Sub Lead

കൊറോണയ്ക്കിടയില്‍ 'രാമായണം' കാണുന്ന ചിത്രവുമായി കേന്ദ്രമന്ത്രി; രൂക്ഷ വിമര്‍ശനം

കൊറോണയ്ക്കിടയില്‍ രാമായണം കാണുന്ന ചിത്രവുമായി കേന്ദ്രമന്ത്രി; രൂക്ഷ വിമര്‍ശനം
X
ന്യൂഡല്‍ഹി: രാജ്യം കൊറോണ ഭീതിയുടെ മുള്‍മുനയില്‍ കഴിയുമ്പോള്‍ രാമായണം സീരിയില്‍ കാണുന്ന ചിത്രം പുറത്തുവിട്ട് കേന്ദ്ര മന്ത്രി. വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് രാവിലെ 9:41ന് ഡി.ഡി നാഷനലില്‍ രാമായണം കാണുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രൂക്ഷവിമര്‍ശനവുമായി നിരവധി പേരെത്തിയതോടെ, ചിത്രം പിന്‍വലിച്ച മന്ത്രി പുതിയ ഫോട്ടോ പോസ്റ്റ് ചെയ്ത് തടിയൂരി. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന ഫോട്ടോയാണ് മന്ത്രി പിന്നീട് പോസ്റ്റ് ചെയ്തത്. തന്റെ സ്വീകരണമുറിയില്‍ രാമായണം കാണുന്ന ഫോട്ടോയാണ് പ്രകാശ് ജാവദേക്കര്‍ക്കു തിരിച്ചടിയായത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം 21 ദിവസത്തെ ദേശീയ ലോക്ക്ഡൗണിനിടെ ദൂരദര്‍ശന്‍ ശനിയാഴ്ച 'രാമായണ'വും 'മഹാഭാരത'വും പുനസംപ്രേഷണം തുടങ്ങിയിരുന്നു.

ലോക്ക് ഡൗണ്‍ കാരണം എല്ലാ പൊതുഗതാഗതവും നിലച്ചതോടെ, ഭക്ഷണവും പാര്‍പ്പിടവും വരുമാനവുമില്ലാതെ പലരും കാല്‍നടയായി നൂറുകണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുമ്പോഴാണ് മന്ത്രിയുടെ സീരിയല്‍ കാണാനുള്ള ആഹ്വാനമെന്നത് പലരെയും ചൊടിപ്പിച്ചു. ജനങ്ങള്‍ പട്ടിണി മരണത്തിലേക്ക് നീങ്ങുമ്പോഴാണോ സീരിയല്‍ കാണേണ്ടതെന്നായിരുന്നു ഒരാളുടെ പ്രതികരണം. തൊഴിലില്ലാത്തതിനാല്‍ നാട്ടിലേക്ക് കാല്‍നടയായി കിലോമീറ്ററുകളോളം നടന്നുപോവുന്ന തൊഴിലാളികളുടെയും ഭക്ഷണമില്ലാതെ വിഷമിക്കുന്നവരുടെയും ചിത്രങ്ങളാണ് പലരും മന്ത്രിക്ക് മറുപടിയായി നല്‍കിയത്. മാസ്‌ക്, വെന്റിലേറ്റര്‍, ടെസ്റ്റ് കിറ്റ്, ആശുപത്രി എന്നീ ആവശ്യങ്ങളുമായി എത്തുന്ന പോതുജനങ്ങള്‍ക്ക് മന്ത്രി ടിവിയില്‍ ദൂരദര്‍ശനിലെ കാഴ്ചകള്‍ കാണാന്‍ നിര്‍ദേശിക്കുന്ന കാര്‍ട്ടൂണും ചിലര്‍ കമ്മന്റായി കൊടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it