Sub Lead

മഞ്ചേശ്വരത്തടക്കം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വി ഡി സതീശന്‍; എല്ലാ വോട്ടിനും വിലയുണ്ടെന്ന് പിഎംഎ സലാം

മഞ്ചേശ്വരത്തടക്കം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വി ഡി സതീശന്‍; എല്ലാ വോട്ടിനും വിലയുണ്ടെന്ന് പിഎംഎ സലാം
X

കോഴിക്കോട്: എസ്ഡിപിഐ വോട്ട് വേണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മഞ്ചേശ്വരത്ത് അടക്കം എസ്ഡിപിഐ വോട്ട് വേണ്ടെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും മുസ് ലിം ലീഗ് നേതാക്കളും സതീശന്റെ നിലപാടിനെ തള്ളുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് നടത്തിയത്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാ വോട്ടിനും വിലയുണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എതിര്‍സ്ഥാനാര്‍ത്ഥിയോട് പോലും വോട്ട് ചോദിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും പിഎംഎ സലാം പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സംഘടനയുടെ വോട്ടും അവരുമായുളള ബാന്ധവവുമല്ല ആഗ്രഹിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും എല്ലാ വോട്ടര്‍മാരെയും ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ കാണാറുണ്ട്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാകും. ഒരു സ്ഥാനാര്‍ത്ഥിയുടെ ഉത്തരവാദിത്തമാണ് ആ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുക എന്നത്. അതല്ലാതെ ഏതെങ്കിലും സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമോ ധാരണയോ നീക്കുപോക്കോ ഒന്നുമില്ല. ജനാധിപത്യ സംവിധാനത്തില്‍ വോട്ടിന് നല്ല വിലയുണ്ട്. മണ്ഡലത്തിലെ വോട്ടര്‍ ആരായിരുന്നാലും അദ്ദേഹത്തിന്റെ വോട്ട് ആ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചോദിക്കാം' എന്നാണ് പിഎംഎ സലാം പറഞ്ഞത്. എസ്ഡിപിഐ വോട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയും സമാനമായ അഭിപ്രായ പ്രകടനമാണ് നടത്തിയത്.

നേമത്ത് ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് യുഡിഎഫ് വലിയ വിവാദമാക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്, ഈ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്നൊന്നും പറയാന്‍ പറ്റില്ല. അത് വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ നേമത്ത് ശിവന്‍കുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞിരുന്നു.

എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരുന്നില്ല. എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.








Next Story

RELATED STORIES

Share it