Sub Lead

മുത്തലാഖ് ചര്‍ച്ചയിലെ അസാന്നിധ്യം; വഹാബ് രാജിവയ്ക്കണമെന്ന് യൂത്ത് ലീഗ് നേതാവ്

മുത്തലാഖ് ബില്ല് ചര്‍ച്ചയ്ക്കിടെ പേര് വിളിച്ച സമയത്ത് അബ്്ദുല്‍ വഹാബ് എംപി സ്ഥലത്തില്ലാതിരുന്നതിനാല്‍ ലീഗിന്റെ ഏക രാജ്യസഭാ എംപിയായ അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല

മുത്തലാഖ് ചര്‍ച്ചയിലെ അസാന്നിധ്യം; വഹാബ് രാജിവയ്ക്കണമെന്ന് യൂത്ത് ലീഗ് നേതാവ്
X

കോഴിക്കോട്: സുപ്രധാനമായ മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഭയില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിം ലീഗ് എംപി പി വി അബ്ദുല്‍ വഹാബിനെതിരേ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍ രംഗത്ത്. എത്രയോ സമയമുണ്ടായിട്ടും സഭയില്‍ എത്താതിരുന്നത് അംഗീകരിക്കാനാവില്ലെന്നും സമയമില്ലെങ്കില്‍ രാജിവച്ച് പോവുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലീഗ് എംപിമാരെ പാര്‍ലിമെന്റില്‍ അയക്കുന്നത്. എത്രയോ സമയമുണ്ടായിട്ടും ചര്‍ച്ചയ്‌ക്കെത്തിയില്ല. അതുവഴി സംഘടനയുടെ നിലപാട് പറയാത്തതിന് അദ്ദേഹം തന്നെയാണ് പൂര്‍ണ ഉത്തരവാദി. ഇതുകാരണം പാര്‍ട്ടി വലിയ പ്രയാസത്തിലാണെന്നും മുഈനലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. നിര്‍ണായകസമയത്ത് ലീഗ് എംപിമാര്‍ പാര്‍ലമെന്റില്‍ ഹാജരാവാതിരിക്കുന്നത് തുടര്‍സംഭവമാകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുത്തലാഖ് ബില്ല് ചര്‍ച്ചയ്ക്കിടെ പേര് വിളിച്ച സമയത്ത് അബ്്ദുല്‍ വഹാബ് എംപി സ്ഥലത്തില്ലാതിരുന്നതിനാല്‍ ലീഗിന്റെ ഏക രാജ്യസഭാ എംപിയായ അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് 12 മുതല്‍ നാലുമണിക്കൂര്‍ നേരമാണ് ചര്‍ച്ചയ്ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ അഞ്ചുമണി കഴിഞ്ഞും ചര്‍ച്ച തുടര്‍ന്നെങ്കിലും വഹാബ് എത്തിയില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമത്താണ് എത്തിയത്. തുടര്‍ന്ന് സംസാരിക്കാന്‍ അവസരം ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതുകാരണം ചര്‍ച്ചയിലൊന്നും സംസാരിക്കാതെ വോട്ടിങിനിടെ എതിര്‍ത്തു വോട്ട് ചെയ്യാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. സംഭവം ലീഗിനെ കടുത്ത പ്രതിരോധത്തിലാക്കിയതോടെയാണ് യൂത്ത് ലീഗ് നേതാവും പരസ്യവിമര്‍ശനവുമായെത്തിയത്. ലീഗ് അണികള്‍ക്കിടയിലും വഹാബിനെതിരേ ശക്തമായ വികാരം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ, എന്‍ഐഎയ്ക്ക് അമിതാധികാരം നല്‍കുന്ന ബില്ലിനെതിരേ വോട്ട് ചെയ്യാതെ ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോയ ലീഗ് എംപിമാരുടെ നടപടി ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അമിത്ഷായുടെ വിരട്ടലിനു മുന്നില്‍ പതറിയാണ് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഇറങ്ങിപ്പോക്ക് നടത്തി പ്രതിഷേധിച്ചതെന്നായിരുന്നു വിമര്‍ശനം. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസ്സായത്. ഇത് വന്‍ രാഷ്ട്രീയനേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്.

നേരത്തേ, വ്യവസായ പ്രമുഖനായ അബ്ദുല്‍ വഹാബിനു രണ്ടാം തവണയും സീറ്റ് നല്‍കാനുള്ള നീക്കം സജീവമായപ്പോള്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.





Next Story

RELATED STORIES

Share it