Sub Lead

സൊമാറ്റോക്കു പിന്തുണയുമായി യൂബര്‍ ഈറ്റ്‌സും

സൊമാറ്റോക്കു പിന്തുണയുമായി യൂബര്‍ ഈറ്റ്‌സും
X

ന്യൂഡല്‍ഹി: ഭക്ഷണം എത്തിച്ച യുവാവ് അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിരസിച്ച ഹിന്ദു യുവാവിന് കിടിലന്‍ മറുപടി നല്‍കിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയെ പിന്തുണച്ച് മറ്റൊരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ യൂബര്‍ ഈറ്റ്‌സും രംഗത്ത്. 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം' എന്നാണ് സൊമാറ്റോയെ പിന്തുണച്ച് യൂബര്‍ ഈറ്റ്‌സ് ട്വീറ്റ് ചെയ്തത്.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിച്ച ഡെലിവറി ബോയി അഹിന്ദുവായതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാതെ ഹിന്ദു യുവാവ് മടക്കി അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമിത് ശുക്ലയെന്ന യുവാവാണ് ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതെ ഓര്‍ഡര്‍ റദ്ദാക്കിയത്. തുടര്‍ന്ന് ഇയാള്‍ ട്വിറ്ററില്‍ സൊമാറ്റോക്കെതിരേ രംഗത്തു വരികയും ചെയ്തു.

'ഞാന്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വന്നത് ഒരു അഹിന്ദുവാണ്. എന്റെ ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ അഹിന്ദുവിനെ അയച്ചതുകൊണ്ട് ഞാന്‍ ആ ഓര്‍ഡര്‍ റദ്ദാക്കി. ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് ചെയ്യാന്‍ നിര്‍വാഹമില്ലെന്നും സൊമാറ്റോ അറിയിച്ചു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്ന നിര്‍ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. എനിക്ക് ഈ ഭക്ഷണം വേണ്ട. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്, പണവും മടക്കിത്തരണ്ട എന്നായിരുന്നു അമിത് ശുക്ലയുടെ ട്വീറ്റ്.

ഇതിനി മറുപടിയായി സൊമാറ്റോ കമ്പനി തന്നെ രംഗത്തെത്തുകയായിരുന്നു. ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് 'എന്നായിരുന്നു യുവാവിന് സൊമാറ്റോ നല്‍കിയ കിടിലന്‍ മറുപടി. ഇതേ തുടര്‍ന്നു സൊമാറ്റോ കമ്പനിയെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it