Sub Lead

സാമ്പത്തിക പ്രതിസന്ധി; ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്ക് അടച്ചുപൂട്ടി

സാമ്പത്തിക പ്രതിസന്ധി; ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്ക് അടച്ചുപൂട്ടി
X

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രശസ്ത ട്രാവല്‍ ബ്രിട്ടീഷ് ഏജന്‍സിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ലോകത്താകമനം ഓഫിസുകളും ആയിരക്കണക്കിന്ന് ഉപഭോക്താക്കളും ഉണ്ടായിരുന്നു. തോമസ് കുക്കിലൂടെ ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികള്‍ മാത്രം നിലവില്‍ 1,80,000 പേര്‍ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനത്തില്‍ ഉണ്ടെന്നാണ് കണക്ക്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ വേറെയും. കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതോടെ വിനോദസഞ്ചാരികള്‍ പെരുവഴിയിലായതായാണു റിപോര്‍ട്ട്.

178 വര്‍ഷം മുമ്പ് തുടങ്ങിയതും വര്‍ഷങ്ങളായി മികച്ചനിലയില്‍ പ്രവര്‍ത്തിച്ച് വരുന്നതുമായ സ്ഥാപനമാണു തോമസ് കുക്ക്. കമ്പനി പൂട്ടിയതോടെ 16 രാജ്യങ്ങളിലായി 20,000 ജീവനക്കാര്‍ തൊഴില്‍രഹിതരായി. ഇവരില്‍ 9000 ഓളം പേര്‍ ബ്രിട്ടനിലാണ്. 25 കോടി ഡോളര്‍(ഏകദേശം 18,000 കോടി രൂപ) ബാധ്യത തീര്‍ക്കാന്‍ സാധിക്കാത്തതാണ് കമ്പനി അടച്ചുപൂട്ടാനുള്ള കാരണമെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബാങ്കുകള്‍ ബാധ്യത ഏറ്റെടുക്കാന്‍ തയാറായില്ല.

മാത്രമല്ല, കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ചൈനീസ് കമ്പനി ഫോസനുമായും രക്ഷാദൗത്യത്തിന് ശ്രമം നടത്തി. എന്നാല്‍ അടിയന്തര സഹായത്തിന്ന് ഇത്രയതികം കടം വീട്ടാന്‍ കമ്പനി തയ്യാറാവാതിരുന്നതോടെ വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇതോടെ കമ്പനി അടച്ചു പൂട്ടേണ്ടിവന്നു. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി. കൂടാതെ കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മണി എക്‌സേഞ്ചുകള്‍, വിമാന സര്‍വീസുകള്‍, ഫെറി സര്‍വീസുകള്‍ എന്നിവയെയും അടച്ചുപൂട്ടല്‍ ബാധിച്ചു. താമസ് കുക്ക് ഇപ്പോള്‍ വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതാതു സ്ഥലങ്ങളില്‍ എത്തിക്കുമെന്നും യുകെയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(സിഎഎ) അറിയിച്ചു.

എന്നാല്‍ ഈ സംഭവവികാസങ്ങള്‍ തോമസ് കുക്ക്(ഇന്ത്യ) ലിമിറ്റഡിന്റെ ഉപഭോക്താക്കളെ ബാധിക്കില്ലെന്നും ഇതിനു യുകെ ആസ്ഥാനമായുള്ള തോമസ് കുക്ക് പിഎല്‍സിയുമായി ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാനഡ ആസ്ഥാനമായുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് തോമസ് കുക്ക് ഇന്ത്യ. 2012ല്‍ യുകെയിലെ തോമസ് കുക്കില്‍ നിന്ന് മുഴുവന്‍ ഓഹരികളും തോമസ് കുക്ക്(ഇന്ത്യ) ലിമിറ്റഡ് വാങ്ങുകയായിരുന്നു.





Next Story

RELATED STORIES

Share it