Big stories

വിചാരണക്കോടതി ജഡ്ജിക്ക് പ്രതിയുമായി ബന്ധം; ഗുരുതര ആരോപണവുമായി അതിജീവിത സുപ്രിംകോടതിയില്‍

വിചാരണക്കോടതി ജഡ്ജിക്ക് പ്രതിയുമായി ബന്ധം; ഗുരുതര ആരോപണവുമായി അതിജീവിത സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി വീണ്ടും അതിജീവിത രംഗത്ത്. ഇതിനായി സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണക്കോടതി ജഡ്ജിക്കെതിരേ ഗുരുതരമായ ആരോപണവും അതിജീവിത ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസിലെ പ്രതിക്ക് വിചാരണക്കോടതി ജഡ്ജിയുമായി അടുത്ത ബന്ധമുണ്ടെന്ന് അതിജീവിത ഹരജിയില്‍ ആരോപിക്കുന്നു. ഈ ബന്ധത്തിന് പോലിസിന്റെ കൈയില്‍ തെളിവുണ്ടെന്ന് പറയുന്ന ഹരജിയില്‍, വിചാരണ കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെ പെരുമാറിയെന്നും ആരോപിക്കുന്നുണ്ട്.

വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. നടി കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നിന്നും മാറ്റിയ നടപടി നിയമപരമല്ലെന്ന വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടത്.

വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികളുടെ തുടര്‍ച്ചയാണെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. ഇതോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയായി. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രിംകോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. ഈ ഘട്ടത്തില്‍ പ്രതികളും പ്രോസിക്യൂഷനും വിചാരണയുമായി സഹകരിക്കണം. വിചാരണക്കോടതി ജഡ്ജിയുടെ ഭര്‍ത്താവും, പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവായി സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പിന് അധികാരികതയില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളെല്ലാം കോടതി തള്ളിയിരുന്നു.

Next Story

RELATED STORIES

Share it