Sub Lead

'ലൗ ജിഹാദ്' നിയമം: യുപിയില്‍ മുസ് ലിം കുടുംബങ്ങളെ കൂട്ടത്തോടെ ജയിലിലടയ്ക്കുന്നു

ഇറ്റയില്‍ അറസ്റ്റ് ചെയ്തത് ഒരു കുടുംബത്തിലെ 26 പേരെ

ലൗ ജിഹാദ് നിയമം: യുപിയില്‍ മുസ് ലിം കുടുംബങ്ങളെ കൂട്ടത്തോടെ ജയിലിലടയ്ക്കുന്നു
X

ന്യൂഡല്‍ഹി: മുസ് ലിം-ഹിന്ദു യുവതീ യുവാക്കള്‍ തമ്മിലുള്ള പ്രണയവിവാഹത്തെ പിശാചുവല്‍ക്കരിച്ച് 'ലൗ ജിഹാദ്' എന്ന് മുദ്രകുത്തി ജാമ്യമില്ലാ നിയമപ്രകാരം ജയിലിലടയ്ക്കുന്ന യുപിയിലെ പുതിയ 'ലൗ ജിഹാദ്' നിയമം ഉപയോഗിച്ച് മുസ് ലിം കുടുംബങ്ങളെ കൂട്ടത്തോടെ ജയിലിലടയ്ക്കുന്നു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലും സമാന നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഉത്തര്‍പ്രദേശിലാണ് പ്രണയിച്ച് നിര്‍ബന്ധിത മതം മാറ്റത്തിനു ശ്രമിച്ചെന്ന് ആരോപിച്ച് മുസ് ലിം കുടുംബത്തിലെ സ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ പുതിയ 'ലൗ ജിഹാദ് നിയമം' പ്രകാരം അറസ്റ്റിലായ 86 പേരില്‍ 79 പേരും മുസ് ലിംകളാണ്. ഒരു കേസില്‍, 21 വയസ്സുകാരിയായ ഹിന്ദു യുവതിയെ ഇസ് ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചെന്നാരോപിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ മുസ് ലിം യുവാവിന്റെ കുടുംബത്തിലെ 26 പേര്‍ക്കെതിരേയാണ് കേസെടുത്തത്. 2017 നവംബറിലാണ് വിവാഹം നടന്നതെങ്കിലും ഈയിടെ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ പുതിയ നിയമമാണ് ചുമത്തിയതെന്ന് നാഷണല്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.

മൗവില്‍ ഒരു കുടുംബത്തിലെ 16 അംഗങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു കേസില്‍ സീതാപൂരില്‍ മുസ് ലിം കുടുംബത്തിലെ 14 അംഗങ്ങള്‍ക്കെതിരേയാണ് കേസെടുത്തത്. എഫ്‌ഐആറുകളില്‍ രണ്ടെണ്ണം അമുസ്‌ലിംകള്‍ക്കെതിരേയാണ്ട്. അതാവട്ടെ ക്രിസ്ത്യാനികള്‍ക്കെതിരേയും. ഇതില്‍ ഏഴ് പേര്‍ക്കെതിരേയാണ് കേസെടുത്തത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ യുവതികളെ നിര്‍ബന്ധിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. 'ലൗ ജിഹാദി'ന് അറുതിവരുത്തുമെന്ന് പ്രഖ്യാപിച്ച് 2020ലാണ് നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതുപ്രകാരം 'വഞ്ചന', 'ബലപ്രയോഗം' അല്ലെങ്കില്‍ 'പ്രലോഭനം' തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇതര മതസ്ഥരായ യുവതികളെ വിവാഹം കഴിച്ചാല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ചുമത്തും. ഈ നിയമമനുസരിച്ച് 16 എഫ്‌ഐആറുകള്‍ സമര്‍പ്പിച്ചതായി ഉത്തര്‍പ്രദേശ് പോലിസ് അറിയിച്ചു. ഇതില്‍ 86 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പോലിസ് കേസെടുത്തവരില്‍ സ്ത്രീകളും പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്.

പ്രസ്തുത നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും തുടര്‍ന്നുള്ള അറസ്റ്റുകളെക്കുറിച്ചും മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരും മനുഷ്യാവകാശ പ്രവര്‍ത്തകരും കടുത്ത ആശങ്ക ഉന്നയിച്ചിട്ടുണ്ട്. 2020 ഡിസംബറില്‍ 104 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കത്തെഴുതിയിരുന്നു. വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉല്‍ഭവ കേന്ദ്രമായി ഉത്തര്‍പ്രദേശ് മാറിയെന്നാണ് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഓര്‍ഡിനന്‍സ് മുസ്‌ലിംകള്‍ക്കെതിരാണെന്നും മുസ് ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നു വ്യക്തമാക്കിയിട്ടും പോലിസ് മുസ്‌ലിംകള്‍ക്കെതിരേ നടപടിയെടുത്തതായി സന്നദ്ധ സംഘടനയായ പീപ്പിള്‍സ് വിജിലന്‍സ് കമ്മിറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്(പിവിസിആര്‍) പ്രതിനിധി ലെനിന്‍ രഘുവന്‍ഷി പറഞ്ഞു. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം അവരുടെ ആധിപത്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാലാണ് അവര്‍ മിശ്ര വിവാഹത്തെയും അന്തര്‍ജാതി വിവാഹങ്ങളെയും എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങളില്‍ പോലിസും ഹിന്ദുത്വവാദികളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. പലപ്പോഴും ലൗ ജിഹാദ് ആരോപിച്ച് ഹിന്ദുത്വര്‍ മുസ് ലിം യുവാക്കളെ ആക്രമിച്ച് പോലിസിന് കൈമാറുകയാണു ചെയ്യുന്നത്. നിയമം ഏതെങ്കിലും പ്രത്യേക മതത്തിനെതിരെയല്ലെന്നും എല്ലാ മതങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും വ്യക്തമാക്കി യോഗി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അലഹബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടും പ്രണയവിവാഹത്തിന്റെ പേരില്‍ മുസ് ലിംകളെ വേട്ടയാടുന്നത് തുടരുകയാണ്.

UP : 26 family members of a Muslim man arrested over alleged 'love jihad'


Next Story

RELATED STORIES

Share it