Sub Lead

ഏക സിവില്‍കോഡ്: മുസ്‌ലിം സംഘടനകളുടെ യോഗം നാളെ കോഴിക്കോട്ട്

ഏക സിവില്‍കോഡ്: മുസ്‌ലിം സംഘടനകളുടെ യോഗം നാളെ കോഴിക്കോട്ട്
X

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നതിനിടെ വിഷയത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ യോഗം മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച കോഴിക്കോട്ട് ചേരും. എല്ലാ സംഘടനാ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. നാളെ രാവിലെ 11ന് മെറീന റസിഡന്‍സിയിലാണ് യോഗം. എറണാകുളത്ത് ജൂലൈ 15ന് മുമ്പ് രാജ്യത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ നടത്തും. കോഴിക്കോടും തിരുവനന്തപുരത്തും സെമിനാറുകള്‍ നടക്കും. സിപിഎം ഈ വിഷയത്തില്‍ നടത്തുന്ന പരിപാടിയിലേക്ക് ലീഗിന് ക്ഷണം കിട്ടിയിട്ടില്ല. കിട്ടിയാല്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും. ശരീഅത്ത് വിവാദകാലത്തെ നിലപാടില്‍ നിന്ന് സിപിഎമ്മിനുണ്ടായ മാറ്റം സ്വാഗതം ചെയ്യുന്നതായും പി എം എ സലാം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഈ വിഷയത്തില്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയല്ലല്ലോ ക്ഷണിക്കേണ്ടതെന്നായിരുന്നു പിഎംഎ സലാമിന്റെ മറുപടി.

അതേസമയം, ഏകസിവില്‍കോഡ് വിഷയത്തില്‍ മുമ്പ് ഇഎംഎസ് പറഞ്ഞ നിലപാടില്‍നിന്ന് സിപിഎം മാറിയോ എന്ന് വ്യക്തമാക്കണമെന്ന് ഡോ.എം കെ മുനീര്‍ പറഞ്ഞു. സിപിഎം ഇപ്പോള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് സിംഹക്കൂട്ടില്‍നിന്ന് ചെന്നായയുടെ കൂട്ടിലേക്ക് പോവുന്നതുപോലെയാണ്. നിയമം ഇതുവരെ നടപ്പാക്കാത്തതിന് കാരണം കോണ്‍ഗ്രസാണ്. നെഹ്‌റുവാണ് അതിനെതിരേ ശക്തമായ നിലപാടെടുത്തത്. അതുപോലെ ഒരാളും അത്തരമൊരു നിലപാടെടുത്തിട്ടില്ല. വിഷയത്തെ മുസ്്‌ലിം പ്രശ്‌നമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിഎഎ പ്രതിഷേധത്തിനെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും എം കെ മുനീര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it