Sub Lead

'മദ്‌റസ മാതൃക'യിലുള്ള പ്രാര്‍ത്ഥന ചൊല്ലിയെന്ന് വിഎച്ച്പിയുടെ പരാതി; യുപിയില്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ കേസെടുത്ത് പോലിസ്

മദ്‌റസ മാതൃകയിലുള്ള പ്രാര്‍ത്ഥന ചൊല്ലിയെന്ന് വിഎച്ച്പിയുടെ പരാതി; യുപിയില്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ കേസെടുത്ത് പോലിസ്
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 'മദ്‌റസ മാതൃക'യിലുള്ള പ്രാര്‍ത്ഥന ചൊല്ലിയെന്ന വിഎച്ച്പിയുടെ പരാതിയിന്‍മേല്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ പോലിസ് കേസെടുത്തു. ഫരീദ്പൂരിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളില്‍ ഇത്തരത്തിലുള്ള പ്രാര്‍ത്ഥന നടക്കുന്നുണ്ടെന്നാരോപിച്ച് വിഎച്ച്പി പ്രാദേശിക ഘടകമാണ് ആരോപണവുമായി രംഗത്തുവന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നഹിദ് സിദ്ദിഖിയും ശിക്ഷാ മിത്ര (അധ്യാപകന്‍) വസീറുദ്ദീനും ചേര്‍ന്ന് സ്‌കൂളില്‍ 'മദ്‌റസാ മാതൃകയിലുള്ള പ്രാര്‍ത്ഥനകള്‍' ചൊല്ലി ഹിന്ദു ആധിപത്യമുള്ള പ്രദേശത്തെ ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് വിഎച്ച്പി പ്രാദേശിക യൂനിറ്റ് ആരോപിക്കുന്നു.

ഇവര്‍ വിദ്യാര്‍ഥികളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായാണ് വിഎച്ച്പിയുടെ മറ്റൊരു ആരോപണം. ഫരീദ്പൂരിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നതെന്ന് ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) വിനയ് കുമാര്‍ പറഞ്ഞു. വിഎച്ച്പി സിറ്റി പ്രസിഡന്റ് സോംപാല്‍ റാത്തോഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പ്രിന്‍സിപ്പലിനും ശിക്ഷാ മിത്രയ്ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബിഎസ്എ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം വസീറുദ്ദീന്‍ വളരെക്കാലമായി 'മദ്‌റസ മാതൃകയിലുള്ള പ്രാര്‍ത്ഥന' നടത്തുകയായിരുന്നുവെന്നും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വിഎച്ച്പി പറയുന്നു. ഈ വിഷയത്തില്‍ പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ശിക്ഷാ മിത്രയ്‌ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബിഎസ്എ അറിയിച്ചു.

Next Story

RELATED STORIES

Share it