Sub Lead

കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു; സഖ്യസര്‍ക്കാരിനു ഭീഷണി

ബെള്ളാരി വിജയനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങാണ് തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിനു രാജിക്കത്ത് നല്‍കിയത്. വൈകീട്ടോടെ രമേഷ് ജാര്‍ക്കിഹോളി മുംബൈയില്‍ നിന്ന് ഫാക്‌സ് വഴി സ്പീക്കര്‍ക്കു രാജിക്കത്ത് നല്‍കുകയായിരുന്നു.

കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു; സഖ്യസര്‍ക്കാരിനു ഭീഷണി
X

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ഭിന്നത കൂടുതല്‍ മറനീക്കുന്നു. രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആനന്ദ് സിങ്, രമേശ് ജാര്‍ക്കിഹോളി എന്നീ എംഎല്‍എമാരാണ് നിയമസഭാംഗത്വം രാജിവച്ചത്. ബെള്ളാരി വിജയനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങാണ് തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിനു രാജിക്കത്ത് നല്‍കിയത്. വൈകീട്ടോടെ രമേഷ് ജാര്‍ക്കിഹോളി മുംബൈയില്‍ നിന്ന് ഫാക്‌സ് വഴി സ്പീക്കര്‍ക്കു രാജിക്കത്ത് നല്‍കുകയായിരുന്നു. രണ്ടു തവണ മന്ത്രിസഭാ പുനസംഘടിപ്പിച്ചിട്ടും ആനന്ദ് സിങിനെ പരിഗണിക്കാത്തതാണ് രാജിയില്‍ കലാശിച്ചത്. കഴിഞ്ഞ ജനുവരിയില്‍ കാംപ്ലിയിലെ കോണ്‍ഗ്രസ് എംഎല്‍എ ജെ എന്‍ ഗണേഷ് കുപ്പികൊണ്ടു തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ആനന്ദ് സിങിനു സാരമായി പരിക്കേറ്റതു വലിയ വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ രാജിവാര്‍ത്തയ്ക്കു പിന്നാലെയാണം മുന്‍ മന്ത്രി കൂടിയായ രമേഷ് ജാര്‍ക്കിഹോളിയും രാജിവച്ചത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിന്നു. രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണു റിപോര്‍ട്ടുകള്‍.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിനു മുഖ്യമന്ത്രി പദവി നല്‍കി അപ്രതീക്ഷിത സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് നയതന്ത്രം ബിജെപിയെ ഞെട്ടിച്ചിരുന്നു. എന്നാല്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ ജെഡിഎസുമായി യോജിക്കാത്തത് സഖ്യം ഏതുനിമിഷവും വീഴുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഇതിനിടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കനത്ത തോല്‍വിയുണ്ടായത്. ഇതോടെ, കോണ്‍ഗ്രസിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപിയുമായു ചേര്‍ന്ന് മന്ത്രിപദവിക്കു ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. രണ്ടു എംഎല്‍എമാര്‍ രാജിവച്ചതോടെ കര്‍ണാടകയിലും കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ബിജെപി രഹസ്യനീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിനെ വീഴ്ത്താമെന്നു ബിജെപി പകല്‍ക്കിനാവ് കാണുകയാണെന്നാണ് യുഎസിലുള്ള മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ട്വിറ്ററിലൂടെ പ്രതികരിച്ചത്.


Next Story

RELATED STORIES

Share it