Sub Lead

തൃണമൂല്‍ സ്ഥാനാര്‍ഥിയെ ബൂത്തില്‍നിന്ന് അടിച്ചോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് മമതാ ബാനര്‍ജി

തൃണമൂല്‍ എംഎല്‍എയും അരാംബാഗില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ സുജാത മൊണ്ടാല്‍ ഖാനെതിരേയാണ് ആക്രമണമുണ്ടായത്. ഒരു വയലിന് നടുവില്‍വച്ച് സുജാത മൊണ്ടാലിനെ ഒരുസംഘമാളുകള്‍ ലാത്തിയും വടിയുമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തൃണമൂല്‍ സ്ഥാനാര്‍ഥിയെ ബൂത്തില്‍നിന്ന് അടിച്ചോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് മമതാ ബാനര്‍ജി
X

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പോളിങ് ബൂത്തില്‍നിന്ന് ഇറക്കിവിടുകയും അടിച്ചോടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. തൃണമൂല്‍ എംഎല്‍എയും അരാംബാഗില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ സുജാത മൊണ്ടാല്‍ ഖാനെതിരേയാണ് ആക്രമണമുണ്ടായത്. ഒരു വയലിന് നടുവില്‍വച്ച് സുജാത മൊണ്ടാലിനെ ഒരുസംഘമാളുകള്‍ ലാത്തിയും വടിയുമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാസ്‌ക് ധരിച്ച ഒരുസംഘം പുരുഷന്‍മാര്‍ തന്നെ ഇഷ്ടികയും കല്ലും കൊണ്ട് ആക്രമിച്ചതായി മൊണ്ടാല്‍ ആരോപിച്ചു.

സ്ഥാനാര്‍ഥിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. ബൂത്തില്‍നിന്ന് സുജാതയെ ഇറക്കിവിട്ട ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് തലയ്ക്കടിച്ചതായി മമത കുറ്റപ്പെടുത്തി. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു. മണ്ഡലത്തിലെ അരണ്ടി പ്രദേശത്തെ 263ാം നമ്പര്‍ പോളിങ് ബൂത്ത് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അക്രമമുണ്ടായത്. ഇതുസംബന്ധിച്ച് മൊണ്ടാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

'ബിജെപിയുടെ ഗുണ്ടകള്‍' ആണ് ആക്രമണം നടത്തിയതെന്ന് തൃണമൂല്‍ എംപി ഡെറക് ഓബ്രിയാന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മൊണ്ടാലിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നിശബ്ദകാണികളായിരുന്നു. ബിജെപിയുടെ ഗുണ്ടകളെ പിടികൂടാനും അഴിമതികളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഞങ്ങളുടെ അംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും വോട്ടെടുപ്പ് സ്വതന്ത്രമായും നീതിയുക്തമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടികളുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിജെപി ബംഗാള്‍ സോഷ്യല്‍ മീഡിയയും ഐടി സെല്‍ അംഗവുമായ അക്ഷയ് സിങ്ങും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് തൃണമൂലിനെതിരായ ജനരോഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വോട്ടെടുപ്പിനിടെ ബിജെപി കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും തൃണമൂല്‍ അനുയായികളെ ഭീഷണിപ്പെടുത്തുകയുമാണെന്ന് മമത ആരോപിക്കുന്നു. ഞങ്ങളുടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥി സുജാതയ്ക്ക് ബൂത്ത് സന്ദര്‍ശിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖാനകുളില്‍ മറ്റൊരു സ്ഥാനാര്‍ഥിയെയും അവര്‍ തല്ലി.

കാനിങ് ഈസ്റ്റില്‍, ഞങ്ങളുടെ നോമിനി ഷൗക്കത്ത് മൊല്ലയെ ഒരു ബൂത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് സുരക്ഷാസേന തടഞ്ഞു. അത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കും സംസ്ഥാനത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടക്കുകയാണെന്നും അലിപൂര്‍ദുര്‍ ജില്ലയില്‍ നടന്ന ഒരു റാലിയില്‍ മമതാ ബാനര്‍ജി പറഞ്ഞു. ആക്രമണം സംബന്ധിച്ച 100 പരാതികളെങ്കിലും രാവിലെ മുതല്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഇത് കൃത്യമായി അറിയിച്ചിട്ടുണ്ട്. എങ്കിലും യാതൊരു പ്രയോജനവുമുണ്ടാവില്ല.

അക്രമം നടക്കുമ്പോള്‍ മൗനം പാലിച്ച കേന്ദ്രസേനാംഗങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഞങ്ങള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും. അവര്‍ ബേട്ടി ബച്ചാവോയെക്കുറിച്ച് സംസാരിക്കുകയും എസ്‌സി സ്ഥാനാര്‍ഥി കൂടിയായ സുജാത മൊണ്ടാലിനെ മര്‍ദ്ദിക്കുകയും ചെയ്യും. ഒരു വനിതാ സ്ഥാനാര്‍ഥിയോട് ഇത് ചെയ്യാന്‍ അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നിങ്ങളുടെ പെണ്‍മക്കളോട് അവര്‍ എന്തുചെയ്യുമെന്ന് സങ്കല്‍പ്പിച്ചുനോക്കുകയെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേസമയം, തൃണമൂലിന്റെ ആരോപണം ബിജെപി നിഷേധിച്ചു.

Next Story

RELATED STORIES

Share it