Sub Lead

കുട്ടിയുമായി നിന്ന യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച് യുപി പോലിസ് (വീഡിയോ)

കുട്ടിയുമായി നിന്ന യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച് യുപി പോലിസ് (വീഡിയോ)
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും പോലിസിന്റെ ക്രൂരത. കുട്ടിയെ കൈയിലെടുത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ നടുറോഡില്‍ പോലിസ് സംഘം തല്ലിച്ചതച്ചു. വ്യാഴാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത്ത് അക്ബര്‍പൂര്‍ നഗരത്തിലെ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പോലിസിന്റെ ക്രൂരത അരങ്ങേറിയത്. ലാത്തിയുപയോഗിച്ച് പോലിസുകാര്‍ യുവാവിനെ തുടരെത്തുടരെ അടിക്കുന്നതിന്റെയും വലിച്ചിഴയ്ക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീപ്പിലെത്തിയ പോലിസ് സംഘം യുവാവിനെ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്നതും കുട്ടിയെ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നുമുണ്ട്.

എന്നാല്‍, യുവാവ് ഇതിനെ എതിര്‍ത്തതോടെ പോലിസ് ലാത്തികൊണ്ട് ശരീരമാസകലം അടിക്കുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ലോക്കല്‍ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലിസുകാര്‍ യുവാവിനെ മര്‍ദ്ദിച്ചത്. പോലിസിന്റെ ക്രൂരത കണ്ട് കുട്ടി നിലവിളിക്കുന്നുണ്ട്. പോലിസില്‍നിന്ന് രക്ഷപ്പെടാന്‍ യുവാവ് ഓടിയപ്പോള്‍ പിന്നാലെ ചെന്ന് പോലിസ് കുട്ടിയെ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടിയെ ഉപദ്രവിക്കരുതെന്ന് യുവാവ് പോലിസിനോട് കേണപേക്ഷിക്കുന്നത് കേള്‍ക്കാം. 'ബച്ചേ കോ ലാഗ് ജായേഗി (കുട്ടിക്ക് പരിക്കേല്‍ക്കും), ഈ കുട്ടിക്ക് അമ്മയില്ല, കുട്ടിയെ വിടാതെ പിടിച്ചുകൊണ്ട് യുവാവ് പോലിസിനോട് കരഞ്ഞുപറയുന്നുണ്ട്. എന്നാല്‍, പോലിസ് ഇതൊന്നും ചെവികൊള്ളാതെ മര്‍ദ്ദനം തുടരുകയായിരുന്നു.

അതേസമയം, പോലിസുകാരുടെ ക്രൂരതയെ ന്യായീകരിക്കുന്ന സമീപനമാണ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. കുട്ടിയെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിച്ചതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. കുറച്ചാളുകള്‍ പ്രദേശത്ത് നിയമലംഘനം നടത്തുകയും ആശുപത്രിയിലെ ഔട്ട് പേഷ്യന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (ഒപിഡി) അടച്ചുപൂട്ടുകയും രോഗികളെ ഭയപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് പോലിസ് സ്ഥലത്തെത്തിയതെന്ന് കാണ്‍പൂര്‍ ദേഹാത്ത് അഡീഷനല്‍ പോലിസ് സൂപ്രണ്ട് ഘന്‍ശ്യാം ചൗരസ്യ പ്രസ്താവനയില്‍ പറഞ്ഞു. ഇയാള്‍ കാണ്‍പൂര്‍ ദേഹാത്തിലെ അക്ബര്‍പൂരിലെ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണെന്നും സഹോദരന്‍ സ്ഥിരമായി ശല്യമുണ്ടാക്കുന്നയാളാണെന്നും പോലിസ് പറഞ്ഞു.

ആശുപത്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. പോലിസ് ഇടപെട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ഒരു പോലിസ് ഇന്‍സ്‌പെക്ടറുടെ കൈ കടിച്ചു. പോലിസിന്റെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു- ചൗരസ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യുവാവിനെതിരേ പോലിസ് ബലപ്രയോഗം നടത്തിയതായി മറ്റൊരു ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിങ് എന്‍ഡിടിവിയോട് സമ്മതിച്ചു. അതിക്രമത്തിനെതിരേ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് യുപി പോലിസ് അന്വേഷണത്തിന് ഉത്തരവിട്ടു. ബന്ധപ്പെട്ട പോലിസ് ഇന്‍സ്‌പെക്ടറെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതായും കാണ്‍പൂര്‍ ദേഹത്ത് പോലിസ് ട്വിറ്ററില്‍ രേഖാമൂലം പ്രസ്താവനയിറക്കി.

ഓരോ പൗരന്റെയും അന്തസ്സ് മാനിക്കണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ചില പ്രതിഷേധക്കാര്‍ ജില്ലാ ആശുപത്രിയുടെ ഒപിഡി പൂട്ടുകയും സേവനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന്റെ അഭ്യര്‍ഥന മാനിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പോയപ്പോഴാണ് പോലിസിന് നേരേ ആക്രമണമുണ്ടായത്. ഇത് നേരിയ തോതില്‍ ബലപ്രയോഗത്തിനിടയാക്കി. ഇത് പോലിസുകാരന്റെ നിസ്സംഗതയ്ക്ക് ന്യായീകരണമല്ലെന്നും യുപി പോലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it