Sub Lead

കാടിനെയറിയാന്‍ കാട്ടിലൂടെ യാത്ര; വേറിട്ട അനുഭവമൊരുക്കി ജംഗിള്‍ സഫാരി

കാടിനെയറിയാന്‍ കാട്ടിലൂടെ യാത്ര; വേറിട്ട അനുഭവമൊരുക്കി ജംഗിള്‍ സഫാരി
X

തൃശൂര്‍: കാടിനെയറിയാന്‍ കാട്ടിലൂടെയൊരു യാത്ര. ഡി ടി പി സിയൊരുക്കിയ ജംഗിള്‍ സഫാരി വേറിട്ട അനുഭവമാകുന്നു. തുമ്പൂര്‍മുഴി മുതല്‍ മലക്കപ്പാറ വരെയാണ് കാട്ടിലൂടെയുള്ള യാത്ര. ചാലക്കുടിയില്‍ നിന്നും ആദ്യം എത്തിച്ചേരുന്നത് തുമ്പൂര്‍മുഴിയിലേക്കാണ്.


തുമ്പൂര്‍ മുഴി ഡാം

ചാലക്കുടി പുഴയില്‍ ചാലക്കുടിക്കും അതിരപ്പിള്ളിയ്ക്കും ഇടയില്‍ തുമ്പൂര്‍മുഴി എന്ന ഗ്രാമത്തില്‍ പണിതിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകര്‍ഷണകേന്ദ്രം. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.

തുമ്പൂര്‍മുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്ക് തുമ്പൂര്‍മുഴിയില്‍ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദര്‍ശിക്കാം.


തുമ്പൂര്‍മുഴി തടയണയോട് ചേര്‍ന്ന് ഒരു പൂന്തോട്ടവും കുട്ടികള്‍ക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാല്‍ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാന്‍ സാധിക്കും.

ഇവിടെ റിട്ടയര്‍ഡ് ആയ ജവാന്മാര്‍ നടത്തുന്ന കാന്റീനും പ്രാദേശിക വിഭവങ്ങള്‍ ലഭിക്കുന്ന സോസൈറ്റിയുമുണ്ട്. ഇവിടുത്തെ വിഭവങ്ങള്‍ അതീവ രുചികരമാണ്. തുമ്പൂര്‍ മുഴിയില്‍ നിന്നും രുചികരമായ പ്രാതല്‍ കഴിച്ചു അതിരപ്പിള്ളിയിലേക്ക്.

അതിരപ്പിള്ളി എത്തുന്നതിന് മുന്‍പ് പത്തയര്‍ മുതല്‍ കണ്ണകുഴി പാലം വരെ 11ഏക്കര്‍ നിരന്നു നില്‍ക്കുന്ന ഈന്തപന തോട്ടം. ഈന്തപനകള്‍ക്കിടയില്‍ കൂടി നിറഞ്ഞൊഴുകുന്ന ചാലക്കുടി പുഴ. തുമ്പൂര്‍ മുഴിയില്‍ നിന്നും 13 കിലോമീറ്റര്‍ കഴിഞ്ഞാല്‍ അതിരപ്പിള്ളിയിലെത്താം.

അതിരപ്പിള്ളി

കാലവര്‍ഷം കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ആര്‍ത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള യാത്രയും എതൊരു സഞ്ചാരിയുടെയും മനം കവരും.


മഴക്കാല യാത്രകളില്‍ കാടും കാട്ടാറും നല്‍കുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ്. നിറഞ്ഞു കവിഞ്ഞ ചാലക്കുടിപ്പുഴ രൗദ്രഭാവത്തില്‍ കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്ക് പതിക്കുമ്പോള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ പൂര്‍ണ സൗന്ദര്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിര്‍പ്പിക്കാന്‍ പറ്റിയയിടം, കുളിരുന്ന കാഴ്ചയും ഓര്‍മയുമാണ് അതിരപ്പിള്ളി. എത്ര കണ്ടാലും കണ്ണുകള്‍ക്ക് മതിവരാത്ത ചാലക്കുടി പുഴയിലെ വെള്ളച്ചാട്ടം ഒരുപാട് സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്. ഇതിന്റെ ഗരിമ ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡിലും എത്തിയിട്ടുണ്ട്.

നിബിഢ വനവും ജൈവസമ്പത്തിന്റെ കലവറ കൂടിയായ അതിരപ്പിള്ളി സഞ്ചാരികളുടെ സ്വര്‍ഗമെന്നു വിളിക്കാം. പ്രക!ൃതിയുടെ എല്ലാ ചേരുവകളും ചേര്‍ന്ന ഭൂമിയാണിവിടം.

അടുത്തത് ചാര്‍പ്പായിലേക്കാണ്. അവിടെ എത്തുന്നതിനു മുന്‍പ് പുള്ളിമാനുകള്‍ തുള്ളികളിക്കുന്ന കണ്ണംകുഴി കാണാം. 150ഓളം മലയാര്‍ വിഭാഗത്തില്‍പെട്ട ആദിവാസി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.

ചാര്‍പ്പ

അതിരപ്പിളിയില്‍ നിന്നും 2.50 കിലോമീറ്റര്‍ മാത്രം അകലെയാണ് ചാര്‍പ്പ. വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകള്‍ നിറഞ്ഞ ഭൂപ്രകൃതിയും കാടും ഏറെ ആകര്‍ഷകമാണ്.

വാഴച്ചാല്‍

ചാലക്കുടി പുഴയുടെ

ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ് വാഴച്ചാല്‍. കാടിന്റെ മനോഹാരിതയും വെള്ളച്ചാട്ടത്തിന്റെ വന്യതയും ചെറു ചാലുകളും പുഴകളും തീര്‍ത്ത മനോഹര തീരമാണിത്.

പെരിങ്ങല്‍കുത്ത് അണക്കെട്ട്

വാഴച്ചാലില്‍ നിന്നും 15 കിലോമീറ്റര്‍ കഴിഞ്ഞാല്‍ പെരിങ്ങല്‍ കുത്ത് അണക്കെട്ട്. ഇവിടെ ഒരു പോസ്റ്റ് ഓഫീസും 4ആം ക്ലാസ്സ് വരെയുള്ള പ്രൈമാറി ഗവ സ്‌കൂളും ഉണ്ട്. കാടും ഡാമും തണുപ്പുമില്ലാം ചേര്‍ന്നു മനോഹരമായ കാഴ്ചയൊരുക്കുന്നുണ്ട് ഇവിടം.

ആനക്കയം താഴ്വാരത്തിന് താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റര്‍ നീളവും 36.9 മീറ്റര്‍ ഉയരവും ഉണ്ട്. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്.1949 മേയ് 20ന് കൊച്ചി രാജാവ് രാമവര്‍മ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

പെരിങ്ങല്‍ കുത്ത് ഐ ബിയില്‍ നിന്നാണ് ഉച്ചഭക്ഷണം. വാസുവേട്ടന്റെ കൈപ്പുണ്യം വിളിച്ചോതുന്ന ചിക്കനും മീനും സാമ്പാറും തോരനുമെല്ലാം ചേര്‍ന്ന ചെറു സദ്യ.

ആനക്കയം

പെരിങ്ങല്‍കുത്തില്‍ നിന്നും കറന്റ് ഉല്‍പാദിപ്പിച്ച് ബാക്കി വരുന്ന വെള്ളം ഒഴുകി പോകുന്നതാണ് ആനക്കയം. വളരെ ഭംഗിയുള്ള സ്ഥലം. ആനകള്‍ പതിവായി ഇറങ്ങുന്ന സ്ഥലം കൂടിയാണിത്.

ഷോളയാര്‍ ഡാം

ചാലക്കുടി പുഴയുടെ പോഷക നദിയായ ഷോളയാറില്‍ ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അണക്കെട്ടാണ്

ഷോളയാര്‍ അണക്കെട്ട് അഥവാ ലോവര്‍ ഷോളയാര്‍ അണക്കെട്ട് (ഘീംലൃ ടവീഹമ്യമൃ ഉമാ). 66 മീറ്റര്‍ ഉയരവും 430 മീറ്റര്‍ നീളവുമുള്ള പ്രധാന അണക്കെട്ടിനൊപ്പം 28 മീറ്റര്‍ ഉയരവും 259 മീറ്റര്‍ നീളവുമുള്ള ഷോളയാര്‍ ഫ്‌ലാങ്കിംഗ് ഡാമും 18.59 മീറ്റര്‍ ഉയരവും 109 മീറ്റര്‍ നീളവുമുള്ള ഷോളയാര്‍ ഡാമും ഈ പദ്ധതിയുടെ ഭാഗമാണ്. 1965ലാണ് ഈ ഡാമുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവര്‍ ഷോളയാര്‍ ഡാം സ്ഥിതിചെയ്യുന്നത്. എന്നാല്‍, തമിഴ്‌നാട്ടിലെ അപ്പര്‍ ഷോളയാര്‍ ഡാം മലക്കപ്പാറയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള വഴിയില്‍ ഏകദേശം 5 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്നു.

ഷോളയാര്‍ പവര്‍ സ്‌റ്റേഷന്‍ കഴിഞ്ഞതിന് ശേഷം 10 ഓളം ഹെയര്‍ പിന്‍ കഴിഞ്ഞതിന് ശേഷമാണ് മലക്കപാറയില്‍ എത്തി ചേരുന്നത്. പോകുന്ന വഴിയില്‍ ഷോളയാര്‍ ഡാമില്‍ നിന്നും വെള്ളം ഒഴുകി പോകുന്ന പെന്‍സ്‌റ്റോക്ക് പൈപ്പുകള്‍ കാണാം.

മലക്കപ്പാറ

തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര്‍ത്തി സംസാരിക്കുന്ന ആളുകള്‍. നിറയെ തേയില തോട്ടങ്ങള്‍. കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം.

സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 900 മീറ്റര്‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്.

ചെറുതും വലുതുമായ വെള്ളചാട്ടങ്ങള്‍, അപൂര്‍വയിനം സസ്യങ്ങള്‍, ശലഭങ്ങള്‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള്‍, മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില്‍ കാണാം.

കോവിഡിന്റെ അടച്ചു പൂട്ടലില്‍ നിന്നും ഉണര്‍വ് നല്‍കുന്ന അനുഭവമാണ് മലക്കപ്പാറ യാത്രയെന്നതില്‍ ഒരു സംശയവുമില്ല.

1200 രൂപയ്ക്ക് ഭക്ഷണവും സുരക്ഷിതമായ യാത്രയും കാഴ്ച്ചാനുഭവവും ഡി ടി പി സി സമ്മാനിക്കുന്നുണ്ട്.

ശീതികരിച്ച വാഹനമാണ് യാത്രയ്ക്ക് ഒരുക്കിയിരിക്കുന്നത്. യാത്രയില്‍ ഗൈഡിന്റ് സേവനം ലഭ്യമാണ്. എന്‍ട്രന്‍സ് പാസ്സ്, കുടിവെള്ളം, ബാഗ്, കിറ്റുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ചാര്‍ജ്. ഒരാള്‍ക്ക് 1200/രൂപയാണ് ഒരു ദിവസത്തെ ജംഗിള്‍ സഫാരി പാക്കേജിന് ഈടാക്കുന്നത്. രാവിലെ 8 മണിക്ക് ചാലക്കുടി പിഡബ്ലിയു റസ്റ്റ് ഹൗസില്‍

നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 8:30ഓടെ തിരിച്ചെത്തുന്നു. ബുക്കിങ് നമ്പര്‍ 0480 2769888, 9497069888.

ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫും ഡി ടി പി സി സെക്രട്ടറി ഡോ കവിതയുമാണ് ഈ യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. കൂടാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എല്ലാ സഹായ സഹകരണങ്ങളും ചെയ്തുവരുന്നു.

Next Story

RELATED STORIES

Share it