് വിശേഷിപ്പിച്ചിരുന്നു. വൈറസ് അതിവേഗം വ്യാപിക്കുന്നതാണ് കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നത്.

അതേസമയം, അമേരിക്കയിലെയും ലോകത്തെ മറ്റുള്ളവരുടെയും ജീവന്‍ രക്ഷിക്കാന്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഒരു വാക്‌സിന്‍ കണ്ടെത്താനുള്ള പദ്ധതി തയ്യാറാക്കുന്നതായി ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഈ ദൗത്യം അമേരിക്ക പൂര്‍ത്തിയാക്കും. യുഎസില്‍ മികച്ച ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുമുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. കൊറോണ വൈറസ് വ്യാപിക്കുകയും വാഷിങ്ടണില്‍ മാത്രം 10 കേസുകള്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് അമേരിക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലോകത്ത് ഇതുവരെ 124,000 പേര്‍ക്ക് കോവിഡ് ബാധയുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ആകെ 4,500 പേര്‍ മരണപ്പെട്ടിട്ടുണ്ട്.




Next Story

RELATED STORIES

Share it