Sub Lead

മുര്‍സിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് ഉര്‍ദുഗാന്‍

മുര്‍സിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ ആദ്യ ലോക നേതാവാണ് ഉര്‍ദുഗാന്‍. 'നമ്മുടെ സഹോദരന്‍ മുര്‍സിക്ക് നാഥന്‍ ശാന്തി നല്‍കട്ടെ, നമ്മുടെ രക്തസാക്ഷിയുടെ ആത്മാവ് സമാധാനത്തിലാവട്ടെ' മുര്‍സിയുടെ മരണ വാര്‍ത്തയോട് ഉര്‍ദുഗാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

മുര്‍സിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് ഉര്‍ദുഗാന്‍
X

പട്ടാള ഭരണകൂടത്തിന്റെ തടവിലിരിക്കെ കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ച മുന്‍ ഈജിപ്ത് പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.


മുര്‍സിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ ആദ്യ ലോക നേതാവാണ് ഉര്‍ദുഗാന്‍. 'നമ്മുടെ സഹോദരന്‍ മുര്‍സിക്ക് നാഥന്‍ ശാന്തി നല്‍കട്ടെ, നമ്മുടെ രക്തസാക്ഷിയുടെ ആത്മാവ് സമാധാനത്തിലാവട്ടെ' മുര്‍സിയുടെ മരണ വാര്‍ത്തയോട് ഉര്‍ദുഗാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സി കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഈജിപ്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലാണ് വിവരം പുറത്ത് വിട്ടത്. 67 വയസ്സായിരുന്നു. വിചാരണക്കിടെ 20 മിനിറ്റോളം മുര്‍സി ജഡ്ജിയുമായി സംസാരിച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. വിചാരണക്കിടെ കോടതിയില്‍ കുഴഞ്ഞു വീണ മുര്‍സിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുല്‍ മുസ്‌ലിമൂന് കീഴില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ചെയര്‍മാനും ഈജിപ്റ്റിന്റെ മുന്‍ രാഷ്ട്രപതിയുമായിരുന്നു മുര്‍സി. ഈജിപ്തില്‍ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയായിരുന്നു. 2012 ജൂണ്‍ 24 ന് മുഹമ്മദ് മുര്‍സി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. 2013 ജൂലൈ 4 ന് മുര്‍സിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി. ഇന്ന് കോടതി നടപടികള്‍ക്കിടെയാണ് അദ്ദേഹം കുഴഞ്ഞ് വീണ് മരിച്ചത്.


പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയായിരുന്നു മുര്‍സി. പശ്ചിമേഷ്യയില്‍ സംഭവിച്ച മുല്ലപ്പൂ വിപ്ലവാനന്തരം ഈജിപ്തില്‍ അധികാരത്തിലേറിയ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു മുര്‍സി. 2013ലെ പട്ടാള അട്ടിമറിയെ തുടര്‍ന്നാണ് മുര്‍സി തടവിലാക്കപ്പെടുന്നത്.

ഏഴ് വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ മൂന്ന് തവണ മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തെ കാണാന്‍ കഴിഞ്ഞത്. ജയില്‍ വാസത്തിനിടെ 2013 നവംബറിലാണ് ആദ്യമായി കുടുംബത്തെ സന്ദര്‍ശിച്ചത്. രണ്ടാംവട്ടം ഭാര്യയേയും മകളേയും മാത്രമാണ് പട്ടാള ഭരണകൂടം കാണാന്‍ അനുവദിച്ചത്. അവസാനമായി 2018 സപ്തംബറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കുടുംബത്തെ കാണാന്‍ അനുമതി നല്‍കിയത്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന മുര്‍സി ജയിലില്‍ ഏറെ പീഡനങ്ങളാണ് അനുഭവിച്ചത്. കരള്‍, കിഡ്‌നി രോഗങ്ങള്‍ മൂലം ഏറെ പ്രയാസം അനുഭവിച്ച മുര്‍സിക്ക് ജയില്‍ അധികൃതര്‍ ചികില്‍സ നിഷേധിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.


1951 ആഗസ്ത് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ഈസാ അല്‍ ഇയ്യാഥിന്റെ ജനനം. കയ്‌റോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുര്‍സി, 1982ല്‍ കാലഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985ല്‍ ജന്‍മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുര്‍സി ബ്രദര്‍ഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തില്‍ സജീവമാവുന്നതും.

2000-05 കാലത്ത് ബ്രദര്‍ഹുഡിന്റെ പിന്തുണയോടെ പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് വിജയിച്ച മുര്‍സി ഇക്കാലയളവിനുള്ളില്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011ല്‍ ഫ്രീഡം ആന്‍ഡ്് ജസ്റ്റിസ് പാര്‍ട്ടി രൂപീകരിക്കുന്നതുവരെ ബ്രദര്‍ഹുഡിന്റെ നേതൃസ്ഥാനത്തായിരുന്നു മുര്‍സി. വര്‍ഷങ്ങള്‍ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നില്‍നിന്ന ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു.

2013 മാര്‍ച്ച് 1820 ദിവസങ്ങളില്‍ മുഹമ്മദ് മുര്‍സി ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദര്‍ശത്തിനിടയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, ഇ അഹമ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.


സാമ്പത്തികബന്ധവും സഖ്യവും ശക്തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്തും ഏഴു കരാറുകളില്‍ ഒപ്പിട്ടു. പ്രതിരോധരംഗത്തും യു.എന്‍. അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വര്‍ധിപ്പിക്കാനും ഇന്ത്യ സന്ദര്‍ശിക്കുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. 2013 ജൂലൈ 4 ന് മുര്‍സി ഭരണകൂടത്തെ പട്ടാളം അട്ടിമറിയിലൂടെ പരാജയപ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it