Sub Lead

കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം

ഇറാന്‍ പിന്തുണയുള്ള സംഘത്തിനു നേരെയെന്ന് വിശദീകരണം

കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം
X

ദമാസ്‌കസ്: കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. ഇറാനിയന്‍ പിന്തുണയുള്ള 'തീവ്രവാദ സംഘങ്ങള്‍' ഉപയോഗിക്കുന്ന കേന്ദ്രങ്ങള്‍ക്കു നേരെ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരമാണ് വ്യോമാക്രമണം നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാഖില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരേ സമീപകാലത്തുണ്ടായ റോക്കറ്റ് ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തില്‍ 17 ഇറാന്‍ അനുകൂല സായുധ സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഇറാനിയന്‍ പിന്തുണയുള്ള കത്തായിബ് ഹിസ്ബുല്ല, കത്തായിബ് സയ്യിദ് അല്‍ഷുഹാദ തുടങ്ങിയ തുടങ്ങിയ സായുധസംഘങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുഎസ് വിശദീകരണം. സഖ്യ കക്ഷിയുമായി കൂടിയാലോചിക്കുന്നത് ഉള്‍പ്പെടെയുള്ള നയതന്ത്ര നടപടികളോടെയാണ് സൈനിക പ്രതികരണം നടത്തിയതെന്നും പെന്റഗണ്‍ അറിയിച്ചു.

രണ്ടാഴ്ച മുമ്പ് ഇര്‍ബിലിലെ വിമാനത്താവളത്തിലെ പ്രധാന സൈനിക താവളത്തിനു നേരെയും റോക്കറ്റ് ആക്രമണം നടന്നിരുന്നു. ഒരു വിദേശ കരാറുകാരന്‍ കൊല്ലപ്പെടുകയും ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2014 മുതല്‍ ഇറാഖിനു ഐഎസിനെ നേരിടാന്‍ സഹായിച്ച യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്ന സൈന്യം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അവ്‌ലിയ അല്‍ദാം അഥവാ രക്തത്തിന്റെ രക്ഷാധികാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം രംഗത്തെത്തുകയും ഇറാഖിലെ 'അധിനിവേശ' അമേരിക്കന്‍ സേനയെ ആക്രമിക്കുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ കുറിച്ച് ഇറാഖ് ഭരണകൂടവും അന്വേഷിക്കുന്നുണ്ട്. യുഎസ് എംബസിയും മറ്റ് നയതന്ത്ര ഓഫിസുകളും ഉള്‍ക്കൊള്ളുന്ന ബാഗ്ദാദിലെ ഗ്രീന്‍ സോണിലും തിങ്കളാഴ്ച റോക്കറ്റ് ആക്രമണമുണ്ടായിരുന്നു.

US attacks 'Iranian-backed military infrastructure' in Syria

Next Story

RELATED STORIES

Share it