Sub Lead

ഒടുവില്‍ അവളത് നേടി; അമ്പലക്കൊല്ലി കോളനിയില്‍ ഉല്‍സവം

ഗ്രാമത്തിന്റെ അരുമയായ ശ്രീധന്യ വയനാട്ടിലെ ആദ്യ ഐഎഎസുകാരി മാത്രമല്ല, കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ഈ നേട്ടം കൊയ്യുന്ന ആദ്യ പെണ്‍കുട്ടി കൂടിയാണ്.

ഒടുവില്‍ അവളത് നേടി; അമ്പലക്കൊല്ലി കോളനിയില്‍ ഉല്‍സവം
X

കല്‍പ്പറ്റ: വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്പലക്കൊല്ലി ഗ്രാമത്തിലിന്ന് ഉല്‍സവമാണ്. ഗ്രാമത്തിന്റെ അരുമയായ ശ്രീധന്യ വയനാട്ടിലെ ആദ്യ ഐഎഎസുകാരി മാത്രമല്ല, കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ഈ നേട്ടം കൊയ്യുന്ന ആദ്യ പെണ്‍കുട്ടി കൂടിയാണ്. തൊഴിലുറപ്പ് തൊഴിലാളികളായ അച്ഛനമ്മമാരുടെ മകളായ ശ്രീധന്യ സുരേഷ് ഇന്ന് മലയാളികളുടെ ആകെ അഭിമാനമാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ കുറിച്യ സമുദായംഗമായ ഇവര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് എത്തിയതും ഒരു ചരിത്ര മുഹൂര്‍ത്തമാണ്.

ശ്രീധന്യ ഒരു സാധാരണ കുട്ടിയായിരുന്നെങ്കിലും പഠനത്തില്‍ നിശ്ചയദാര്‍ഢ്യം ആവോളമുണ്ടായിരുന്നുവെന്ന് പിതാവ് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു. ചെറിയ ക്ലാസ് മുതലേ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ്. മകളുടെ ആഗ്രഹം വലുതാണെന്ന് പിതാവിനൊപ്പം അമ്മ കമലയ്ക്കും നല്ല ബോധ്യമുണ്ടായിരുന്നു.

'ഞാന്‍ പിഎച്ച്ഡി എടുക്കണമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഐഎഎസാണ് തന്റെ ലക്ഷ്യമെന്ന് അവള്‍ ഉറപ്പോടെ പറഞ്ഞു. പിന്നെ ആ ലക്ഷ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത് തന്നെ'' അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം പഠന ചെലവിലേക്ക് അമ്മ കമലയുടെ കുടുംബവും നാട്ടുകാരുമടക്കം സഹായിച്ചിരുന്നതായി സുരേഷ് പറഞ്ഞു. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാവുംമന്ദം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം.

കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. 2016ല്‍ ഐഎഎസ് പ്രാഥമിക പരീക്ഷ എഴുതിയെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല.

2017ലെ ശ്രമമാണ് ശ്രീധന്യയെ അഖിലേന്ത്യ തലത്തില്‍ 410ാം റാങ്ക് നേടിക്കൊടുത്തത്. നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു ഈ ഇരുപത്തിയാറുകാരിയെ ഉന്നതയിലെത്തിച്ചതെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു. ശ്രീധന്യയുടെ ഏക സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നികില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്.

Next Story

RELATED STORIES

Share it