സിപിഎം തടവുകാര്‍ക്ക് ടിവി എത്തിച്ചുനല്‍കി; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി. പ്രിസണ്‍ ഓഫിസര്‍ രവീന്ദ്രന്‍, അസി. പ്രിസണ്‍ ഓഫിസര്‍ എം കെ ബൈജു എന്നിവരെയാണ് ജയില്‍ മേധാവി ഋഷിരാജ് സിങ് സസ്‌പെന്‍ഡ് ചെയ്തത്

സിപിഎം തടവുകാര്‍ക്ക് ടിവി എത്തിച്ചുനല്‍കി; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന സിപിഎം തടവുകാര്‍ക്ക് ടിവി എത്തിച്ചുകൊടുത്ത സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി. പ്രിസണ്‍ ഓഫിസര്‍ രവീന്ദ്രന്‍, അസി. പ്രിസണ്‍ ഓഫിസര്‍ എം കെ ബൈജു എന്നിവരെയാണ് ജയില്‍ മേധാവി ഋഷിരാജ് സിങ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ വിനോദന്‍ ജയില്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. 2018 മാര്‍ച്ച് മാസത്തിലാണ് സംഭവം. സിപിഎം തടവുകാര്‍ ഒന്നിച്ചു കഴിയുന്ന ഒന്നാം ബ്ലോക്കില്‍ ജയില്‍ വകുപ്പു മേധാവിയുടെ അനുമതിയില്ലാതെ രഹസ്യമായി പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിക്കൊടുക്കുകയായിരുന്നു. സെന്‍ട്രല്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും നിലവില്‍ ടിവി ഉണ്ടെങ്കിലും 200ഓളം തടവുകാര്‍ കഴിയുന്ന മൂന്നാം ബ്ലോക്കില്‍ ഒരു ടിവി കൂടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം തടവുകാര്‍ ആവശ്യമായ പണം വീട്ടിലേക്ക് അയക്കുകയും പണം ശേഖരിച്ച് ടിവി വാങ്ങാന്‍ ജയിലിനു പുറത്ത് ഒരാളെ ചുമതലപ്പെടുത്തുകയുമായിരുന്നു. തടവുകാര്‍ ജയിലില്‍ ജോലി ചെയ്ത് കിട്ടുന്ന കൂലിയുടെ 50 ശതമാനം വീട്ടിലേക്ക് അയയ്ക്കാമെന്ന വ്യവ്സ്ഥയാണ് പണപ്പിരിവിന് ഉപയോഗിച്ചത്. ഇത്തരത്തില്‍ ശേഖരിച്ച പണം കൊണ്ട് ടിവി വാങ്ങുകയും പല ഉദ്യോഗസ്ഥരും അറിയാതെ ഒന്നാം ബ്ലോക്കില്‍ പുതിയ ടിവി സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, പിരിവ് നടത്തിയതില്‍ തിരിമറി നടന്നെന്നു കാണിച്ച് ചില തടവുകാര്‍ തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അര ലക്ഷത്തോളം രൂപ പിരിച്ചെങ്കിലും പകുതി വില പോലുമില്ലാത്ത ടിവിയാണ് വാങ്ങിയതെന്നും തടവുകാര്‍ പരാതിപ്പെട്ടതോടെ ജയില്‍ സൂപ്രണ്ട് ടിവി പിടിച്ചെടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കനംകുറഞ്ഞ പുതിയ മോഡല്‍ എല്‍ഇഡി, എല്‍സിഡി ടിവിക്കു പകരം പഴയ മോഡല്‍ ടിവിയാണ് ഒന്നാം ബ്ലോക്കിലെത്തിച്ചത്. സംഭവം വിവാദമാവുകയും പുതുതായി ജയില്‍ മേധാവിയായി ചുമതലയേറ്റ ഋഷിരാജ് സിങ് നടപടിക്കു നിര്‍ദേശം നല്‍കുകയുമായിരുന്നു.RELATED STORIES

Share it
Top