Sub Lead

മിസൈല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല, യുഎസ് എന്തിനും തയ്യാറെന്നും ട്രംപ്

ഇറാന്‍ ഭീകരവാദത്തിന്റെ മുന്‍നിര പ്രായോജകരാണ്. തന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വധിച്ചതെന്നും ട്രംപ് പറഞ്ഞു.

മിസൈല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല, യുഎസ് എന്തിനും തയ്യാറെന്നും ട്രംപ്
X

വാഷിങ്ടണ്‍:താന്‍ യുഎസ് പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ മിസൈലാക്രമണത്തില്‍ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവര്‍ത്തിച്ചു. ആവശ്യമായ മുന്‍കരുതലുകളും എടുത്തിരുന്നു.

ഇറാഖിലുള്ള എല്ലാ യുഎസ് പട്ടാളക്കാരും സുരക്ഷിതരാണെന്നും സൈനിക കേന്ദ്രത്തില്‍ നിസാര നഷ്ടം മാത്രമാണ് ഉണ്ടായെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രേറ്റ് അമേരിക്കന്‍ ഫോഴ്‌സ് എന്തിനും സന്നദ്ധരാണ്. 'ഭീകരത'യ്ക്കു സഹായം നല്‍കുന്നത് ഇറാന്‍ നിര്‍ത്തണം. സുലൈമാനി 'തീവ്രവാദികള്‍ക്ക്' പരിശീലനം നല്‍കിയിരുന്ന ആളാണ്. സുലൈമാനിയുടെ വധത്തിലൂടെ ലോകത്തിന് നല്‍കിയത് ശക്തമായ സന്ദേശമാണെന്നും പറഞ്ഞു. ഇറാന്‍ ഭീകരവാദത്തിന്റെ മുന്‍നിര പ്രായോജകരാണ്. തന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വധിച്ചതെന്നും ട്രംപ് പറഞ്ഞു. സൈനിക തലവനെന്ന നിലയില്‍ സുലൈമാനി പല ആക്രമണങ്ങള്‍ക്കും മുഖ്യകാരണക്കാരനായിരുന്നു. അയാള്‍ ഹിസ്ബുല്ലയടക്കമുള്ള 'തീവ്രവാദികളെ' പരിശീലിപ്പിച്ചു. ആഭ്യന്തര യുദ്ധത്തിലും എരിതീയില്‍ എണ്ണപകര്‍ന്നു. ബഗ്ദാദ് യുഎസ് എംബസിക്കു നേരെ ആക്രമണം നടത്തിയതിനു പിന്നിലും സുലൈമാനിയാണ്. യുഎസിനെതിരെ മറ്റു പദ്ധതികള്‍ തയാറാക്കുകയായിരുന്നു സുലൈമാനി, പക്ഷേ അമേരിക്ക അതു തകര്‍ത്തു. സുലൈമാനിയെ നേരത്തേ വകവരുത്തേണ്ടതായിരുന്നു.

സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ ഭീകരവാദികള്‍ക്ക് ശക്തമായ സന്ദേശമാണ് അമേരിക്ക നല്‍കുന്നത്. ആണവകരാറിലൂടെ നേടിയ പണം ഉപയോഗിച്ച് യെമനിലും സിറിയയിലും ലെബനിനിലും അവര്‍ നരകങ്ങള്‍ സൃഷ്ടിച്ചു. ഇറാനില്‍ അങ്ങോളമിങ്ങോളം നടന്ന ആഭ്യന്തര പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 1500 ഓളം പേരെ കൊലപ്പെടുത്തിയെന്ന് ട്രംപ് കുറ്റപ്പെടുത്തി.

നയങ്ങള്‍ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും. ഇറാന്‍ ആണവ പദ്ധതികള്‍ പൂര്‍ണമായും ഒഴിവാക്കണം. തീവ്രവാദികള്‍ക്കുള്ള പിന്തുണ പിന്‍വലിക്കണം . ബ്രിട്ടനും ജര്‍മ്മനിയും ഫ്രാന്‍സും റഷ്യയും ചൈനയും സാഹചര്യം മനസ്സിലാക്കണം. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് ഈ രാജ്യങ്ങള്‍ പിന്മാറണം. ലോകത്തെ കൂടുതല്‍ സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ഇടമാക്കുന്നതിനുള്ള കരാര്‍ ഇറാനുമായി ഒപ്പുവയ്ക്കാന്‍ ഈ രാഷ്ട്രങ്ങള്‍ തയ്യാറാകണം. അത്യാധുനിക ആയുധങ്ങള്‍ അമേരിക്കയുടെ പക്കലുണ്ട്. എന്നാല്‍ ഇവയൊന്നും പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ട്രംപ് ആവര്‍ത്തിച്ചു. കരാര്‍ ഒപ്പിട്ട അന്നാണ് ഇറാനിലുള്ളവര്‍ ശരിക്കും 'ഡെത്ത് ടു അമേരിക്ക' എന്നത് പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി. മധ്യപൂര്‍വദേശത്ത് നാറ്റോ കൂടുതല്‍ ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it