Sub Lead

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാവുന്നു; കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാവുന്നു; കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു
X

ന്യൂഡല്‍ഹി: ഒന്നര മാസത്തോളമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആര്‍ കെ രഞ്ജന്‍ സിങിന്റെ ഇംഫാലിലെ കോങ്ബയിലെ വീടിന് ഒരുസംഘം തീയിട്ടത്. സംഭവസമയത്ത് കേന്ദ്രമന്ത്രി ആര്‍ കെ രഞ്ജന്‍ സിങ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, മന്ത്രിയുടെ വസതിയില്‍ 22ഓളം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിനിടെ എല്ലാ ഭാഗത്തുനിന്നും പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായി മന്ത്രിയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ആള്‍ക്കൂട്ടം അതിശക്തമായതിനാല്‍ ഞങ്ങള്‍ക്ക് സംഭവം തടയാനായില്ല. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും ഞങ്ങള്‍ക്കായില്ല. അവര്‍ എല്ലാ ദിശകളില്‍ നിന്നും പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു.. കെട്ടിടത്തിന് പിന്നിലുള്ള ബൈ ലെയിനില്‍ നിന്നും മുന്‍വശത്തെ പ്രവേശന കവാടത്തില്‍ നിന്നുമെല്ലാം ബോംബെറിഞ്ഞെന്നും എസ്‌കോര്‍ട്ട് കമാന്‍ഡര്‍ എല്‍ ദിനേശ്വര്‍ സിങ് പറഞ്ഞു. 1,200 ഓളം പേരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ വീട് ആക്രമിക്കുന്നത്. മേയില്‍ നടന്ന ആക്രമണത്തിനിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. കഴിഞ്ഞ മാസം ആര്‍ കെരഞ്ജന്‍ സിംഗ് മണിപ്പൂരിലെ മെയ്‌തേയ്, കുക്കി സമുദായങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായ പ്രാദേശിക രാഷ്ട്രീയക്കാരെ തിരിച്ചറിയാനും അപലപിക്കാനും ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്തെ ഏക വനിതാ മന്ത്രിയായ വ്യവസായ വകുപ്പിന്റെ ചുമതലയുള്ള നെംച കിപ്ഗന്റെ ഔദ്യോഗിക വസതിയും കത്തിച്ചിരുന്നു. കര്‍ഫ്യൂ തുടരുന്നതിനിടെയും സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. പലയിടത്തും വീടുകള്‍ക്ക് തീയിടുന്നത് തുടരുകയാണ്. മെയ് 3 മുതല്‍ തുടരുന്ന കലാപത്തില്‍ 120ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.




Next Story

RELATED STORIES

Share it