Sub Lead

കാട്ടുതീക്ക് പിന്നാലെ ദുരിതം വിതച്ച് പ്രളയവും; തുര്‍ക്കിയില്‍ മരണസംഖ്യ 31 ആയി, നിരവധി വീടുകളും പാലങ്ങളും റോഡുകളും തകര്‍ന്നു

പോസ്റ്റുകള്‍ തകര്‍ന്നത് മൂലം 330 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലാതായി. 1,800 ലധികം പേരെ ഒഴിപ്പിച്ചു. ദുരിതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരുമാസത്തിനിടെ രണ്ട് വലിയ പ്രകൃതിദുരന്തങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

കാട്ടുതീക്ക് പിന്നാലെ ദുരിതം വിതച്ച് പ്രളയവും; തുര്‍ക്കിയില്‍ മരണസംഖ്യ 31 ആയി, നിരവധി വീടുകളും പാലങ്ങളും റോഡുകളും തകര്‍ന്നു
X

അങ്കാറ: രാജ്യത്തെ നടുക്കിയ കാട്ടുതീയുടെ കെടുതികള്‍ വിട്ടുമാറും മുമ്പ് തുര്‍ക്കിയില്‍ വീണ്ടും ദുരിതം വിതച്ച് മിന്നല്‍ പ്രളയം. വടക്കന്‍ തുര്‍ക്കിയിലെ കരിങ്കടല്‍ തീരപ്രദേശത്ത് പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 31 ആയി. തുര്‍ക്കിയുടെ തെക്കന്‍മേഖലയില്‍ കാട്ടുതീ ദുരിതംവിതച്ച് ദിവസങ്ങള്‍ക്കകമാണ് വടക്കന്‍ മേഖലയില്‍ പ്രളയമുണ്ടായിരിക്കുന്നത്. 31 മരണങ്ങളില്‍ 29ഉം കസ്റ്റമോണിയ പ്രവിശ്യയിലാണ്. പ്രളയത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും റോഡുകള്‍ക്കും പാലങ്ങള്‍ക്കും നാശമുണ്ടായി. റോഡുകളിലൂടെ ഡസന്‍ കണക്കിന് വാഹനങ്ങള്‍ ഒഴുകിനടന്നു. തെരുവുകള്‍ മുഴുവന്‍ മാലിന്യക്കൂമ്പാരങ്ങളാണ്.


പോസ്റ്റുകള്‍ തകര്‍ന്നത് മൂലം 330 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലാതായി. 1,800 ലധികം പേരെ ഒഴിപ്പിച്ചു. ദുരിതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരുമാസത്തിനിടെ രണ്ട് വലിയ പ്രകൃതിദുരന്തങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. തുര്‍ക്കിയിലെ കരിങ്കടല്‍ മേഖലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ് വിവിധ സേനാവിഭാഗങ്ങള്‍. 'ഞാന്‍ കണ്ട ഏറ്റവും വലിയ പ്രളയദുരന്തമാണിത്- ബാര്‍ട്ടിന്‍, കസ്തമോനു, സിനോപ് പ്രവിശ്യകളിലുടനീളം വ്യാപിച്ച നാശനഷ്ടങ്ങള്‍ പരിശോധിച്ച ശേഷം ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 31 പേര്‍ മരണപ്പെടുകയും പത്ത് പേര്‍ ആശുപത്രിയില്‍ ചികില്‍സയിലുമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതല്‍ പേരെ കാണാനില്ലെന്നും മരണസംഖ്യ കുത്തനെ ഉയരുമെന്നും പ്രതിപക്ഷ കക്ഷികള്‍ പറയുന്നു. അയന്‍സിക്കിലെ അടിസ്ഥാനസൗകര്യ സംവിധാനങ്ങളെല്ലാം പൂര്‍ണമായും താറുമാറായി. മലിനജല സംവിധാനം നശിച്ചു. വൈദ്യുതിയും വെള്ളവുമില്ല- സിനോപ് മേയര്‍ ബാരിസ് അയന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തുര്‍ക്കിയിലെ കസ്തമോനു പ്രവിശ്യയിലെ ഒരു പട്ടണമായ ബോസ്‌കുര്‍ട്ടില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീം അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതായും ഒഴിപ്പിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് 1800 ലധികം ആളുകളെ ഒഴിപ്പിച്ചു.

ചിലരെ ഹെലികോപ്റ്ററുകളുടെയും ബോട്ടുകളുടെയും സഹായത്തോടെയാണ് ഒഴിപ്പിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശമായ കസ്തമോണിലെ ബോസ്‌കുര്‍ട്ട് ജില്ലയ്ക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ 45 സെന്റിമീറ്റര്‍ (18 ഇഞ്ച്) മഴ പെയ്തുവെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതിവേഗം ഒഴുകുന്ന വെള്ളപ്പൊക്കത്തില്‍ നദി കരകവിഞ്ഞൊഴുകുന്നതും മരങ്ങള്‍ കടപുഴകി വീഴുന്നതും വാഹനങ്ങള്‍ ഒഴുകിപ്പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ 180 ഓളം ഗ്രാമങ്ങളിലാണ് വൈദ്യുതിയില്ലാതായത്.

അഞ്ച് പാലങ്ങള്‍ തകര്‍ന്നുവീഴുകയും മറ്റു പലതും തകര്‍ന്നതും റോഡ് ഗതാഗതം സ്തംഭിക്കാനിടയാക്കി. മധ്യ, കിഴക്കന്‍ കരിങ്കടല്‍ മേഖലയില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തുര്‍ക്കി കാലാവസ്ഥാ അതോറിറ്റി അറിയിച്ചു. അതേസമയം, തെക്കന്‍ തുര്‍ക്കിയിലെ മര്‍മാറിസ് മേഖലയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണവിധേയമായിട്ടുണ്ട്. എട്ടുപേരാണ് മരിച്ചത്. പതിനായിരക്കണക്കിന് ഹെക്ടര്‍ വനമേഖല നശിച്ചു. അയല്‍രാജ്യമായ ഗ്രീസില്‍ മഴ പെയ്യാന്‍ തുടങ്ങിയതോടെ കാട്ടുതീ നിയന്ത്രണവിധേയമായിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it