Sub Lead

അബദ്ധത്തില്‍ അക്കൗണ്ടുകളിലേക്ക് മാറിയിട്ടത് 820 കോടി രൂപ...!; 80 ശതമാനവും തിരിച്ചെടുത്തെന്ന് ബാങ്ക്

അബദ്ധത്തില്‍ അക്കൗണ്ടുകളിലേക്ക് മാറിയിട്ടത് 820 കോടി രൂപ...!; 80 ശതമാനവും തിരിച്ചെടുത്തെന്ന് ബാങ്ക്
X

ന്യൂഡല്‍ഹി: ആയിരമോ പതിനായിരമോ അല്ല, അബദ്ധത്തില്‍ വിവിധ അക്കൗണ്ടുകളിലേക്ക് തെറ്റായി കൈമാറിയ തുക കേട്ടാല്‍ ആരുമൊന്ന് ഞഎട്ടും. 820 കോടി രൂപയാണത്രേ അക്കൗണ്ടുകള്‍ മാറി ക്രെഡിറ്റ് ചെയ്തത്. ഏതെങ്കിലുമൊരു ശതകോടീശ്വരനാണ് അബദ്ധം പറ്റിയതെന്ന് കരുതിയാല്‍ അവിടെയും തെറ്റി. പ്രമുഖ പൊതുമേഖലാ ബാങ്കായ യൂകോ ബാങ്കിനാണ് അമളി പറ്റിയത്. മാറി ക്രെഡിറ്റ് ചെയ്ത തുകയില്‍ 80 ശതമാനവും വീണ്ടെടുത്തതായി ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതായത് കൈമാറിയ 820 കോടിയില്‍ 649 കോടി രൂപയും തിരിച്ചുപിടിച്ചതായാണ് യൂകോ ബാങ്ക് പറയുന്നത്. പണം ലഭിച്ച അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തത് അടക്കമുള്ള നടപടികളിലൂടെയാണ് ഇത്രയും തുക വീണ്ടെടുത്തതത്രേ.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഐഎംപിഎസിലൂടെയാണ് ചില ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് തുക തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലമാണോ അതോ ഹാക്കിങ് സംഭവിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. ബാക്കിയുള്ള 171 കോടി രൂപ വീണ്ടെടുക്കാന്‍ നടപടി സ്വീകരിച്ചതായും ബാങ്ക് അറിയിച്ചു. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിയമ സംവിധാനങ്ങളെ വിവരം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കി. വിവരം പുറത്തായതിനു പിന്നാലെ യൂക്കോ ബാങ്കിന്റെ ഓഹരിയില്‍ ഇടിവ് നേരിട്ടു. 1.1 ശതമാനം ഇടിവോടെ 39.39 രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നത്.

Next Story

RELATED STORIES

Share it